ന്യൂദൽഹി: മ്യാൻമറിൽ വ്യാജ ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ 283 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട തായ്‌ലൻഡിലെ മേ സോട്ടിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ പൗരന്മാരെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) അറിയിച്ചു.
‘വഞ്ചനാപരമായ ജോലി വാഗ്ദാനങ്ങൾ നൽകിയാണ് ഈ ആളുകളെ മ്യാൻമർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആകർഷിച്ചത്,’ മന്ത്രാലയം പറഞ്ഞു. തൊഴിൽ എന്ന വ്യാജേന മനുഷ്യക്കടത്ത് വർധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി മ്യാൻമർ ഉൾപ്പെടെയുള്ള വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ എത്തിക്കപ്പെട്ട തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ച് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ വ്യാജ ജോലി വാഗ്ദാനം നൽകി എത്തിക്കുന്ന ഇന്ത്യക്കാരെ മ്യാന്മാർ -തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും പിന്നീട് സൈബർ കുറ്റകൃത്യങ്ങളിലും മറ്റ് വഞ്ചനാപരമായ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇത്തരം റാക്കറ്റുകളെക്കുറിച്ച് നേരത്തെ തന്നെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നല്കിയിരുന്നെന്നും ജനങ്ങൾ കൂടുതൽ കരുതിയിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
‘ഒരു ജോലി ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് വിദേശ തൊഴിലുടമകളുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനും റിക്രൂട്ടിങ് ഏജന്റുമാരുടെയും കമ്പനികളുടെയും വിവരങ്ങൾ പരിശോധിക്കാനും ഇന്ത്യൻ പൗരന്മാരോട് ഞങ്ങൾ വീണ്ടും നിർദേശിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരിയിൽ, തായ് അധികൃതർ ഇത്തരം സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷങ്ങൾക്ക് പിന്നാലെ അത്തരം കേന്ദ്രങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു.
Content Highlight: 283 Indians trapped in illegal jobs in Myanmar rescued, brought back