| Wednesday, 26th December 2018, 12:02 am

നാഗവല്ലി മാത്രമല്ല, ഗംഗയില്‍ നമ്മളറിയാത്ത മറ്റൊരാള്‍ കൂടിയുണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗംഗയിലെ ചിത്തരോഗിയെ കുറിച്ച്, അവരുടെ ചെയ്തികളെ കുറിച്ച്, ഒരുപാടൊരുപാട് എഴുത്തുകൾ കഴിഞ്ഞ കാൽ നൂറ്റാണ്ട് കൊണ്ട് വന്നിട്ടുണ്ട്. ഇനി പറയാൻ പോകുന്നവ തന്നെ ആരെങ്കിലുമൊക്കെ വേറൊരു തരത്തിൽ മുൻപ് ആലോചിച്ചതുമാവും.

അപ്പോൾ ഹൈപ്പോത്തീസിസ് ഇതാണ്: ഗംഗ, നാഗവല്ലി എന്നിങ്ങനെ രണ്ട് ചിത്തങ്ങൾ മാത്രമല്ല, (പ്രേക്ഷകന്) പേരറിയാത്ത മറ്റൊരു പേഴ്‌സണാലിറ്റി കൂടെ അവളിൽ ഉണ്ടെന്ന് കാണിക്കുന്ന ചിലത് കൂടെ മണിച്ചിത്രത്താഴിൽ ഉണ്ടോയെന്ന് ഒരു സംശയം.

ഗംഗയിലെ ചിത്തരോഗി രൂപപ്പെടുന്ന കാലത്തിലേക്ക് സ്വല്പം പോകേണ്ടിയിരിക്കുന്നു. ഡോ. സണ്ണി പറയുംപോലെ അവളുടെ കുട്ടിക്കാലത്തേക്ക് തന്നെ. പത്താം ക്ലാസ്സിലെ പരീക്ഷയുടെ കാലത്ത് ഒരു മെന്റൽ ഔട്ബ്രേക് ഉണ്ടാകുന്നു എന്ന രീതിയിലാണ് സിനിമയിലെ നറേഷൻ. എന്നാൽ അത് ഗംഗയെ പരിചയമുണ്ടായിരുന്നവരെ ആട്രിബ്യുട്ട് ചെയ്ത് സണ്ണി പറയുന്നതാണ്. യഥാർത്ഥത്തിൽ ഉള്ള രോഗാവസ്ഥ അതിനും ഏറെ മുന്നേ ആരംഭിച്ചിട്ടുണ്ടെന്നു അയാൾ മനസിലാക്കിയിട്ടുണ്ടായിരിക്കണം.

അതിൽ ആദ്യത്തേത് ഗംഗയും അവളുടെ മുത്തശ്ശിയും തമ്മിലുള്ള ബന്ധം തന്നെയാണ്. ഒരു കുട്ടിയും രക്ഷകർത്താവും തമ്മിലുള്ള ഇരുപ്പുവശം ഡിസോസിയേറ്റീവ് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടാവുന്നതിലെ ഒരു പ്രധാന ഘടകമാണ്.

മാതാപിതാക്കളുടെ സാമീപ്യം കിട്ടാത്ത ഗംഗയിൽ മുത്തശ്ശി വഴിയാണ് വീക്ഷണങ്ങൾ രൂപപെടുന്നത്. ഒരുതരം ഡിസോർഗ്ഗനൈസ്ഡ് അറ്റാച്ച്മെന്റ് ആണ് അവരുടെ ബന്ധത്തിൽ ഉണ്ടായിരിക്കുക. അതായത് ചില സമയങ്ങളിൽ സ്നേഹിക്കപ്പെടുന്നതായും ചില സമയങ്ങളിൽ ഭീകരമായി ഒറ്റപ്പെടുന്നതായും കൊച്ചുഗംഗയ്ക്ക് തോന്നിയിട്ടുണ്ടാകണം. അതിനും പുറത്ത് മുത്തശ്ശി ഉണ്ടാക്കിയ കൂടുകൾ, അഥവാ കംപാർട്മെന്റുകൾ ഉണ്ട് ഗംഗയുടെ മനസ്സിൽ. മിത്തിക്കൽ ആയത് അവളുടെ യാഥാർഥ്യമാകുന്നത് ഇവിടെ നിന്നാണ്. എന്നാൽ അത്കൊണ്ട് ഗംഗയിൽ ഡിസോസിയേറ്റീവ് ഡിസോർഡർ ഉണ്ടായി എന്ന് പറയുന്നതിൽ അർഥമില്ല.

