Advertisement
Kerala News
എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചു; കെ.പി.സി.സി അംഗം കെ.വി. സുബ്രഹ്‌മണ്യനെ പുറത്താക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 11, 06:47 am
Saturday, 11th May 2024, 12:17 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചെന്ന പരാതിയില്‍ കെ.പി.സി.സി അംഗം കെ.വി. സുബ്രഹ്‌മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സിയുടെതാണ് നടപടി.

ലേക്‌സഭാ തെരഞ്ഞെടുപ്പിനിടെ സംഘടനക്കകത്ത് വിഭാ​ഗീയത ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി എം.കെ. രാഘവന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

യു.ഡി.എഫ് ഭരിക്കുന്ന ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് ബാങ്കിന്റെ ഭരണ സമിതിയുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് കെ.വി. സുബ്രഹ്‌മണ്യന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു.

അന്ന് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി കെ.വി. സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു. കെ.പി.സി.സിയുടെ നേതൃയോഗത്തിലും എം.കെ. രാഘവന്‍ പരാതി ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കുന്നതിന് വേണ്ടി കെ.വി. സുബ്രഹ്‌മണ്യന്‍ ശ്രമിച്ചെന്നും അദ്ദേഹം കെ.പി.സി.സിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കെ.വി. സുബ്രഹ്‌മണ്യനെ പുറത്താക്കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.

Content  Highlight: KPCC member K.V. Subramanian expelled From Congress