ബുക്‌ന്യൂസ് / മീര ആര്‍.യൂ
പുസ്തകം: 27 ഡൗണ്‍
എഴുത്തുകാരന്‍ : പി. എഫ്. മാത്യൂസ്
വിഭാഗം: കഥകള്‍
പേജ്: 136
വില: 80.00
പ്രസാധകര്‍: പിയാനോ പബ്ലിക്കേഷന്‍സ്
നോവലിനെയപേക്ഷിച്ച് ചെറുകഥകള്‍ക്ക് കഥാപാത്ര വളര്‍ച്ചയോ ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളോ കാണിക്കാനുള്ള അവസരങ്ങള്‍ കുറവാണ്. മിക്കവാറും ഏതെങ്കിലുമൊരു സന്ദര്‍ഭം, വികാരം, കഥാപാത്രം ഇവയിലേക്കായിരിക്കാം അതിന്റെ ലെന്‍സ് കേന്ദ്രീകരിക്കപ്പെടുന്നത്. ഇങ്ങനെ ഏതെങ്കിലുമൊന്നില്‍ ഉള്ള ഊന്നല്‍ വായനക്കാരുടെ മനസ്സില്‍ ആ ഭാഗത്തെ ആഴത്തില്‍ പതിപ്പിക്കും.
പ്രശസ്ത ആംഗലേയ സാഹിത്യ വിമര്‍ശകന്‍ വില്യം ഹഡ്‌സന്റെ അഭിപ്രായത്തില്‍ വായനക്കാര്‍ കൂടുതല്‍ ഓര്‍ക്കുന്നത് നോവലിലെ കഥാപാത്രങ്ങളെയായിരിക്കുമെന്നാണ്. ഈ അഭിപ്രായം തികച്ചും വ്യക്തിപരമായിരിക്കുമെന്നാണ് തോന്നുന്നത്.
വളരെ അപ്രതീക്ഷിതമായ അവസാനങ്ങള്‍ കൊണ്ടുവന്ന് വായനക്കാരനെ രസിപ്പിച്ച എഴുത്തുകാരനായിരുന്നു ഒ.ഹെന്റി. അങ്ങിനെ അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ നിന്നും ചിലപ്പോള്‍ വ്യത്യസ്തമായോ അല്ലാതയോ എഴുതുന്ന ഇന്നത്തെ മലയാളമെഴുത്തുകാരില്‍ മിക്കവാറും സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയും, ശിഥിലമാകുന്ന കുടുംബങ്ങളെപ്പറ്റിയും തൊഴില്‍ പ്രശ്‌നങ്ങളെപ്പറ്റിയും മറ്റും പറയുന്നു.
സത്രീപുരുഷ ബന്ധം എന്നു പറയുമ്പോഴാദ്യം ഏതൊരു മലയാളം വായനക്കാരന്റെ/വായനക്കാരിയുടെ മനസില്‍ വരുന്നത് മാധവിക്കുട്ടിയുടെ കഥകളായിരിക്കാം. നഷ്ടപ്പെട്ട നീലാംബരി, സ്‌നേഹിക്കപ്പെട്ട സ്ത്രീ, ജീനിയസ്സിന്റെ ഭാര്യ ഇവയൊക്കെ എന്നും മനസ്സില്‍ തട്ടുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളും പ്രണയത്തെയും പറ്റി പറഞ്ഞ രചനകളാണ്. പിന്നീടിങ്ങോട്ടു വന്ന പുതിയ എഴുത്തുകാരികളും ഇതേ ബന്ധത്തെ പ്രതിപാതിക്കുന്നെങ്കിലും കഥപറച്ചിലിന്റെ രീതിയിലുള്ള മാറ്റം ഒരോരുത്തരെയും വ്യത്യസ്തരാക്കുന്നു.
പി.എഫ്.മാത്യൂസ് രചിച്ച “27 ഡൗണ്‍” എന്ന ചെറുകഥ സമാഹാരത്തില്‍ ഇരുപത്തിരണ്ട് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത.് സമാഹാരത്തില്‍ മിക്കവാറും കഥകള്‍ സ്ത്രീ പുരുഷ ബന്ധം, മരണം, തുടങ്ങിയവ വരച്ചു കാട്ടുന്നു.
