ഇന്‍ഡോര്‍: ഭോപ്പാലില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിച്ചിരുന്ന അഞ്ചലെന്ന അനാഥാലയത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് കാണാതായിരുന്നത്. സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജരായ അനില്‍ മാത്യുവിനെതിരെയും മറ്റു നടത്തിപ്പുക്കാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അനാഥാലയത്തില്‍ ഉണ്ടായിരുന്ന ആറ് മുതല്‍ 18 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളില്‍ നിന്നാണ് ഈ 26 പെണ്‍കുട്ടികളെ കാണാതായിരിക്കുന്നതെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുട സംരക്ഷണം) പ്രകാരമാണ് സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാലാവകാശ കമ്മിഷന്‍ അനാഥാലയത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. സ്ഥാപനത്തിലെ കുട്ടികളോട് സംസാരിച്ചതിലൂടെ അനാഥാലയത്തില്‍ കൃത്യമായ രജിസ്റ്ററുകളും സി.സി.ടി.വി ക്യാമറകളും ഇല്ലായെന്ന് മനസിലായതായി ബാലാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ അനാഥാലയങ്ങളില്‍ രാത്രികളില്‍ നിര്‍ബന്ധിതമായി വനിതാ ഗാര്‍ഡുകളെ നിര്‍ത്തണമെന്നാണ് ഉത്തരവ്. എന്നാല്‍ ഇവിടെ രാത്രികളില്‍ പുരുഷ ഗാര്‍ഡുകള്‍കളെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ബാലാവകാശ കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നേരിട്ട് ഇടപെടലുകള്‍ നടത്തുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളെ കാണാതായതില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് എക്സിലൂടെ ചൗഹാന്‍ ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ പെൺകുട്ടികളെ കാണാതായതല്ലെന്നും പഠനം കഴിഞ്ഞതിന് ശേഷം കുട്ടികൾ വീട്ടിലേക്ക് പോയതാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: 26 girls are reported missing from an unregistered orphanage in Bhopal