തൃപ്രയാര്‍: ചേലാകര്‍മ്മത്തിന് വിധേയനായ 29 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃപ്രയാര്‍ തളിക്കുളം അയിനിച്ചോട് പുഴങ്കരയില്ലത്തെ യൂസഫിന്റെയും നസീലയുടെയും കുഞ്ഞാണ് മരിച്ചത്. അമിതമായി ചോര വാര്‍ന്നതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
നാട്ടിക പന്ത്രണ്ടാം കല്ലിലുള്ള സ്വകാര്യ ഡോക്ടറായ കെ.കെ അബ്ദുറഹ്മാനാണ് കുഞ്ഞ് ജനിച്ചിട്ട് 28 ദിവസമായ മേയ് ഇരുപത്തിയാറാം തിയ്യതിയാണ് ചേലാകര്‍മ്മം നടത്തിയത്. പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്.
ഡോക്ടറുടെ വീടിനോട് ചേര്‍ന്ന് പരിശോധനാമുറിയിലായിരുന്നു ചേലാകര്‍മ്മം. തുടര്‍ന്ന് കുട്ടിക്ക് പാല് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ചേലാകര്‍മ്മം നടത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നിന്ന് രക്തം കണ്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടര്‍ മുറിവ് ഡ്രസ് ചെയ്ത് വീട്ടിലേക്ക് മടക്കി അയച്ചു.
വീട്ടിലെത്തിയിട്ടും രക്തം നിലച്ചില്ല. ഡോക്ടറെ വിളിച്ചപ്പോള്‍ കുഞ്ഞിന്റെ കാലോ മറ്റോ തട്ടിയതാകുമെന്നും കൂടുതല്‍ രക്തം വരുന്നുണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞു എന്നാല്‍ വീണ്ടും ഡോക്ടറെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
“വൈകീട്ട് എഴരയോടെയാണ് ചോര കണ്ട് ഡോക്ടറെ വിളച്ചത് പക്ഷേ അയാള്‍ അത് കാര്യമായിട്ടെടുത്തില്ല. കുഞ്ഞിന്റെ കൈയ്യോ കാലോ തട്ടിയെങ്ങാനുമായിരിക്കും ചോര വന്നതെന്നായിരുന്നു അയാള്‍ പറഞ്ഞത്, വീണ്ടും ചോര വരികായാണെങ്കില്‍ അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു പക്ഷേ വിളിച്ചിട്ട് ഒരിക്കല്‍ പോലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല”” എന്നാണ് സംഭവത്തെ കുറിച്ച് കുട്ടിയുടെ ബന്ധു ഡൂള്‍ന്യുസിനോട് പറഞ്ഞത്.
പിറ്റേന്ന് രാവിലെ ഏഴിന് ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും 8.30നാണ് ഡോക്ടറെത്തി പരിശോധനാമുറി തുറന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് എങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജായ ജൂബിലി ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ അവിടെയും കുഞ്ഞുങ്ങളുടെ ഡോക്ടറും സര്‍ജനും അവധിയിലായിരുന്നു.
തുടര്‍ന്ന് കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഹൃദയമിടിപ്പ് ഏഴുശതമാനമേ ഉണ്ടായിരുന്നുളളുവെന്നും ശരീരത്തിലെ 93 ശതമാനം രക്തവും വാര്‍ന്ന് പോയിരുന്നു. മെഡിക്കല്‍ കോളെജിലെ വിദഗ്ധ ചികിത്സക്കിടെ വൈകീട്ട് അഞ്ചരയോടെയാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് വരുമ്പോള്‍ തന്നെ അമിതമായി ചോര വാര്‍ന്നിരുന്നു. കുട്ടി മരിച്ചതിന്റെ പ്രധാനകാരണം അതാണ് എന്നാണ് കുഞ്ഞിനെ ചികിത്സിച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. രക്തമില്ലാത്തതിനാല്‍ കുഞ്ഞിന്റെ കുടലുകളും തകരാറിലായിരുന്നു എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ ചേലാകര്‍മ്മം നടത്തിയ ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പരാതിയുമായി ഹ്യുമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഹ്യുമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ സംഘടന പരാതി നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്് ഹ്യുമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തോപ്പില്‍ വിനയന്‍ പറഞ്ഞു.സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അന്വേഷണം നടത്തുന്നുണ്ട്. ചേലാകര്‍മ്മം നടത്തിയ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉള്‍പ്പെടുത്തി പരാതി നല്‍കാന്‍ ഇരിക്കുകയാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍
അതേസമയം കേവലം 29 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചേലാകര്‍മ്മം നടത്തിയതിന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. കുഞ്ഞിന് ഈ പ്രായത്തില്‍ തന്നെ ചേലാകര്‍മ്മം നടത്താന്‍ തീരുമാനിച്ച രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമൃത ഡുള്‍ന്യൂസിനോട് പറഞ്ഞു.