കഥകളില്‍ ചിലത് ഉദ്വേഗം നിറയ്ക്കാതെ പോകുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. സ്ത്രീകളെപ്പറ്റിയും അവരുടെ പുരുഷബന്ധങ്ങളെപ്പറ്റിയും പറയുമ്പോള്‍ അതില്‍ പുതുമയില്ലാത്തതു പോലെ അനുഭവപ്പെടാം. മുഖ്യധാരയില്‍ ഇന്ന് സജീവമായ എസ്.സിതാര, കെ.മുരളി തുടങ്ങിയ സ്ത്രീ എഴുത്തുകാര്‍ ഇതേ ബന്ധത്തെ കുറച്ചു കൂടി തീവ്രമായി എഴുതിയിട്ടുണ്ട്.
കഥ തുടങ്ങുമ്പോള്‍ തന്നെ അവസാനം എങ്ങിനെയാകും എന്നു മാത്യൂസിന്റെ കഥകളില്‍ വായനക്കാര്‍ ചിന്തിച്ചു പോകുന്നു. ചുമരെഴുത്ത്, രാത്രിയില്‍, സ്വപ്‌നദര്‍ശി ഇവയൊക്കെ ഇത്തരത്തില്‍ പറയാന്‍ പറ്റുന്ന കഥകളാണെന്ന് പറയാം. സ്വപ്‌നദര്‍ശിയില്‍ പെണ്ണായി പിറന്നതിന്റെ കഷ്ടപ്പാടുകളാണ്. എന്നാല്‍ കഥയില്‍ പുതുമ കുറവാണ്. മകള്‍ പീഡിപ്പിക്കപ്പെടുമോ എന്ന് ഭയന്ന് അവളുടെ ശരീരത്തിന് കാവലിരിക്കുന്ന അമ്മമാരുടെ ചിത്രം പലരും വരച്ചതാണ്. ഒടുവില്‍ അമ്മയുടെ മരണശേഷം അനുജത്തിയുടെ സംരക്ഷണച്ചുമതലയേറ്റ സഹോദരിയും അവളുടെ ശരീരത്തിന് കാവലിരിക്കുന്നു.
വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു കഥയില്‍ നിന്ന് മറ്റൊന്നിലേക്ക് വായനക്കാരനെ കൊണ്ടുപോകാന്‍ എഴുത്തുകാരന് സാധിച്ചോ എന്നത് സംശയമാണ്. മുന്‍പ് പറഞ്ഞ പെണ്ണെഴുത്തുകാരികളെഴുതുമ്പോള്‍ അവര്‍ പറയുന്ന ബന്ധങ്ങള്‍ മിക്കവാറും ഒന്നായാലും തന്നെ അവതരണ രീതിയും വായനക്കാരില്‍ അതുണ്ടാക്കുന്ന താല്‍പര്യവും ശ്രദ്ധേയമായിരിക്കും.
അതേസമയം സമാന്തരത്തിലെ 27 ഡൗണ്‍, എന്റെ അഛന്‍ ഇനിയും മടങ്ങിവന്നില്ല തുടങ്ങിയ കഥകള്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണ്. 27 ഡൗണ്‍ എന്ന കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തീവണ്ടി പുക തുപ്പി പോയ അനുഭവമുണ്ടായി. എന്റെ അഛന്‍ ഇനിയും മടങ്ങി വന്നില്ല എന്ന കഥയുടെ അവസാനം ഒരു അങ്കലാപ്പി്ല്‍ നാമെത്തുന്നു.
കഥകളുടെ തിരഞെടുപ്പായിരിക്കാം ഒരുപക്ഷേ പുസ്തകത്തോടൊരു താല്‍പര്യം ജനിപ്പിക്കാത്തത്. മാത്യൂസിനെപ്പോലെ മികവുറ്റ എഴുത്തുകാരന്‍ യുക്തിയോടെ ചെയ്യേണ്ട ഒരു കാര്യമാണ് കഥകളുടെ തിരഞ്ഞെടുപ്പ്. അതിലെ അശ്രദ്ധയാവാം 27 ഡൗണിനെ പലരുടെയും വായനയില്‍ നിന്ന് അകറ്റിയത്.
Book Name: 27 DOWN
Author: P.F Mathews
Classification: Malayalam Stories
Page: 136
Price: Rs 80.00
Publisher: Piano Publications