| Wednesday, 27th June 2012, 3:23 pm

തീവ്രവാദപ്രവര്‍ത്തനം: കേരളത്തി ലെ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തിലെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തിലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി പി. ചിദംബരം. ഇതില്‍ ഒരു പത്ര-മാധ്യമ സ്ഥാപനം നടത്തുന്നവരും ഉള്‍പ്പെടുമെന്ന് ചിദംബരം അറിയിച്ചു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയായ അബു ജിന്താല്‍ പാക്കിസ്ഥാന്‍ തീവ്രവാദികളുടെ പങ്ക് വ്യക്തിമാക്കി കഴിഞ്ഞെന്നും ചിദംബരം പറഞ്ഞു.  എന്നാല്‍ ഏതെങ്കിലും പ്രത്യേക ഏജന്‍സിയിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി അബു ജിന്താലിനെ ഇന്ത്യ അന്വേഷിക്കുകയായിരുന്നെന്നും അവസാനം അയാളെ വിജയകരമായി പിടികൂടാന്‍ സാധിച്ചെന്നും ചിദംബരം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ പാക്കിസ്ഥാന്‍ തക്കതായ നടപടിയെടുക്കുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കിയവരില്‍ അബു ജിന്താല്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ഒരു വര്‍ഷമായി സൗദി അറേബ്യയില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.  ഇയാളെ പിടികൂടിയതില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ  അഭിനന്ദിച്ചു. കുറ്റാന്വേഷണ രംഗത്തുള്ള  വന്‍ നേട്ടമാണ് ഇയാളുടെ അറസ്‌റ്റെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ രീതിയെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കാനാവില്ല. ഇന്റലിജന്‍സ് വിഷയങ്ങള്‍ ഉള്ളതിനാലാണിതെന്നും ചിദംബരം അറിയിച്ചു.

We use cookies to give you the best possible experience. Learn more