| Wednesday, 17th July 2019, 1:04 pm

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവിയുമായ ഹാഫിസ് സയ്യിദ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് ഗുജ്‌റാന്‍വാലയിലേക്കുള്ള യാത്രാമധ്യേയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയായിരുന്നു അറസ്‌റ്റെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സയ്യിദിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയ്യിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു.

എഫ്.ഐ.ടി.എഫിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിയും ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് നടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായത്.

ഹാഫിസ് സയ്യിദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റിനൊരുങ്ങിയത്.

ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ള 13 നേതാക്കള്‍ക്കെതിരെ 23 എഫ്.ഐ.ആറുകളാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലാഹോറിലെ ജൗഹാര്‍ നഗരത്തിലെ വസതിയിലാണ് സയ്യിദ് ഉള്ളതെന്ന് ഇമ്രാന്‍ ഖാന്റെ ഓഫീസിലുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച പൊലീസ് പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more