ഒരു കോപ്പിങ് മെക്കാനിസമാണ് ഡിസോസിയേറ്റീവ് പേഴ്സണാലിറ്റി ഡിസോഡറിലൂടെ പുറത്തുവരുന്നത്. എന്തിനോട് എതിരിടുന്നു എന്ന് അന്വേഷിച്ചാൽ അതിന്റെ കാരണങ്ങളിൽ ബാല്യത്തിലെ കടുത്ത ഏകാന്തത മുതൽ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങൾ വരെ ഉണ്ടാകാം. റിപ്പോർട്ട് ചെയ്യപ്പെടുന്ന 90 ശതമാനത്തിലധികം കേസുകളിൽ കുട്ടിക്കാലത്തു ഏതെങ്കിലും വിധത്തിളുള്ള ചൂഷണമോ അവഗണനയോ അനുഭവിച്ചവരിലാണ് ഡിസോസിയേറ്റീവ് ഐഡന്റിറ്റിറ്റി ഡിസോർഡർ ഉണ്ടാകുന്നത്.

എന്നാൽ ഈ ഡിസോർഡർ ഉണ്ടാകുന്നവർ എല്ലാം സൈക്കോ കൊലപാതകികൾ ആകും എന്നത് സിനിമയും സാഹിത്യവും ഉണ്ടാക്കി എടുത്ത ഒരു മിത്താണ്. മനോജ് നൈറ്റ് ശ്യാമളന്റെ ഗ്ലാസ് എന്ന സിനിമ വരുന്ന വർഷം റീലീസിനൊരുങ്ങുന്നു. ആളുടെ 2017 ലെ സ്പ്ലിറ്റ് എന്ന ചിത്രത്തിന്റെ തുടർച്ചയാണത്. സ്പ്ലിറ്റ് ഒരു സിനിമ എന്ന നിലയിൽ വളരെ ഏറെ കയ്യടി നേടി. പക്ഷെ സ്പ്ലിറ്റ് പഴ്സണാലിറ്റി ഡിസോർഡർ ഉള്ളവർ എല്ലാം കുഴപ്പക്കാരാണെന്ന മിത്തിനെ ആ സിനിമ ഊട്ടിഉറപ്പിക്കുന്നതിനെ കുറിച്ച് മനഃശാസ്ത്ര ബ്ലോഗുകളിൽ കൊട്ടക്കണക്കിന് ലേഖനങ്ങൾ ആണ് വന്നത്.

എന്നാൽ അക്രമാസക്തമായി പ്രതികരിക്കുന്ന, കൊലപാതക വാസനയുള്ള രോഗികൾ (മൈനോറിറ്റി ആണെങ്കിലും) ഉണ്ടെന്നുള്ള വസ്തുത വിസ്മരിച്ചുകൂടാ. ഇവിടെ നാഗവല്ലി ആകുന്ന ഗംഗ അത്തരത്തിൽ ഒരാളാണ്. അതായത് അവളിൽ ഉണ്ടായിട്ടുള്ള ആന്തരിക മുറിവുകളും അത്ര ഏറെ വലുത് ആയിരുന്നെന്ന് പറയേണ്ടി വരും. അത് ഉണ്ടാക്കിയിരിക്കുന്നത് ഒരു തവണയോ പല തവണയോ ആയി സംഭവിച്ചിരിക്കുന്ന ഒരു ട്രോമയിലാണ്. അത്തരത്തിൽ നോക്കുമ്പോൾ അവളുടെ തറവാടുമായി ബന്ധപ്പെട്ടു നിന്ന പീഡോഫീലിക് ആയ, അവളെക്കാൾ പ്രായം ഏറെയുള്ള ഒരു ഒരാൾ, അവളെ ഉപദ്രവിച്ചിരിക്കാം എന്ന് ഉള്ള ഒരു സൂചനയാണത് (പിന്നീട് ഉള്ള കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ).

അന്ന സാൾട്ടറുടെ ട്രാൻസ്‌ഫോമിങ് ട്രോമ എന്ന പുസ്തകമനുസരിച്ച് ഒരു കുട്ടി ലൈംഗികാതിക്രമത്തിനു വിധേയയാകുമ്പോൾ പലപ്പോഴും അറിയാതെ തന്നെ ആ പീഡോഫൈല് കമ്യുണിക്കേറ്റ് ചെയ്യുന്ന ആശയങളെ മാനസികമായി സ്വാംശീകരിക്കുന്നുണ്ട്.

