വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്.
25ാം ഭേദഗതി എനിക്ക് സീറോ റിസ്‌ക് ആണ് എന്നാണ് ടെക്‌സാസില്‍ മെക്‌സിക്കോ അതിര്‍ത്തിക്ക് സമീപം നിര്‍മ്മിച്ച മതിലിനു മുന്നില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത്.
” 25ാമത് ഭേദഗതി എനിക്ക് സീറോ റിസ്‌ക് ആണ്. പക്ഷേ അത് ബൈഡനെയും അദ്ദേഹത്തിന്റെ ഭരണത്തെയും വേട്ടയാടും. ഈ പ്രയോഗം എടുത്തിടുമ്പോള്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധിക്കണം. ക്രമസമാധാന പാലനത്തില്‍ വിശ്വസിക്കുകയാണ് വേണ്ടത്,” ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപിനെ ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നത്.
തിങ്കളാഴ്ച ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.
എന്താണ് 25ാമത് ഭേദഗതി
1967 ലാണ് ഭരണഘടനയിലെ 25ാമത് ഭേദഗതി അമേരിക്ക അംഗീകരിക്കുന്നത്. പ്രസിഡന്റ് മരിക്കുകയോ അപ്രാപ്തനാകുകയോ ചെയ്യുമ്പോള്‍ പുതിയ രാഷ്ട്രതലവനെ സൃഷ്ടിക്കുന്നതിനുള്ള നിയമ സംവിധാനം ഉണ്ടാകുന്നത് ഇതിലൂടെയാണ്.
അമേരിക്കയുടെ പ്രസിഡന്റ് മരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ സ്ഥിരമായി വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിക്കുന്നതും ഈ ഭേദഗതിയിലൂടെയാണ്.
അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡിയുടെ വധമാണ് ഇതില്‍ നിര്‍ണയാകമാകുന്നത്. കെന്നഡിയുടെ വധത്തിന് പിന്നാലെ അമേരിക്കയില്‍ അടുത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
മുന്‍പ് ഉപയോഗിച്ചിട്ടുണ്ടോ?
1985ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ഒരു ശസ്ത്രക്രിയ നടത്തിയ സമയത്ത് വൈസ് പ്രസിഡന്റിന് താത്ക്കാലികമായി അധികാരവും ചുമതലകളും കൈമാറാന്‍ അനുവദിക്കുന്ന 25ാം ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിച്ചിരുന്നു.
ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ സമയത്തും 25ാമത് ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിക്കപ്പെട്ടു. വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡലിനെ തുടര്‍ന്ന് റിച്ചാര്‍ഡ് നിക്സണ്‍ രാജിവെച്ച ഒഴിവില്‍ ജെറാള്‍ഡ് റൂഡോള്‍ഫ് ഫോര്‍ഡ് അധികാരത്തിലേറുന്നത് ഇതേ നിയമത്തിന്റെ രണ്ടാമത്തെ അനുച്ഛേദം ഉപയോഗിച്ചാണ്.
എന്നാല്‍ പ്രസിഡന്റ് അയോഗ്യനാണെന്ന പൊതു അഭിപ്രായത്തിന്‍മേല്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭേദഗതിയുടെ നാലാമത്തെ അനുച്ഛേദം ഇതുവരെ അമേരിക്കയുടെ ചരിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല.
നിലവില്‍ ഡൊണാള്‍ഡ് ട്രംപിനെ മൈക്ക് പെന്‍സിന് 25ാം ഭരണഘടനയുടെ 4ാമത് ഭാഗം ഉപയോഗിച്ച് മാത്രമേ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അങ്ങിനെ നാലാമത്തെ അനുച്ഛേദം ട്രംപിനെതിരായി പ്രയോഗിക്കപ്പെട്ടാല്‍ പ്രസിഡന്റ് അയോഗ്യനായതുകൊണ്ട് പുറത്താക്കപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റാകും ഡൊണാള്‍ഡ് ട്രംപ്.
പ്രസിഡന്റിന്റെ ടീമംഗങ്ങള്‍ തന്നെ അദ്ദേഹം അയോഗ്യനാണെന്ന് വിലയിരുത്തുമ്പോള്‍ മാത്രമാണ് ഇതിന് സാധുതയേറുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: 25th Amendment ‘zero risk to me’, says Donald Trump, claims it will haunt Joe Biden