ഗ്രഹാം സ്റ്റെയിനെയും മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ ചുട്ടുകൊന്നിട്ട് ഇന്നേക്ക് 25 വർഷം
Graham Staines
ഗ്രഹാം സ്റ്റെയിനെയും മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ ചുട്ടുകൊന്നിട്ട് ഇന്നേക്ക് 25 വർഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 9:51 am

 

ഭുവനേശ്വർ: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസ് അവരുടെ മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്സ് ഏഴ് വയസ്സുകാരൻ, തിമോത്തി എന്നിവരെ സംഘപരിവാർ ജീവനോടെ കത്തിച്ചിട്ട് ജനുവരി 22ന് കാൽനൂറ്റാണ്ട്. ആദിവാസികളെ നിർബന്ധിതമായി മതപരിവർത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കുടുംബത്തെ ഹിന്ദുത്വ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തത്.

ഓസ്ട്രേലിയൻ പൗരനായിരുന്നു ഗ്രഹാം സ്റ്റെയിൻസ് ഒഡീഷയിലെ മനോഹർപുരിലാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. ബി.ജെ.പി ഭരിക്കുന്ന ഭരണകൂടം ബാബരി മസ്ജിദ് തകർത്ത് പണിത അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ആഘോഷിക്കാൻ ഒരുങ്ങുന്ന അതേ ദിവസമാണ് കൂട്ടക്കൊലയുടെ ഇരുപത്തിയഞ്ചാം വാർഷികം തികയുന്നത്. ഒഡീഷയിലെ പല മനുഷ്യവകാശ സംഘടനകളും അനുസ്മരണ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

30 വർഷത്തോളം കുഷ്ഠരോഗികൾക്ക് വേണ്ടി പ്രവർത്തിച്ച ക്രിസ്ത്യൻ മിഷനറിയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. 1965 ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹം പിന്നീട് ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. രോഗികൾക്ക് വേണ്ടി ഒരു വീട് ഒരുക്കിയ അദ്ദേഹവും കുടുംബവും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തിൻറെ കൊലപാതകം വലിയ ഞെട്ടലാണ് രാജ്യത്ത് സൃഷ്ടിച്ചത്. ലോകത്തിൽ നടന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ് ഇതെന്ന് പറഞ്ഞാണ് പ്രസിഡന്റ് കെ.ആർ. നാരായണൻ അപലപിച്ചത്.

ആദിവാസികളെ നിർബന്ധിതമായ മതപരിവർത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ച് ധാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കണം അഴിച്ചുവിടുകയായിരുന്നു. മനോഹർ ഗ്രാമത്തിൽ നടന്നുവന്ന ഉത്സവത്തിൽ പങ്കെടുക്കാനായി കാറിൽ സഞ്ചരിക്കുകയായിരുന്ന അവരെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്റ്റെയിൻസും മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രോഷിതരായ ആൾക്കൂട്ടം അവരെ അതിന് അനുവദിച്ചില്ല. ഭാര്യ ഗ്ലാഡിസും മകൾ എസ്തറും സംഭവ സമയത്ത് കൂടെ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.

സംഭവം അന്വേഷിച്ച കമ്മീഷൻ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. രാജ്യത്ത് വൻപ്രതിഷേധത്തിന് കാരണമായ സംഭവത്തിൽ പ്രതി ധാരാസിങ് അടക്കമുള്ളവർ ജീവപര്യന്തത്തിന് തടവനുഭവിക്കുകയാണ്.

ആതുര സേവനരംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനത്തിന് ആദരസൂചകമായി രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭർത്താവിന്റെ മരണശേഷം ആശുപത്രി പ്രവർത്തനം ഏറ്റെടുത്ത ഗ്ലാഡിസ് 2015 ൽ ഗ്രഹാം സ്റ്റെയിൻസ് മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ചു. സാമൂഹികനീതിക്കുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു. സംഘപരിവാർ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ബാബരി മസ്ജിദ് ആസൂത്രിതമായി തകർത്തു പണിത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാനിനിരിക്കുന്ന അതേദിവസം തന്നെയാണ് ഗ്രഹാം സ്റ്റെയിൻസ് കൂട്ടക്കൊലയ്ക്ക് 25 വർഷം തികയുന്നത് എന്നത് ചരിത്രത്തിന്റെ മുറിവാകുന്നു.

Content Highlight:25th anniversary of Graham Staines murder to be observed in Odisha on January 22