മാര്‍ച്ച് 17, ഏതൊരു ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ചും ഈ ദിവസം അത്രമേല്‍ പ്രിയപ്പെട്ടതായിരിക്കും. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് അര്‍ജുന രണതുംഗയെന്ന അതികായന്‍ മരതക ദ്വീപിന് സമ്മാനിച്ചത് ഇത്തരത്തിലൊരു മാര്‍ച്ച് 17നായിരുന്നു.
1996ല്‍ ഇതേ ദിവസം പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചുകൊണ്ടാണ് ലങ്കന്‍ സിംഹങ്ങള്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്. ലങ്കക്ക് അതൊരു ലോകകപ്പ് വിജയം എന്നതിലുപരി പ്രതികാരം കൂടിയായിരുന്നു.
On this very day in 1996, Sri Lanka etched its name in cricketing history by clinching the ICC Cricket World Cup! 🌏🏆
ആ പ്രതികാരത്തിന് വ്യക്തമായ കാരണവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായി ലങ്കയിലെത്തി കളിച്ചിട്ടും, മറ്റ് ടീമുകള്‍ ലങ്കന്‍ ഗ്രൗണ്ടുകളില്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിച്ചിട്ടും ശ്രീലങ്കയിലെത്തി ലോകകപ്പ് കളിക്കില്ല എന്ന് ശഠിച്ച മൈറ്റി ഓസീസിനെ കലാശപ്പോരാട്ടത്തില്‍ തോല്‍പിച്ചതിന്റെ വല്ലാത്തൊരു പ്രതികാര കഥയാണ് ലങ്കക്കും അര്‍ജുന രണതുംഗയെന്ന അതികായനും പറയാനുള്ളത്.
വര്‍ഷം 1996. ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും സംയുക്തമായി ഒരു ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുകയാണ്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഒന്നടങ്കം ഞെട്ടിച്ച് അതേ വര്‍ഷം തന്നെ ശ്രീലങ്കന്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മില്‍ ആഭ്യന്തര കലഹമുണ്ടാകുന്നു. കലഹമെന്നതിലുപരി അതൊരു ആഭ്യന്തര യുദ്ധത്തിലേക്ക് തന്നെ വഴിമാറുകയായിരുന്നു.
ലോകകപ്പിന് വെറും 15 ദിവസം മാത്രം ശേഷിക്കെ തമിഴ് പുലികള്‍ കൊളംബോയില്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും 1,400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതോടെ ശ്രീലങ്കയുടെ ലോകകപ്പ് ആതിഥേയത്വവും അവിടെ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങളുമെല്ലാം അനിശ്ചിതത്വത്തിലായി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും അടക്കമുള്ള ടീമുകള്‍ ശ്രീലങ്കയിലെത്തി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.
ലോകകപ്പിന് എല്ലാ തരത്തിലുള്ള സുരക്ഷയും തങ്ങള്‍ ഒരുക്കി നല്‍കാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഓസീസും വിന്‍ഡീസുമടക്കമുള്ള ടീമുകള്‍ ശ്രീലങ്കയിലേക്കില്ല എന്ന തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.
ഇവര്‍ ശ്രീലങ്കയിലെത്തി ലീഗ് മത്സരങ്ങള്‍ കളിക്കണമെങ്കില്‍ ഇവിടെ കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് മുമ്പാകെ തെളിയിക്കുക മാത്രമായിരുന്നു ഏക പോംവഴി. എന്നാല്‍ അത് എങ്ങനെ സാധിക്കും എന്നതായി അടുത്ത ചോദ്യം.
ആ സമയത്ത് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട്, ഒരേസമയം ശ്രീലങ്കയേയും ക്രിക്കറ്റിനേയും രക്ഷിക്കാനുള്ള ചുമതല ലോകകപ്പിന്റെ സഹ ആതിഥേയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു.
ലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായി കളിക്കളത്തിലിറങ്ങാന്‍ തീരുമാനിച്ചു. 1989ന് ശേഷം ഒരു ബൈലാറ്ററല്‍ പരമ്പര പോലും കളിക്കാന്‍ കൂട്ടാക്കാത്ത ഇരുവരും ക്രിക്കറ്റ് സ്പിരിറ്റിനും ലങ്കയ്ക്കും വേണ്ടി ഒന്നിച്ച് കളത്തിലിറങ്ങുകയായിരുന്നു.
തമിഴ് പുലികള്‍ ആക്രമണം നടത്തിയ അതേ കൊളംബോയില്‍ ശ്രീലങ്കന്‍ നാഷണല്‍ ടീമിനെതിരെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച കമ്പൈന്‍ഡ് ഇലവന്‍ കളത്തിലിറങ്ങി.
അര്‍ജുന രണതുംഗയുടെ സിംഹളവീര്യത്തിനെതിരെ സച്ചിനും അസറുദ്ദീനും അനില്‍ കുംബ്ലെയും വസീം അക്രമും സയ്യിദ് അന്‍വറും എല്ലാം ഒരു ടീമില്‍! ഇതില്‍ക്കൂടുതല്‍ ആരാധകര്‍ക്ക് മറ്റെന്ത് വേണമായിരുന്നു. വില്‍സ് സോളിഡാരിറ്റി കപ്പ് എന്നായിരുന്നു ആ മത്സരത്തിന് പേര് നല്‍കിയത്.
