മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്നു. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി നവംബര്‍ 8ാം തിയ്യതി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് വിധി നടപ്പാക്കിയത്. []
പൂനെയിലെ ഏര്‍വാഡ ജയിലില്‍ ഇന്ന് രാവിലെ 7.30നായിരുന്നു കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. കസബിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മുംബൈ ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പട്ടേലും സ്ഥിരീകരിച്ചു. വധശിക്ഷയ്ക്ക് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് കസബിനോട് ചോദിച്ചപ്പോല്‍ ഒരു ആഗ്രഹവുമില്ലെന്നായിരുന്നു കസബിന്റെ മറുപടി. കസബിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി ആര്‍ട്ടിക്കിള്‍ 72 പ്രകാരം വിധി ശരിവെക്കാനും ഇളവ് നല്‍കാനുമുള്ള അധികാരമുണ്ട്. എന്നാല്‍ ഇത് രാജ്യം നേരിടുന്ന തീവ്രവാദത്തിനും ആക്രമണത്തിനും എതിരായിരിക്കുമെന്നതിനാല്‍ തന്നെ കസബിന്റെ വധശിക്ഷ രാഷ്ട്രപതി തള്ളുകയായിരുന്നെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
കസബിന്റെ വധശിക്ഷ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കസബിനെ വധിച്ചതായുള്ള ഇന്ത്യയുടെ കത്ത് കൈപ്പറ്റാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ കസബിന്റെ മൃതദേഹം ഏര്‍വാഡ ജയില്‍ വളപ്പില്‍ സംസ്‌ക്കരിച്ചു. പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ നാളെ നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കാനും ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കസബിന്റ വധശിക്ഷ രാജ്യം നേരിടുന്ന ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെയുള്ള ശക്തമായ മുന്നറിപ്പാണെന്നും ജയില്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ വിശദീകരണം നല്‍കുമെന്നും ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.
കസബിന്റെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് മുംബൈ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാന്‍ പോകുന്നത്.
വിചാരണ സമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേകമായി തയ്യാറാക്കിയ അണ്ഡാകൃതിയിലുള്ള അതീവ സുരക്ഷാസെല്ലിലായിരുന്നു 25കാരനായ കസബിനെ പാര്‍പ്പിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് കസബിനെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും ഏര്‍വാഡ ജയിലിലേക്ക് മാറ്റുന്നത്. സുരക്ഷാ സംവിധാനം കണക്കിലെടുത്താണ് കസബിന്റെ വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതെ നടപ്പാക്കിയത്.
നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ആഗസ്ത് 29നാണ് സുപ്രീംകോടതി വധശിക്ഷ ശരിവെക്കുന്ന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അഫ്താബ് ആലം, സി.കെ പ്രസാദ് അടങ്ങുന്ന ബെഞ്ചാണ് കസബിന്റെ വധശിക്ഷ ശരിവെച്ചത്. തുടര്‍ന്നാണ് കസബ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്.
ശിക്ഷ ഇളവ് ചെയ്യണമെന്ന കസബിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മുംബൈ ഹൈക്കോടതിയും കസബിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന ഹരജി തള്ളിയിരുന്നു.
2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് 2010 ലാണ് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചത്. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീം കോടതിയെ സമീപിച്ചത്. ഫിബ്രവരി 14 നാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
തന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കസബിന്റെ ആവശ്യം. കസബിന് താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിന് ന്യായമില്ല. നീതിയുക്തമായ വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
160 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതിയാണ് അജ്മല്‍. 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന ആക്രമണത്തില്‍ 25 വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പത്തു പാക്ഭീകരില്‍ ജീവനോടെ പിടിയിലായ ഏക വ്യക്തി അജ്മല്‍ കസബാണ്.
പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ കസബ് അടക്കം ആക്രമണ സംഘത്തിലുണ്ടായിരുന്ന പത്തുപേര്‍ക്കും പാകിസ്താനില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കറാച്ചിയില്‍ നിന്ന് ‘അല്‍ഹസൈനി’ എന്ന ബോട്ടില്‍ മുംബൈയിലേക്ക് തിരിച്ച ഭീകരര്‍ വഴിമധ്യേ ഇന്ത്യന്‍ മീന്‍പിടിത്ത ബോട്ടായ ‘കുബേര്‍’ പിടിച്ചെടുത്താണ് ഇന്ത്യന്‍ തീരത്തെത്തിയത്. കുബേറിലെ ജീവനക്കാരെ ഇവര്‍ വധിക്കുകയും ചെയ്തു.
കൊളാബയിലെ ‘ലിയോപോള്‍ഡ് കഫെ’യില്‍ വെടിവെക്കാന്‍ ആരംഭിച്ച ഭീകരര്‍ പിന്നീട് സി എസ് ടി റെയില്‍വേ സ്‌റ്റേഷന്‍, താജ് ഹോട്ടല്‍, ഒബ്‌റോയ്, നരിമാന്‍ ഹൗസ് എന്നിവിടങ്ങളിലും വെടിവെപ്പു നടത്തി. 59 മണിക്കൂറുകള്‍കൊണ്ടാണ് ദേശീയ സുരക്ഷാസേന ഭീകരരെ വധിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. ആക്രമണത്തിനിടെ ഗിര്‍ഗാവ് ചൗപ്പാത്തിക്ക് സമീപത്തുനിന്ന് കസബിനെ മുംബൈ പോലീസ് പിടികൂടുകയും ചെയ്തു.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനോട് കസബ് കുറ്റങ്ങള്‍ ഏറ്റെങ്കിലും കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. അതിവേഗമാണ് ഈ കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടന്നത്. ആര്‍തര്‍ ജയില്‍ കോമ്പൗണ്ടിനകത്ത് ഈ കേസിന്റെ വിചാരണയ്ക്ക് മാത്രമായി പ്രത്യേക കോടതി നിര്‍മിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മെയ് എട്ടിന് ആരംഭിച്ച വിചാരണയില്‍ 658 സാക്ഷികളില്‍ നിന്നാണ് മൊഴിയെടുത്തത്. 271 ദിവസമാണ് ഈ കേസിനായി കോടതി ചേര്‍ന്നത്. 3192 പേജുകളിലായി സാക്ഷിമൊഴികള്‍. 30 സാക്ഷികള്‍ കോടതിയില്‍ കസബിനെ തിരിച്ചറിഞ്ഞു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം കസബിനെതിരെ 1015 വസ്തുക്കള്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. ഇതിന് ബലം നല്‍കാന്‍ 1691 രേഖകളും ഉണ്ടായിരുന്നു. കസബിന് വേണ്ടി മൂന്ന് അഭിഭാഷകരാണ് മാറിമാറി വന്നത്. ആദ്യം അഞ്ജലി വാഗ്മാരെ. പിന്നീട് അബ്ബാസ് കാസ്മിയും അവസാനം കെ.പി. പവാറും.