ഇന്‍ഡോര്‍: ഇന്ത്യയിലെ പത്ത് ഐ.ഐ.ടികളിലായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 27 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍. വിവരാവകാശ നിയമപ്രകാരം അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഈ വിവരം പുറത്തുവന്നത്.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. മദ്രാസ് ഐ.ഐ.ടിയാണ് ഈ അഞ്ചു വര്‍ഷ കാലയളവില്‍ ആത്മഹത്യയുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏഴുപേരാണ് മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്തത്.
വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗ്വാര്‍ ഡിസംബര്‍ രണ്ടിന് നല്‍കിയ പരാതിയിലാണ് മാനവവിഭവശേഷി മന്ത്രാലയം 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മദ്രാസ് ഐ.ഐ.ടിയില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതായ കണക്കുകള്‍ പുറത്ത് വിട്ടത്.
ഖരക്പൂര്‍ ഐ.ഐ.ടിയില്‍ അഞ്ചുപേരും ഡല്‍ഹി ഐ.ഐ.ടിയിലും ഹൈദരാബാദ് ഐ.ഐ.ടിയിലും മൂന്നു പേര്‍ വീതം ആത്മഹത്യ ചെയ്തു. ബോംബെ ഐ.ഐ.ടിയിലും ഗുവാഹത്തി ഐ.ഐ.ടിയിലും റൂര്‍ക്കെ ഐ.ഐ.ടിയിലും രണ്ടു വിദ്യാര്‍ത്ഥികള്‍ വീതം ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതേ കാലയളവില്‍ തന്നെ വാരണാസി ഐ.ഐ.ടി(ബി.എച്ച്.യു)ലും, ഐ.ഐ.ടി ധന്‍ബാദിലും (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്) കാണ്‍പൂര്‍ ഐ.ഐ.ടിയിലും ഓരോ വിദ്യാര്‍ത്ഥികള്‍ വീതവും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്യാനുള്ള കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല.
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തടയാന്‍ എന്തൊക്കെ കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ഐ.ഐ.ടികളിലെ
പരാതി പരിഹാര സെല്ലുകള്‍, അച്ചടക്ക കമ്മിറ്റികള്‍, കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ എന്നിവ അതിനുള്ള കാരണങ്ങള്‍ അന്വേഷിച്ച് പരിഹാരം കാണണമെന്നാണ് മറുപടിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ കഴിവനുസരിച്ച് അവരെ ഐ.ഐ.ടികളിലേക്ക് തെരഞ്ഞെടുക്കണമെന്നും അവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുപാതമായുള്ള അധ്യാപകരെ നിയമിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന ആനന്ദ് കുമാര്‍ പി.ടി.ഐയോട് പറഞ്ഞു.
ആര്‍.ടി.ഐയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇന്‍ഡോര്‍, പട്‌ന, ജോധ്പൂര്‍, ഭുബനേശ്വര്‍, ഗാന്ധിനഗര്‍, റോപര്‍, മന്‍ഡി, തിരുപ്പതി, പാലക്കാട്, ഭിലായി, ജമ്മു ആന്‍ഡ് കശ്മീര്‍, ഗോവ, ധര്‍വാദ് തുടങ്ങിയ ഐഐടികളില്‍ ഇക്കാലയളവില്‍ ഒരു ആത്മഹത്യ പോലും നടന്നിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മദ്രാസ് ഐ.ഐ.ടിയില്‍ ഈ വര്‍ഷം നവംബര്‍ എട്ടിന് ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫിന്റെ മരണം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ എഴുതിയാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്.
ഫാത്തിമ ലത്തീഫിന്റെ മരണത്തോടനുബന്ധിച്ച് ക്യാംപസിലെ മുസ്‌ലീം-ദളിത് വിദ്യര്‍ത്ഥികളോടുള്ള അധ്യാപകരുടെ വിധ്വേഷവും അധ്യാപകരുടെ സവര്‍ണ മനോഭാവവും ഏറെ ചര്‍ച്ചയായിരുന്നു.