ഗസ: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ പൗരന്മാരില്‍ 260 പേരും കുഞ്ഞുങ്ങളെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നാലായിരത്തോളം പേരില്‍ പത്ത് ശതമാനവും കുഞ്ഞുങ്ങളാണ്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ(ഡി.സി.ഐ) റിപ്പോര്‍ട്ടനുസരിച്ച് 2005 മുതല്‍ ഗസയില്‍ നടന്ന ആറ് സൈനിക ആക്രമണങ്ങളില്‍ കുറഞ്ഞത് ആയിരം ഫലസ്തീന്‍ കുരുന്നുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതുവരെ ഗസയില്‍ ഇസ്രഈല്‍ നടത്തിയ അക്രമത്തില്‍ 1,100 പേര്‍ മരിച്ചതായും 5,339 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രി നടന്ന ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ മാത്രം 51 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രഈല്‍ വൈദ്യുതി വിതരണം നിര്‍ത്തിയതോടെ ഗസയിലെ ഏക പവര്‍ പ്ലാന്റിലെ ഇന്ധനം മണിക്കൂറുകള്‍ക്കകം അവസാനിക്കുമെന്ന് ഗസയിലെ പവര്‍ അതോറിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസയില്‍ ഏകദേശം 23 ലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. ഉച്ചയോടെ പവര്‍ പ്ലാന്റ് അടച്ചുപൂട്ടുകയാണെന്ന് ഫലസ്തീന്‍ എനര്‍ജി അതോറിറ്റി ചെയര്‍മാന്‍ താഫര്‍ മെല്‍ഹം വോയിസ് ഓഫ് ഫലസ്തീന്‍ റേഡിയോയിലൂടെ പറഞ്ഞു.
അതേസമയം, ഹമാസ്- ഇസ്രഈല്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള സമവായ ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ലോകരാജ്യങ്ങളില്‍ ഖത്തറും, ഈജിപ്തും, തുര്‍ക്കിയും മാത്രമണ് നിലവില്‍ പ്രശ്‌നപരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നോട്ടുവന്നിട്ടുള്ളു.
Content Highlight: 260 of those killed in the Israeli attack were children