ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന നീതി ആയോഗിന്റെ എട്ടാമത്തെ ഗവര്‍ണിങ് കൗണ്‍സിലില്‍ ഏഴ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പങ്കെടുക്കില്ലെന്ന് പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് പിന്നാലെ ബഹിഷ്‌കരണവുമായി ഭഗവന്ത് മന്നും ചന്ദ്രശേഖര റാവുവും രംഗത്തെത്തുകയായിരുന്നു.
കേന്ദ്രം സഹകരണ ഫെഡറലിസത്തിന്റെ തത്വം അവഗണിക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ ഇടപെടുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നും ഉന്നയിച്ചാണ് തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് സോഴ്‌സ് ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബിനോടുള്ള കേന്ദ്രത്തിന്റെ വിവേചനപരമായ പെരുമാറ്റമാണ് ഭഗവന്ത് മന്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്ന് ആം ആദ്മി വക്താവ് മല്‍വീന്ദര്‍ സിങ് കാങ് പറഞ്ഞു.
‘കേന്ദ്രം മൊത്തം 4000 കോടി രൂപ ഗ്രാമീണ വികസന ഫണ്ട് തടഞ്ഞുവെക്കുകയും നികുതി നിര്‍ത്തിവെക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
അതേസയം മമതക്ക് പകരം ധനമന്ത്രി ചന്ദരിമ ഭട്ടാചാര്യയെ പങ്കെടുപ്പിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളിയെന്ന ആരോപണവും വരുന്നുണ്ട്.
‘ചീഫ് സെക്രട്ടറിയുടെയും എന്റെയും പേര് കേന്ദ്രത്തിന് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം അനുവദിച്ചില്ല,’ ഭട്ടാചാര്യ പറഞ്ഞതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റാലിന്‍ വിദേശപര്യടനത്തിലായത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും പിണറായി വിജയന്‍ തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. അതേസമയം സിദ്ധരാമയ്യ കര്‍ണാടകയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കാരണമാണ് പങ്കെടുക്കാത്തത്.
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാള്‍ മോദിക്ക് കത്തെഴുതിയത്. ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യമെന്ന് കെജ്രിവാള്‍ ചോദിച്ചു. ദല്‍ഹി ഉദ്യോഗസ്ഥ നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പ് അറിയിച്ചാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
‘പ്രധാനമന്ത്രി സുപ്രീം കോടതിയെ അനുസരിക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ നീതിക്കായി എങ്ങോട്ട് പോകുമെന്ന് ആളുകള്‍ ചോദിക്കുന്നു. ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യം?’ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ പറയുന്നു.
ഇന്ന് ചേരുന്ന നീതി ആയോഗ് യോഗത്തില്‍ ആരോഗ്യം, സ്ത്രീ ശാക്തീകരണം, 2047ഓട് കൂടി ഇന്ത്യയുടെ വികസനം ലക്ഷ്യം വെച്ചുള്ള അടിസ്ഥാന സൗകര്യം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നീതി ആയോഗിന്റെ അപ്പെക്സ് ബോഡി (apex body).
content highlight: