ഒളിമ്പിക്സ് ഉദ്ഘാടന വേദിയിൽ എൽ.ജി.ബി.ടി.ക്യു അം​ഗങ്ങൾ ചേർന്ന് ക്രിസ്‌തുമതത്തെ പരിഹസിച്ചു: ഫ്രാൻസിലെ ബിഷപ്പ്സ് കോൺഫറൻസ്
World News
ഒളിമ്പിക്സ് ഉദ്ഘാടന വേദിയിൽ എൽ.ജി.ബി.ടി.ക്യു അം​ഗങ്ങൾ ചേർന്ന് ക്രിസ്‌തുമതത്തെ പരിഹസിച്ചു: ഫ്രാൻസിലെ ബിഷപ്പ്സ് കോൺഫറൻസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 12:04 pm

പാരീസ്: പാരീസ് ഒളിമ്പിക്സ് വേദിയിൽ എൽ.ജി.ബി.ടി.ക്യൂ അം​ഗങ്ങൾ അവതരിപ്പിച്ച ബൈബിളിലെ ദി ലാസ്റ്റ് സപ്പർ അടിസ്ഥാനമാക്കിയുള്ള സ്കിറ്റിനെതിരെ ഫ്രാൻസിലെ ബിഷപ്പ്സ് കോൺഫറൻസ്. സംഭവം അപലപിക്കുന്നതായി ബിഷപ്പ്സ് കോൺഫറൻസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി സെൻട്രൽ പാരീസിൽ നടന്ന ചടങ്ങിൽ, ലിയോനാർഡോ ഡാവിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പറിൽ’ യേശുക്രിസ്തുവും അദ്ദേഹത്തിൻ്റെ അപ്പോസ്തലന്മാരുമായി വേഷമിട്ടത് എൽ.ജി.ബി.ടി.ക്യൂ അം​ഗങ്ങളായിരുന്നു.

18 പേർ അടങ്ങുന്ന സംഘം ലാസ്റ്റ് സപ്പർ പെയിന്റിങ്ങിന്റെ മാതൃകയിൽ ടേബിളിന് ചുറ്റുമിരിക്കുന്ന രം​ഗങ്ങളാണ് നാടകത്തിൽ ഉള്ളത്. ഇതിൽ പങ്കെടുത്തവരുടെ വേഷമാണ് വിവാദത്തിലേക്ക് നയിച്ചത്.

ന​ഗ്നനായ ഒരാളുടെ മേൽ നീല പെയിന്റടിച്ച് അയാളെയാണ് നാടകത്തിൽ ജീസസ് ക്രൈസ്റ്റായി അവതരിപ്പിച്ചത്. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ചടങ്ങിൽ ക്രിസ്തുമതത്തെ പരിഹസിക്കുന്ന രം​ഗങ്ങൾ ഉൾപ്പെടുത്തിയെന്നാണ് ബിഷപ്പ്സ് കോൺഫറൻസ് പ്രതികരിച്ചത്. അതിൽ തങ്ങൾ ഖേദിക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മതവിഭാഗങ്ങളിലെ അംഗങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. നാടകത്തിലെ പ്രകോപനപരമായ ചില രം​ഗങ്ങൾ കാരണം മുറിവേറ്റ ലോകത്തെ എല്ലാ ക്രിസ്ത്യാനികളെയും ഓർക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളും മറ്റ് നിരീക്ഷകരും ഇതിനെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളെ അപമാനിച്ചുകൊണ്ടാണ് ഒളിമ്പിക്‌സ് ആരംഭിച്ചത് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി പറഞ്ഞു. സ്‌പേസ് എക്‌സ്, ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കും സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി.

എന്നാൽ സംഭവത്തെ ന്യായീകരിച്ച് കൊണ്ട് ഒളിമ്പിക് സംഘാടകർ രം​ഗത്തെത്തി. ചടങ്ങിലൂടെ തങ്ങളുടെ മൂല്യങ്ങളും തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന സന്ദേശമാണ് നൽകിയതെന്ന് വിവാദങ്ങൾക്ക് മറുപടിയായി ഒളിമ്പിക് സംഘാടകർ പറഞ്ഞു. കഴിയുന്നത്ര ശക്തമായ സന്ദേശം സമൂഹത്തിന് നൽകാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ വൈവിധ്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിച്ചതെന്നും അതിനാൽ എല്ലാ വിഭാ​ഗത്തെയും ഉൾപ്പെടുത്തണമെന്ന് ആ​ഗ്രഹിച്ചുവെന്നും സംഘാടകർ പറഞ്ഞു.

Content Highlight: French bishops condemn Olympic ‘mockery of Christianity’