മസ്തിഷ്‌ക വീക്കമെന്ന് സംശയം; ബിഹാറിലെ മുസഫര്‍പുരില്‍ ഒരു മാസത്തിനിടെ മരിച്ചത് 28 കുട്ടികള്‍
ലക്‌നൗ: ബിഹാറിലെ മുസഫര്‍പുരില്‍ ഒരു മാസത്തിനിടെ 28 കുട്ടികള്‍ മരിച്ചത് മസ്തിഷ്‌ക വീക്കം ബാധിച്ചെന്ന് സംശയം. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടിയന്തര മുന്‍കരുതലുകള്‍ എടുത്തതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
‘ഡോക്ടര്‍മാരുടേയും ആരോഗ്യവിദഗ്ദരുടേയും സംഘത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. മസ്തിഷ്‌ക വീക്കത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനും, ആവശ്യമായ പ്രതിരോധനടപടികളെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്’- മുഖ്യമന്ത്രി പറയുന്നു.
ഇന്നലെ രാത്രി വരെ 28 കുട്ടികളാണ് മരിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് ഐ.സി.യു പ്രത്യേകമായി ആരംഭിച്ചിട്ടുണ്ടെന്ന് മുസഫര്‍പൂര്‍ സിവില്‍ഡ സര്‍ജന്‍ ഡോ: ശൈലേന്ദ്ര പ്രസാദ് പറയുന്നു.
അതേസമയം ശരീരത്തില്‍ ഗ്ലൂക്കോസിന്റേയോ പഞ്ചസാരയുടേയോ കുറവു കൊണ്ടുണ്ടാകുന്ന ഹൈ്‌പ്പോഗ്ലെസീമിയാണ് മരണകാരണമെന്നും, പനിയല്ലെന്നും ആരോഗ്യ വിഭാഗത്തിന്റെ പ്രിന്‍സിപല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലയില്‍ മസ്തിഷ്‌ക വീക്കം സംശയിച്ച് 48 പുതിയ കുട്ടികളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി മസ്തിഷ്‌ക വീക്കത്തിന്റെ 130ഓളം കേസുകളാണ് സ്വകാര്യ ആശുപത്രികളിലും മറ്റുമായി രജിസറ്റര്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായത് ബോധവത്കരണം ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ പറഞ്ഞിരുന്നു.
ഡോക്ടര്‍മാര്‍ പറയുന്നത് പ്രകാരം കടുത്ത വേനലും, ഉയര്‍ന്ന ഈര്‍പ്പവുമാണ് മസ്തിഷ് വീക്കം പടരാന്‍ അനുയോജ്യമായ സാഹചര്യം. 2010 മുതല്‍ 398 കുട്ടികളാണ് മസ്തിഷ്ക വീക്കം ബാധിച്ച് മുസഫര്‍പുരില്‍ മാത്രം മരിച്ചത്.
Image Credits: PTI