കല ആഹ്ലാദം ഉല്പാദിപ്പിക്കുന്നതിലൂടെയാണ് പ്രേക്ഷകപക്ഷത്ത് ചേരുന്നത്. ഇന്ത്യന്‍ കാലാചിന്തയിലെ രസം എന്നത് ഈ രസോല്പാദനത്തിന്റെ ഒരു ഘടകമാണ്. കാഴ്ചയിലും കേള്‍വിയിലും സൃഷ്ടിക്കപ്പെടുന്ന പലതരം രസങ്ങളാണ് കലാനുഭവത്തിന്റെ ആഹ്ലാദതലം. സിനിമയെന്ന കലാരൂപം ആഹ്ലാദത്തിന്റെ പലമാനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അനുഭവമാണ്. കേവലമായ കാഴ്ചയും കേള്‍വിയും മാത്രമല്ല സിനിമയിലെ ആഹ്ലാദം മറിച്ച് പ്രത്യയശാസ്ത്രപരമായൊരു പ്രവര്‍ത്തനം കൂടിയാണെന്നു കാണാം.
പ്രേക്ഷകരുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന കാഴ്ചയും കേള്‍വിയുമായി മാറുമ്പോഴാണത് സംഭവിക്കുക.. ആണ്‍കോയ്മയും സവര്‍ണതയും പുലര്‍ത്തുന്ന കേരളീയ പൊതുബോധത്തിന്റെ ആവിഷ്‌കാരമായ മിക്ക സിനിമകളും പ്രേക്ഷകബോധത്തെ നിരന്തരം തലോടി ആഹ്ലാദിപ്പിക്കുന്നതുകാണാം. മണിച്ചിത്രത്താഴ് ഇത്തരമൊരു ആഹ്ലാദത്തിന്റെ കഥകൂടിയാണ്.
നാഗവല്ലിയെന്ന പ്രതികാരമൂര്‍ത്തിയായ യക്ഷി ഗംഗയെന്ന യുവതിയെ ബാധിക്കുന്നതും ഒടുവലിവളെ ആ ബാധയില്‍നിന്ന് മോചിപ്പിക്കുന്നതുമാണല്ലോ കഥ. മനശാസ്ത്രവും മന്ത്രവാദവുമൊക്കെ കൂടിക്കുഴയുന്ന ആഖ്യാന തന്ത്രവും കഥയുടെ പശ്ചാത്തലമായ സ്ഥലുമൊക്കെ കാഴ്ചയിലും കേള്‍വിയിലും വലിയ ആഹ്ലാദങ്ങളാണ് പകരുന്നത്.
കേരളീയരുടെ പൊതുബോധത്തിലിന്നും കുടുംബത്തിന്റെ മാതൃകയായി നിലകൊള്ളുന്ന തറവാടും അതിലെ ചിത്രപ്പണികളുള്ള അകത്തളങ്ങളും മറ്റും സവിശേഷാനുഭവമായി കാഴ്ചയില്‍ നിറയുന്നു. സവര്‍ണ തറവാടിത്ത അഭിമാനങ്ങളെ തൃപ്തിപ്പെടുത്തുന്ന ആഖ്യാനത്തിലെ വിച്ഛേദനമാണ് നാഗവല്ലി.
യക്ഷിക്കഥകള്‍ പൊതുവില്‍ ഉല്പാദിപ്പിക്കുന്ന പ്രശ്‌നം ലിംഗപദവിയുടെ മറികടക്കലാണ്. യക്ഷികള്‍ എല്ലാ പുരുഷാധികാരത്തെയും ചോദ്യം ചെയ്യുന്ന കീഴടക്കുന്ന അധികാര മൂര്‍ത്തികളാണ്. പുരുഷനെ കൊന്ന് ചോരകുടിക്കുന്ന യക്ഷികള്‍ ഭീകരതയുടെ അടയാളമായി, ആണത്തം പെണ്ണത്തം എന്നിവ റദ്ദാക്കിക്കൊണ്ട് നില്ക്കുന്നവരാണ്.
നാഗവല്ലി പ്രണയം നഷ്ടപ്പെട്ടവളാണ്. നാഗവല്ലി ബാധിക്കുന്ന ഗംഗ എന്ന നകുലന്റെ വിശ്വസ്തയായ ഭാര്യയ്ക്ക് പല മാറ്റങ്ങളും വരുന്നതാണ് പ്രശ്‌നം. അവള്‍ ഭര്‍ത്താവിനെ അനുസരിക്കാതെ പെരുമാറുന്നു. പുരുഷന്‍ കാണിക്കുന്നതിനേക്കാള്‍ വലിയ ശക്തി പ്രകടിപ്പിക്കുന്നു. അക്രമങ്ങള്‍ കാട്ടുന്നു. പ്രശ്‌നം തിരിച്ചറിഞ്ഞതോടെ അവളെ മോചിപ്പിക്കുന്നതിനാണല്ലോ ശ്രമം.
