| Saturday, 12th May 2012, 8:18 am

ബൊഫോഴ്‌സിന് 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ അമേരിക്കയില്‍ നിന്നും പീരങ്കിവാങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍ നിന്ന് 15എം.എം പീരങ്കി വാങ്ങുന്നു. 1986ല്‍ ബോഫോഴ്‌സ് കോഴ വിവാദം ഉയര്‍ന്നതിനുശേഷം ആദ്യമായാണ് ഇന്ത്യ വിദേശത്തുനിന്ന് പീരങ്കികള്‍ വാങ്ങുന്നത്.

145എം-777 അള്‍ട്രാ ലൈറ്റ് പീരങ്കികള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. 647മില്യണ്‍ ഡോളറാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.

എല്‍-70 വിമാവവേധാത്തോക്കുകള്‍ക്കുവേണ്ടി 65 റഡാറുകള്‍ വാങ്ങാനും യോഗം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയുടെ പക്കല്‍ ആവശ്യത്തിന വെടിക്കൊപ്പുകള്‍ ഇല്ലെന്ന് പരാതിപ്പെട്ട് കരസേനാമേധാവി വി.കെ സിംഗ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയം ആയുധങ്ങള്‍ വാങ്ങാന്‍ ധ്രുതഗതിയില്‍ തീരുമാനമെടുത്തത്.

പുതുതായി വാങ്ങുന്ന പീരങ്കികള്‍ക്ക് 24.7 കിലോമീറ്റര്‍ ആക്രമണ പരിധിയുണ്ട്. ഭാരം കുറവായതിനാല്‍ ഹെലികോപ്ടര്‍ മുഖേന പര്‍വത മേഖലകളിലെത്തിക്കാന്‍ സാധിക്കും. ചൈനയ്‌ക്കെതിരെ അരുണാചല്‍ പ്രദേശ്, ലഡാക്ക് എന്നീ മേഖലകളില്‍ ഇവ വിന്യസിക്കാനാണ് ആലോചന.

ധനമന്ത്രാലയത്തില്‍ നിന്നും മന്ത്രിസഭാ കമ്മിറ്റിയില്‍ നിന്നും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ പീരങ്കികള്‍ വാങ്ങാനുള്ള ഡീല്‍ ഉറപ്പിക്കാന്‍ സാധിക്കൂ. അമേരിക്കയിലെ ബി.എ.ഇ സിസ്റ്റംസ് നിര്‍മിക്കുന്ന തോക്കുകള്‍ അവരുടെ ഫോറിന്‍ മിലിഠ്ടറി സെയില്‍ പദ്ധതി പ്രകാരമാണ് വാങ്ങുന്നത്.

1986ല്‍ സ്വറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ എ.ബി ബോഫോഴ്‌സില്‍ നിന്നു ഹൊവിറ്റ്‌സറുകള്‍ വാങ്ങിയതിന്റെ ചുവട് പിടിച്ചുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more