ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് 4.71 കോടി രൂപ ആസ്തിയുണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തല്‍. 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പടെ 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമുണ്ടെന്നും സ്മൃതി ഇറാനിയുടെ നാമനിര്‍ദേശ പത്രികയില്‍ പറയുന്നു.
ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി 18 ലക്ഷം രൂപയും മറ്റൊരു നിക്ഷേപമായി 1.05 ലക്ഷം രൂപയുമുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുള്ള സ്മൃതി ഇറാനിയുടെ കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമാണ്.
വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ വരുത്തി വെച്ച സ്മൃതി 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994-ല്‍ ദല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ല്‍ ബി.എ പൂര്‍ത്തിയാക്കിയെന്നാണ് സമൃതി പറഞ്ഞിരുന്നത്.
എന്നാല്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നായിരുന്നു കാണിച്ചിരുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ തോറ്റ സ്മൃതി ഇറാനി രാജ്യസഭ വഴിയാണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്.