ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപന ഉടമകള്‍ക്ക് മടി, ഞങ്ങളുടെ നയം അതല്ല; ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍
India
ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപന ഉടമകള്‍ക്ക് മടി, ഞങ്ങളുടെ നയം അതല്ല; ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 11:04 am

ന്യൂദൽഹി: ഇന്ത്യയിലെ സ്ഥാപനങ്ങളിൽ വിവാഹിതരായ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ ഉടമകൾക്ക് മടിയെന്ന വിമർശനവുമായി ഓല സ്ഥാപകൻ ഭവിഷ് അഗർവാൾ. ഇന്ത്യയിലെ ഫോക്സ്കോണിന്റെ നിയമന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഭവിഷ് അഗർവാൾ.

തന്റെ സ്ഥാപനത്തിൽ സ്ത്രീകളെ നിയമിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓലക്ക് വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നതിൽ യാതൊരു വിധ പ്രശ്നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘എന്റെ കമ്പനിയിൽ അത്തരത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നതിനെതിരെ ഓലയിൽ ഒരു പ്രത്യേക പോളിസികളും ഇല്ല, അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ വൈദഗ്ദ്ധ്യം കൂടുതൽ ഉള്ളവരാണെന്നും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read:  ഹത്രാസ് അപകടത്തില്‍ മരണം 130 ആയി; മതചടങ്ങ് നടത്തിയ ഭോലെ ബാബ ഒളിവില്‍

‘ഞങ്ങളുടെ സ്ഥാപനങ്ങളിൽ വനിതാ തൊഴിലാളികളെ നിയമിക്കുന്നത് ഞങ്ങൾ തുടരും. വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കരുതെന്ന ഫോക്സ്കോണിന്റെത് പോലെയുള്ള നയങ്ങൾ ഞങ്ങൾക്കില്ല.

ഇന്ത്യയിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണം കുറവാണ്. ഇത് പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കും. കൂടുതൽ വനിതാ ജീവനക്കാരെ നിയമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഓല ഫ്യൂച്ചർ ഫാക്ടറിയെക്കുറിച്ച് അദ്ദേഹം ഓല ഇലക്ട്രിക്ക് ബ്ലോഗിൽ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

‘ഓല ഫ്യൂച്ചർ ഫാക്ടറി പൂർണമായും സ്ത്രീകൾ തന്നെയാണ് നടത്തുന്നതെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ആഴ്ച ആദ്യ ബാച്ചിനെ ഞങ്ങൾ സ്വാഗതം ചെയ്തു. ഫ്യൂച്ചർ ഫാക്ടറി 10000ത്തിൽ അധികം സ്ത്രീകൾക്ക് തൊഴിൽ നൽകും. ഇത് സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായും, ആഗോളതലത്തിൽ സ്ത്രീകൾ മാത്രമുള്ള ഏക വാഹനനിർമാണ കമ്പനിയുമായി ഞങ്ങൾ ഉയർത്തും. അതിൽ ഞങ്ങളോരോരുത്തരും അഭിമാനിക്കുന്നു,’ അദ്ദേഹം ബ്ലോഗിൽ എഴുതി.

ഇന്ത്യയിൽ ഐഫോൺ നിർമാണത്തിനായി വിവാഹിതരായ സ്ത്രീകളെ നിയമിക്കാൻ ഫോക്സ്കോൺ വിസമ്മതിക്കുന്നുവെന്ന വാർത്ത അടുത്തിടെയാണ് വന്നത്. സ്ത്രീകൾ വിവാഹാനന്തരം നിരവധി പ്രശ്നങ്ങൾ നേരിടുമെന്നും അത് മൂലമാണ് വിവാഹാഹിതരായ സ്ത്രീകളെ നിയമിക്കാത്തത് എന്നുമായിരുന്നു ഇതിനെതിരെയുള്ള ഫോക്സ്കോണിന്റെ വാദം.

അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് വിവാഹിതരായ സ്ത്രീകളുടെ ഹാജർ നില കുറവാണെന്നും ഇതിന് കാരണം വർധിച്ച് വരുന്ന കുടുംബ ഉത്തരവാദിത്തങ്ങളും ഗർഭധാരണമാണെന്നും റോയിട്ടേഴ്‌സ് ഇതേ സംബന്ധിച്ച് നടത്തിയ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 

Content Highlight: Ola’s founder and managing director, Bhavish Aggarwal addressed reports against Foxconn’s hiring practices.