| Thursday, 3rd May 2018, 7:00 pm

ബീഹാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം ഉണ്ടായത്.

32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുസ്സാഫര്‍പൂരില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് പോകുകയായിരുന്ന ദീര്‍ഘദൂര ട്രാവല്‍ ബസ്സിനാണ് തീപിടിത്തമുണ്ടായത്.

ബീഹാറിലെ കോട്ട്വ പൊലീസ് സ്റ്റേഷനടുത്തെതതിയപ്പോഴാണ് ബസ്സിന് തീപിടിച്ചത്. ദേശീയപാതയ്ക്കടുത്തുവച്ചുണ്ടായ അപകടത്തില്‍ നിന്ന് ആള്‍ക്കാരെ രക്ഷിക്കാന്‍ നാട്ടുകാരും ഇടപെടുകയായിരുന്നു.

വളഞ്ഞു കിടക്കുന്ന റോഡില്‍ നിന്ന് ബസ്സ് തിരിക്കുന്നതിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ബസ്സ് കുത്തനെ മറിയുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു.


ALSO READ: കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു


അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ കുറച്ചുപേരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം അപകടത്തില്‍ മരിച്ചവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വേണ്ട ധനസഹായം നല്‍കുമെന്ന് ബിഹാര്‍ ദുരന്തനിവാരണ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടം നടക്കുന്നത്. ഇതിനുമുമ്പ് ഈ പ്രദേശത്തിന് സമീപം ബസ്സ് മറിഞ്ഞ് പത്തിലധികം പേര്‍ മരിച്ചത് വാര്‍ത്തയായിരുന്നു.

We use cookies to give you the best possible experience. Learn more