ഈ ആശയങ്ങൾ അല്ലെങ്കിൽ മെസേജുകൾ വര്ഷങ്ങളോളം സർവൈവറുടെ അബോധമനസ്സിൽ കിടക്കുകയും മുന്നനുഭവത്തെ ഓർമിപ്പിക്കുന്ന ഒരു ഭാവിസാഹചര്യം വരുമ്പോൾ ബോധമനസിലേക് വരികയും ചെയ്യാം. ഗംഗ സെക്ഷ്‌വലി ആക്റ്റീവ് ആയ ഒരു കഥാപാത്രമാണന്ന് സൂചനകൾ ഉണ്ട്. എന്നാൽ വർക്കഹോളിക് ആയ നകുലനുമായുള്ള ദാമ്പത്യത്തിൽ ഇല്ലാതെ പോകുന്ന ഒരു പ്രധാന സംഗതിയും സെക്സ് ലൈഫാണ്.

എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒന്നിന് കാരണം നകുലൻ സെക്ഷ്‌വലി തീരെ ഇനാക്റ്റീവ് ആയത് കൊണ്ട് ആണെന്ന് കരുതുന്നത് ഒരു തെറ്റായിരിക്കും. അയാൾ അവളുമായി ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോൾ പഴയ ട്രോമയുടെ ഏടുകൾ ഒരുപക്ഷെ ഗംഗയുടെ ബോധത്തിലേക്ക് വീണ്ടും വന്നിരിക്കാം. അവൾ തനിക്കറിയാവുന്ന ഗംഗയിൽ നിന്ന് മാറി മറ്റൊരാളാകുന്നത് കണ്ട അയാൾ പിന്നീട് സാഹചര്യങ്ങൾ മനഃപൂർവം ഒഴിവാക്കിയതാകാം (അതായത് സണ്ണി പറയുന്നതിന് മുൻപ് തന്നെ ഗംഗയിലെ ചില്ലറ വിഭ്രാന്തികൾ നകുലൻ കണ്ടിട്ടുണ്ടാകാം, പക്ഷെ അതിനെ ഒരു മാനസികപ്രശ്നമായി കണ്ടിട്ടുണ്ടാകില്ല). ഇവിടെ ആണ് ഗംഗയുടെ അബോധമനസ്സിൽ നകുലൻ ഒരു വില്ലന്റെ രൂപഭാവങ്ങൾ സ്വീകരിക്കുന്നത്. അതായത് ഗംഗയിൽ നാഗവല്ലി രൂപപ്പെടും മുൻപ് തന്നെ നകുലനെ വില്ലിഫൈ ചെയ്യുന്ന മറ്റൊരു പേഴ്‌സണാലിറ്റി രൂപപ്പെടുന്നുണ്ട്.

എന്നാൽ ഗംഗ ആയിരിക്കുമ്പോൾ ഭീകരമായ സ്നേഹമാണ് അവൾക്ക് അയാളോട് ഉള്ളത്. അയാൾക്ക് തിരിച്ചും അത് പോലെ തന്നെ. എന്നാൽ അയാളെ വില്ലനാക്കുമ്പോൾ തന്നെ (surprisingly) മറ്റൊരാൾക്ക് വേണ്ടി കാമിക്കുന്ന ഒരു അപരവ്യക്തിത്വം അവളിൽ ഉടലെടുക്കുന്നുണ്ട്. ആ കാമത്തിനായി സാഹസികയാകാനും തയ്യാറുള്ള ഒരു വ്യക്തിത്വമാണ് അത്. അതായത്
രാമനാഥൻ എന്ന നൃത്തക്കാരന്റെ വീട്ടിൽ താമസിക്കുന്ന വാധ്യാരുമായി വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയുന്ന നാഗവല്ലി അല്ല(കല്യാണം മുടക്കൽ ന്യായം), അയാളുമായി ലൈംഗികബന്ധം ആഗ്രഹിക്കുന്ന (ആ പേരില്ലാത്ത) വ്യക്തിത്വത്തെ ആണ് സിനിമയിൽ നാം കാണുന്നത്.

മാടമ്പള്ളിയിൽ വെച്ച് സെക്ഷ്വലി അസോൾട്ടഡാകുന്ന നാഗവല്ലി എന്ന നർത്തകിയോട് ഉള്ള എമ്പതി ഗംഗയ്ക്കുണ്ടാകുമ്പോൾ, പതിയെ നാഗവല്ലിയായുള്ള ട്രാന്സിഷൻ സാധ്യമാക്കുന്നത് അവളിൽ മുൻപ് തന്നെ രൂപപെട്ടിട്ടുള്ള അപരവ്യക്തിത്വമാണ്.

