ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: കുടിയേറ്റക്കാര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട അസമിലെ തടവുകേന്ദ്രങ്ങളില്‍ ഇതുവരെ മരിച്ചത് 28 പേര്. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എന്നാല്‍ ഇത് ഭയം കൊണ്ടോ എന്തെങ്കിലും സമ്മര്‍ദം കൊണ്ടോ അല്ലെന്നും ഇവര്‍ രോഗബാധിതരായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
മരിച്ച 28 പേരും കുടിയേറ്റക്കാരെന്നു സംശയിക്കപ്പെടുന്നവരാണ്. അസമിലെ ആറു തടവുകേന്ദ്രങ്ങളിലായി 988 പേരുണ്ടെന്നും സഭയില്‍ എഴുതി നല്കിയ മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞു.
തടവുകേന്ദ്രങ്ങളിലെ മരണങ്ങള് തടയാന്‍ എന്തു നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സന്തനു സെന്നിന്റെ ചോദ്യത്തിനു മറുപടി പറയവെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം പറഞ്ഞത്.
തടവുകാര്‍ക്കായി ആവശ്യത്തിനു വൈദ്യ സഹായം അവിടെയുണ്ട്. ഏതു രോഗത്തിനും അവിടെ ഡോക്ടര്‍മാരും ചികിത്സാ സംവിധാനവും അവിടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇവിടെ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യത്വരഹിതമായ സാഹചര്യമാണ് അവര്‍ക്കു ജീവിക്കാനായി കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നും വ്യാപക ആരോപണമുണ്ട്. ഇവിടെ ആവശ്യത്തിനു വൈദ്യസഹായമില്ലെന്നും തടവില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ നിരന്തരം ആരോപിക്കുന്നുണ്ട്.
2008-ലാണ് അസമില്‍ തടവുകേന്ദ്രങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ നാലു ദശാബ്ദങ്ങളായി കുടിയേറ്റമെന്ന പ്രശ്നം അസം അനുഭവിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയാലുടന്‍ തന്നെ തടവുകേന്ദ്രങ്ങളിലേക്കാണ് അയക്കുന്നുണ്ട്.
മനുഷ്യാവകാശ കൂട്ടായ്മയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ (സി.ജെ.പി) കണക്കുകള്‍ പ്രകാരം നൂറോളം പേരാണ് പല കാരണങ്ങളായി ഇവിടെ മരിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2011 മുതലുള്ള കണക്കാണിത്. കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നത് 2016-നു ശേഷമാണ്.
അതേസമയം 29 പേരാണ് മരിച്ചതെന്ന് സി.ജെ.പിയുടെ അസം കോ-ഓര്‍ഡിനേറ്റര്‍ സംഷേര്‍ അലി ടെലഗ്രാഫ് ഇന്ത്യയോടു പറഞ്ഞു. ഇതില്‍ 26 മരണങ്ങളും ബി.ജെ.പിയുടെ സര്‍ബാനന്ദ സൊനോവാള്‍ അധികാരത്തിലേറിയതിനു ശേഷമാണ്.
തടവുകേന്ദ്രങ്ങളിലെത്തിയാല്പ്പിന്നെ പരോള്‍ ലഭിക്കില്ലെന്നും കുടുംബങ്ങളുമായി വേര്‍പ്പെട്ടു കഴിയുമ്പോള്‍ മാനസികമായി തകരുമെന്നും 2018 ജനുവരിയില്‍ അസമിലെ തടവുകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ദേശീയ മനുഷ്യാവകാശ കമ്മീഷന് നിയമിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ഹര്‍ഷ് മന്ദേര്‍ പറഞ്ഞിരുന്നു.
താന്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ സ്ത്രീകള്‍ അലമുറയിടുകയായിരുന്നുവെന്നും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പിന്നീട് കമ്മീഷന്റെ പ്രത്യേക നിരീക്ഷക സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളിലെ ജീവിത സാഹചര്യങ്ങളെപ്പറ്റി വിശദീകരിച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചിരുന്നു.