ന്യൂദല്‍ഹി: വ്യവസായി നീരവ് മോദിയുടെ 29.75 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണ് കണ്ടുകെട്ടല്‍.
2018ല്‍ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം, മുംബൈയിലെ പ്രത്യേക കോടതി നീരവ് മോദിയുടെ 692.90 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
നിലവില്‍ കണ്ടുകെട്ടിയ 2,596 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കും. ഇന്ത്യയിലെ സ്ഥാവര വസ്തുക്കള്‍, ബാങ്ക് ബാലന്‍സ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഇ.ഡി ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.
പി.എന്‍.ബി തട്ടിപ്പ് കേസ് സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് നീരവ് മോദിയുടെ സ്വത്തുവകകള്‍ നേരത്തെ കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമായിരുന്നു സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് 1,052.42 കോടി രൂപയുടെ ആസ്തികള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനും കേസിലെ മറ്റു കക്ഷികള്‍ക്കും ഇ.ഡി കൈമാറുകയും ചെയ്തു.
അതേസമയം നീരവ് മോദി നിലവില്‍ ലണ്ടനില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ഇരുരാജ്യങ്ങളും ശ്രമം നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് തവണ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് നീരവ് മോദി യു.കെയുടെ തടങ്കലില്‍ തുടരുന്നത്.
6,498 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ ഭാഗമായതോടെ നീരവ് മോദി ഒളിവില്‍ പോകുകകയായിരുന്നു. ഇതിനുപിന്നാലെയാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്.
ഈടില്ലാതെ വിദേശ വായ്പകള്‍ സുരക്ഷിതമാക്കാന്‍ കഴിയുന്ന വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു) സമ്പാദിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്.
നീരവ് മോദി, പങ്കാളി ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്സി എന്നിവര്‍ പി.എന്‍.ബിയെ പറ്റിച്ച് 280 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് നടത്തിയ പരിശോധനയിലാണ് 2011 മുതലുള്ള ക്രമക്കേടുകള്‍ പുറത്തുവരുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിക്കും കൂട്ടര്‍ക്കും ബന്ധമുള്ള 2,596 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
Content Highlight: 29.75 crore assets of Nirav Modi were confiscated