ഗംഗക്കും നാഗവല്ലിക്കും ഇടയ്ക്കുള്ള ഒരു ഇന്റര്മീഡിയറ്റ് പേഴ്സണാലിറ്റി ആയാണ് അത് നാം കാണുന്ന ഭാഗങ്ങളിൽ നിലകൊള്ളുന്നത്. കാരണം ആ പേഴ്സണാലിറ്റിക്ക് (X എന്ന് വിളിക്കാം) ഗംഗയെന്ന ആളെ വേറൊന്നായിട്ടു അറിയാം, നാഗവല്ലി എന്ന ആളെ മറ്റൊന്നായിട്ട് അറിയാം, നകുലനെയും ഡോ. സണ്ണിയെയും അറിയാം. നാഗവല്ലിക്ക് ഗംഗയെ അറിഞ്ഞൂടാ; നകുലനെയോ, ഡോ. സണ്ണിയേയോ അറിഞ്ഞൂടാ. ഗംഗയ്ക്കും ഒരു വലിയ ഭാഗം വരെ നാഗവല്ലി തന്റെ ഉള്ളിലെ ഒരാൾ ആണെന്ന് അറിഞ്ഞൂടാ. നാഗവല്ലിയിൽ പ്രതികാരമാണ് ഡൊമിനെന്റ് വികാരം. എന്നാൽ X ഇൽ വളരെ സീക്രെറ്റീവ് നേച്ചറുള്ള കാമമാണ് പ്രധാനം. ഈ മൂന്നു പേഴ്സണാലിറ്റികളിൽ അതിമാനുഷികമായ കഴിവുകളിൽ മുൻപ് നിൽക്കുന്നത് X ആണ്. അത് നാഗവല്ലി പോലുമല്ല. തമിഴും മലയാളവും പറയുന്ന, സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്ന, അല്ലിയെ കൊല്ലാൻ ശ്രമിക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ വ്യക്തിത്വം X ആണ്.

“വിരൽകൾ മീട്ട നീ ഇല്ലാതു
വാടിടും പൊൻ വീണൈ നാൻ
മലർകൾ സൂട്ട നീ ഇല്ലാത്
മയങ്കിടും പെൺ പാവ നാൻ
ഒരുവൻ പോട്ട വലയിൽ വിഴുന്ത്
ഉറവൈ തേടും പൂങ്കുയിൽ നാൻ”

സണ്ണി എക്സ്പീരിയൻസ് ചെയ്യുന്ന “രാത്രിയിലത്തെ കലാപരിപാടികളിൽ” കേൾക്കുന്ന വരികൾ ആണ്. അതായത് ആദ്യം അയാൾ സംസാരിക്കുന്നത് X നോട് ആണ്. ഇവിടെ ഭാവം രൗദ്രമല്ല. തന്നെ ഉപദ്രവിച്ചവനെ കുറിച്ച് ഇവിടെ റഫറൻസ് ഉണ്ട്. X ൽ നിന്ന് നാഗവല്ലിയിലേക്ക് ഉള്ള ഒരു ട്രാന്സിഷൻ സണ്ണി അറിയുന്നുണ്ട്. പിറ്റേന്ന് തെക്കിനിയിൽ ഗംഗയെ കൂട്ടി കൊണ്ട് പോകുമ്പോൾ ഗംഗയിൽ നിന്ന് X ഇലേക്കുള്ള ട്രാൻസിഷനും അയാൾ അറിയുന്നുണ്ട്. തമിഴ് അറിയാത്ത ഗംഗ സണ്ണി “ഒരു മുറയ് വന്ത് പാറായാ” എന്ന് പാടി X ന്റെ സീക്രെറ്റീവ് നേച്ചറിന് ഒരു തട്ട്കൊടുക്കുമ്പോൾ അവളുടെ മുഖം മാറുന്നുണ്ട്. പിന്നീട് ആഭരണപെട്ടിയിലെ സാധനങ്ങൾ കാട്ടുന്ന X ചിലങ്ക കാണാതെ ആകുമ്പോൾ അസ്വസ്ഥയാകുന്നു. ആ അസ്വസ്ഥത അടുത്ത ട്രാന്സിഷനിലേക്ക്, നാഗവല്ലിയിലേക്, എത്തിക്കും എന്ന സാഹചര്യത്തിലാണ് സണ്ണി അവിടെ ഒരു കട്ട് പറയുന്നത്. ഈ ഒരു വ്യക്തിത്വത്തിന്റെ പ്രസക്തി എന്താണെന്നു വെച്ചാൽ, നാഗവല്ലിയെ ഇല്ലാതാക്കി എന്ന് ഗംഗയെ വിശ്വസിപ്പിച്ചു നകുലന് കൂടെ അയക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ് എങ്കിലും ഈ X അവിടെ തന്നെ കാണാനുള്ള സാധ്യത അവശേഷിക്കുന്നു എന്നുള്ളതാണ്. അതറിഞ്ഞു കൊണ്ട് തന്നെ ആകും സണ്ണി മാടമ്പള്ളിയിൽ നിന്ന് വണ്ടി വിട്ടിട്ടുണ്ടാകുക!

മത്സരത്തിലെ മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം

We use cookies to give you the best possible experience. Learn more