26/11 മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ്
national news
26/11 മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 7:57 pm

ഇസ്‌ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹാഫിസ് സഈദിനെ ശിക്ഷിച്ചത്.

തടവ്ശിക്ഷ കൂടാതെ 340,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഹാഫിസ് പണികഴിപ്പിച്ച സ്ഥാപനങ്ങളും പിടിച്ചിടുക്കാനും കോടതി ഉത്തരവില്‍ പറയുന്നു.

പാക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പായ ജമത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സഈദ്. 70 കാരനായ സയിദിന് നേരത്തേയും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2020ല്‍ ഇയാളെ 15 വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു.

തീവ്രവാദ ഫണ്ടിംഗ് നടത്തിയെന്ന് കണ്ടെത്തി പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി. നേരത്തെ ഇയാളെ ഇന്ത്യ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ ഇതിനെ എതിര്‍ത്തിരുന്നു.

2008 നവംബര്‍ 26ന് മുംബൈയില്‍ ഉണ്ടായ ഭീകരാക്രണത്തില്‍ വിദേശികള്‍ അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.