|

മഹാരാഷ്ട്രയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകളെ വധിച്ചതായി മഹാരാഷ്ട്ര പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിലെ ഗഡ്ചറോളിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രവീന്ദ്ര നൈതം, സര്‍വേശ്വര്‍ ആത്രം, മഹാരു കുട്‌മെതെ, തിക്രം കടാങ്കെ എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

‘ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാളെയോടെ മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും,’ എസ്.പി. അങ്കിത് ഗോയല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഗഡ്ചറോളിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏറ്റുമുട്ടലാണ് ഇന്ന് നടന്നതെന്നും രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെ എന്‍കൗണ്ടര്‍ നടന്നെന്നുമാണ് പൊലീസ് പറയുന്നത്.

വനത്തില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സി.പി.ഐ (മാവോയിസ്റ്റ്) ഗഡ്ചറോളി ഡിവിഷന്‍ കമ്മിറ്റി അംഗം സുഖ്‌ലാലിന്റെ നേതൃത്വത്തിലുള്ള കോര്‍ച്ചി ദളത്തിലെ അംഗങ്ങളാണ് സംഘത്തില്‍ പ്രധാനമായും ഉള്‍പ്പെട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

2018 ഏപ്രില്‍ 23ന് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 40 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണ് ഗഡ്ചറോളിയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് എന്‍കൗണ്ടര്‍. അതിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ശനിയാഴ്ച നടന്നിട്ടുള്ളത്.

സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മിലിന്ദ് ടെല്‍തുംബ്‌ഡെ അടക്കമുള്ള മാവോയിസ്റ്റുകളാണ് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കേവലം അഭ്യൂഹമാണെന്നും മരിച്ചവരെ ഞായറാഴ്ച തിരിച്ചറിയുമെന്നും പൊലീസ് എസ്.പി പറഞ്ഞു.

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആനന്ദ് തെല്‍തുംബ്‌ഡെയുടെ ഇളയ സഹോദരനാണ് മിലിന്ദ് തെല്‍തുംബ്‌ഡെ. സി.പി.ഐ (മാവോയിസ്റ്റ്) മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് മേഖലയുടെ ചുമതലക്കാരനുമാണ് മിലിന്ദ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 26 Maoists killed in encounter in Gadchiroli, say police