പാകിസ്താനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേര്‍ അറസ്റ്റില്‍
World News
പാകിസ്താനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 4:35 pm

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ 26 പേരെ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്.

തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ക്ഷേത്രം തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാകിസ്താന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചു. ദേശീയ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഇസ് ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. അവരുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ്, അദ്ദേഹം ട്വിറ്ററിലെഴുതി.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pakistan Arrested 26 People For Demolishing Hindu Temple