മുഹമ്മദ് അസറുദ്ദീനെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്യാപ്റ്റനായി നിശ്ചയിച്ച് ടീം തയ്യാറാക്കി. അങ്ങനെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് ശ്രീലങ്കയ്ക്കെതിരെ കളത്തിലിറങ്ങി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40 ഓവറില്‍ 9 വിക്കറ്റിന് 168 എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. 169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യ-പാക് ടീമിന് വേണ്ടി സച്ചിനും സയ്യിദ് അന്‍വറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ വില്‍സ് ഇലവന്റെ നില പരുങ്ങലിലായി.
എന്നാല്‍ അജയ് ജഡേജയുടെയും റാഷീദ് ലത്തീഫിന്റെയും ചെറുത്തുനില്‍പ് വില്‍സ് ഇലവനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ആ ചെറുത്ത് നില്‍പ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
8 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 ലങ്കന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ അനില്‍ കുംബ്ലെയായിരുന്നു കളിയിലെ താരം.
മത്സരശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ഇന്ത്യയ്ക്കും പാകിസ്ഥാനും നന്ദിയറിയിച്ച് സംസാരിച്ചു. ‘ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ലോകത്തിന് കാണിച്ചുകൊടുത്തു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,’ എന്നായിരുന്നു രണതുംഗ പറഞ്ഞത്.
ഈ മത്സരത്തിന് പിന്നാലെ ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് മനസിലാക്കിയ സിംബാബ്‌വേയും കെനിയയും ഇവിടെയെത്തി തങ്ങളുടെ ലീഗ് ഘട്ട മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഇത്രയൊക്കെ നടന്നിട്ടും വിന്‍ഡീസും ഓസീസും തങ്ങളുടെ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു.
ഇവര്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ലീഗ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് പോയിന്റ് ലഭിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്ക ഫൈനലിലും പ്രവേശിച്ചു.
രണ്ടാം സെമിയില്‍ മത്സരിക്കാനുണ്ടായിരുന്നത് ലങ്കയില്‍ വന്ന് കളിക്കില്ല എന്ന് ശാഠ്യം പിടിച്ച അതേ ഓസീസും വിന്‍ഡീസും. മൊഹാലിയില്‍ വെച്ച് നടന്ന രണ്ടാം സെമിയില്‍ കരീബിയന്‍ പടയെ കെട്ടുകെട്ടിച്ച് കങ്കാരുക്കള്‍ ഫൈനലിലേക്ക് കുതിച്ചു.
എന്നാല്‍ കാലത്തിന്റെ കാവ്യനീതിയായിരുന്നു ഫൈനലില്‍ കണ്ടത്. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജുന രണതുംഗയുടെയും സംഘത്തിന്റെയും പോരാട്ടവീര്യത്തിന് മുമ്പില്‍ അടിയറവ് പറയാനായിരുന്നു ദി മൈറ്റി ഓസീസിന്റെ വിധി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മാര്‍ക് ടെയ്‌ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ടെയ്‌ലറിന് പുറമെ 73 പന്തില്‍ 43 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങും 49 പന്തില്‍ 36 റണ്‍സടിച്ച മൈക്കല്‍ ബെവനുമാണ് ഓസീസ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ലങ്കക്കായി അരവിന്ദ ഡി സില്‍വ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുത്തയ്യ മുരളീധരന്‍, കുമാര്‍ ധര്‍മസേന, ചാമിന്ദ വാസ്, സനത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ സനത് ജയസൂര്യ ഒമ്പത് റണ്‍സിനും റൊമേഷ് കലുവിതരാണ ആറ് റണ്‍സിനും പുറത്തായപ്പോള്‍ ലങ്കന്‍ ആരാധകര്‍ ഭയന്നു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ അരവിന്ദ ഡി സില്‍വ, അസാങ്ക ഗുരുസിന്‍ഹ എന്നീ അതികായരുടെ ചെറുത്ത് നില്‍പിന് മുമ്പില്‍ ഓസീസിന് ഉത്തരമുണ്ടായിരുന്നില്ല. 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 148ല്‍ നില്‍ക്കവെ 99 പന്തില്‍ 65 റണ്‍സ് നേടിയ ഗുരുസിന്‍ഹ പുറത്തായി. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ രണതുംഗയെ കൂട്ടുപിടിച്ച് ഡി സില്‍വ ലങ്കയെ ലോകകപ്പിലേക്ക് കൈപിടിച്ചു നടത്തി.
ഒടുവില്‍ 22 പന്ത് ബാക്കി നില്‍ക്കെ ലങ്കന്‍ ലയണ്‍സ് വിജയലക്ഷ്യം മറികടന്നു. 124 പന്തില്‍ 107 റണ്‍സുമായി ഡി സില്‍വയും 37 പന്തില്‍ 47 റണ്‍സുമായി രണതുംഗയും പുറത്താകാതെ നിന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ കങ്കാരുക്കളുടെ കണ്ണുനീര്‍ വീഴ്ത്തി ലങ്ക തങ്ങളുടെ കന്നികിരീടം ഏറ്റുവാങ്ങി.
ആ ലോകകപ്പിലെ ജേതാക്കള്‍ ലങ്ക മാത്രമായിരുന്നില്ല. അന്ന് വിജയിച്ചത് ക്രിക്കറ്റ് കൂടിയായിരുന്നു. ക്രിക്കറ്റിനെയും ശ്രീലങ്കയെയും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൂടി വിജയമായിരുന്നു അത്.
സിനിമയെ വെല്ലുന്ന ഈ ഐതിഹാസിക നേട്ടത്തിന് ഇന്ന് 28 വയസ് പൂര്‍ത്തിയാവുകയാണ്.
Content Highlight: 28 Years of Sri Lanka’s 1996 world cup victory