ചെന്നൈ: ചെന്നൈയുടെ ആദ്യ വനിത ദളിത് മേയറായി ഡി.എം.കെയുടെ ആര്‍. പ്രിയ(28) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ള കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി പ്രിയ. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് ഇവര്‍.
താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍. തിരുവികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്.
അതേസമയം, തമിഴ്‌നാട്ടില്‍ അടുത്തിടെ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പട്ടികജാതി സ്ത്രീക്ക് സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനി(21) ആണ് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.
Content Highlights: 28-year-old R Priya sworn in as Chennai’s youngest Mayor