നാഗവല്ലി കാരണം ഗംഗ- നകുല ജീവിത്തിന്റെ താളപ്പിഴ പരിഹരിക്കുന്ന സിനിമ ലിംഗപരമായ പ്രശ്‌നമാണ് മുന്നോട്ടുവയ്ക്കുന്നതെന്നു സാരം. യക്ഷിബാധിച്ച നായികയെ നശിപ്പിക്കുകയോ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരികയോ ചെയ്യുകയാണ് മുന്നിലുള്ള വഴി. സങ്കീര്‍ണമായ പ്രശ്‌നം പരിഹരിച്ച് ഗംഗയെ പഴയ നകുലന്റെ വിശ്വസ്തയായ ഭാര്യയാക്കുകയാണ് സിനിമ ചെയ്യുന്നത്. അതായത് യക്ഷിത്വത്തെ നീക്കം ചെയ്തു അവളിലെ കരുത്തും ധീരതയും ഇല്ലാതാക്കി. എന്നിട്ട് വിധേയയായ ദുര്‍ബലയായ ഗംഗയെ പുനസ്ഥാപിച്ചു. ഇതിനാണ് ആധുനിക മനഃശാസ്ത്രവും മന്ത്രവാദവുമൊക്കെ പണിയെടുക്കുന്നത്. അതായത് വീട്ടിലെ ഭാര്യാഭാര്‍തൃബന്ധമെന്നത് പുരുഷാധിപത്യത്തിന്റെ യുക്തിയില്‍ ഭാര്യ ഭര്‍ത്താവിന് വിധേയമായിരിക്കുന്ന അവസ്ഥയില്‍ പോകണം. അതിന് വിഘാതമാകുന്നതെല്ലാം നീക്കം ചെയ്യണം.
ഒരു വ്യക്തിയിലെ മറ്റൊരു വ്യക്തിത്വത്തിന്റെ സാന്നിധ്യമാണല്ലോ ഗംഗയുടെ മനഃശാസ്ത്രപ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നത്. അതാണല്ലോ ചികിത്സിക്കുന്നതും. അപരവ്യക്തിത്വം എന്നത് മറ്റൊരാളുമായുള്ള സൂചനയായി കാണാവുന്നതാണ്. ഇത്തരം പല ബന്ധങ്ങള്‍ നിറഞ്ഞതായിരുന്നല്ലോ കേരളീയ മരുമക്കത്തായകാലം. തറവാട് ബന്ധങ്ങള്‍ അതിലേക്കാണ് സൂചകമാകുന്നത്. ഇവിടെ ഗംഗ നാഗവല്ലി ബന്ധത്തില്‍ ആധുനിക കുടുംബത്തിന് ഭയപ്പെടേണ്ട സ്വവര്‍ഗപരമായ അപരബന്ധത്തിന്റെ ലാഞ്ചനയാണ് കാണുന്നത്. അതിനെക്കൂടിയാണ് ഇല്ലാതാക്കുന്നത്. പൂര്‍ണമായും ഒരു ബന്ധം മാത്രമുള്ള ഗംഗ.
ചുരുക്കത്തില്‍ കേരളീയ കുടുംബ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്ന ലോകബോധത്തിന്റെ ആവര്‍ത്തനമാണ് നാഗവല്ലിയെ ഇല്ലാതാക്കിയതിലൂടെ സിനിമ ചെയ്യുന്നത്. അവസാനം നാഗവല്ലിബാധയില്‍ നിന്നും തിരിച്ച് ജീവിതത്തിലേക്ക് വന്ന ഗംഗയെ നകുലന്റെ മുന്നിലേക്ക് ഡോ. സണ്ണി നീക്കി നിര്‍ത്തുന്നുണ്ട്. കാഴ്ചയിലെ പുരുഷാഹ്ലാദങ്ങളെല്ലാം അവിടെ നിറയുന്നുണ്ട്. താന്‍പോരിമയും കരുത്തും കാണിക്കുന്ന സ്ത്രീയെ ഭയക്കുന്ന കേരളീയ പൊതുബോധത്തിന്റെ ആഹ്ലാദം ദുര്‍ബലയായ ഗംഗമാരാണ്.
ഗംഗമാരില്‍ നിന്ന് നാഗവല്ലിമാരുടെ കാഴ്ചകള്‍ സൃഷ്ടിക്കുന്ന ആഹ്ലാദത്തിലേക്ക് നോക്കുക അസാധ്യമാണെന്നും ചിത്രത്തിന്റെ ആഘോഷം സൂചിപ്പിക്കുന്നുണ്ട്.
മത്സരത്തിലെ മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം