സംസ്ഥാനത്ത് 251 വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരില്ല; കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ് ; ഇംഗ്ലീഷിന് പ്രത്യേക അധ്യാപകര്‍ വേണമെന്നും ആവശ്യം
Education
സംസ്ഥാനത്ത് 251 വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരില്ല; കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ് ; ഇംഗ്ലീഷിന് പ്രത്യേക അധ്യാപകര്‍ വേണമെന്നും ആവശ്യം
ആര്യ. പി
Thursday, 19th April 2018, 2:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 251 വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് യോഗ്യരായ അധ്യാപകരില്ലെന്ന് കണക്ക്. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളാണ് ഇംഗ്ലീഷ് പ്രാവീണ്യമുള്ള അധ്യാപകരുടെ കുറവുള്ളത്. വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കണക്ക് പുറത്തുവിട്ടത്.

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപന നിലവാരം മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2002ലാണ് ഇംഗ്ലീഷ് ഭാഷാപഠനത്തിനായി പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചത്.

ഇംഗ്ലീഷില്‍ ബിരുദവും ബി എഡും ഉള്ളവരെ പ്രത്യേകം നിയമിക്കണമെന്ന് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അഞ്ച് ഡിവിഷനുകളെങ്കിലുമുള്ള സ്‌കൂളുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഡിവിഷനുകള്‍ അഞ്ചില്‍ കുറവുള്ള 251 സ്‌കൂളുകള്‍ പുറത്തായത്.

അഞ്ച് ഡിവിഷനുകള്‍ സ്‌കൂളുകളില്‍ ഉണ്ടെങ്കിലേ ഇംഗ്ലീഷിനായി പ്രത്യേക അധ്യാപകരെ കൊടുക്കാന്‍ കഴിയുകയുള്ളൂവെന്നും നാല് ഡിവിഷന്‍ ആയാല്‍ പോലും ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാനാവില്ലെന്നും അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജസി ജോസഫ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

“” കോര്‍ സബ്ജക്ടായിട്ടാണ് ഇംഗ്ലീഷിനെ കണക്കാക്കുന്നത്. അത് സര്‍ക്കാരിന്റെ പോളിസിയുടെ ഭാഗം കൂടിയാണ്. ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇനി അത് സര്‍ക്കാരില്‍ നിന്നാണ് ഓര്‍ഡര്‍ ആകേണ്ടത്””- ജിസി ജോസഫ് പറഞ്ഞു

അതേസമയം ഇംഗ്ലീഷ് ഭാഷാ പഠിപ്പിക്കായി സ്‌കൂളുകളില്‍ പ്രത്യേകം അധ്യാപകര്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി സ്‌കൂളുകളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതികളും പല കാലങ്ങളിലായി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നത്.

നിലവില്‍ ഈ സ്‌കൂളുകളില്‍ കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകരാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത്. മലയാളം, ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളൊക്കെ ഹൈസ്‌കൂള്‍ തലത്തില്‍ ഭാഷാവിഷയങ്ങളാക്കി കണക്കാക്കുമെങ്കിലും ഇംഗ്ലീഷിനെ കോര്‍ സബ്ജക്ടായിട്ടാണ് കണക്കാക്കുന്നത്.

അതായത് കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവും പോലുള്ള ഒരു വിഷയമാണ് ഇംഗ്ലീഷും. 2002 വരെ ഇംഗ്ലീഷ് പഠിപ്പിക്കാനായി സംസ്ഥാനത്ത് ഒരിടത്തും പ്രത്യേക അധ്യാപകരെ നിയമിച്ചിരുന്നില്ല. മറ്റ് വിഷയങ്ങളില്‍ ബിരുദവും ബി എഡുമുള്ളവര്‍ ഇംഗ്ലീഷും പഠിപ്പിച്ചുപോന്നു.

നിലവില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ആഴ്ചയില്‍ മൂന്ന് പിരിയഡുകളാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഈ സ്‌കൂളുകളിലെല്ലാം പുതിയ തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും.

ഇംഗ്ലീഷിനായി പ്രത്യേക അധ്യാപകര്‍ വേണമെന്ന് തന്നെയാണ് തങ്ങളുടേയും ആഗ്രഹമെന്നും അതിനോട് തങ്ങളും യോജിക്കുന്നെന്നും ഡയരക്ട്രേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രഷന്‍ പറയുന്നു. “” സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. കോര്‍ സബ്ജക്ടിനെ ലാംഗ്വേജ് ആക്കി മാറ്റിയാല്‍ മാത്രമേ നമുക്ക് അധ്യാപകരെ വെക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. 251 സ്‌കൂളുകളാണെങ്കില്‍ 251 തസ്തികകള്‍ സൃഷ്ടിക്കണം. 251 പേര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കണം. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇരിക്കുന്ന കാര്യമാണ്. ഇംഗ്ലീഷിനായി പ്രത്യേക അധ്യാപകര്‍ ഉള്ളത് നല്ലതാണ്. വിദേശഭാഷയാണ്. അത് പഠിച്ച ആളുകള്‍ തന്നെ പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെയാണ് ഇതില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത്””- ജസി ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

സര്‍ക്കാര്‍-സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രസ്തുത വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരുന്നെങ്കില്‍, ഇംഗ്ലീഷിന്റെ കാര്യം വ്യത്യസ്തമായിരുന്നു. ഏതൊരു ബിരുദധാരിക്കും പഠിപ്പിക്കാവുന്ന ഒരു വിഷയമായിട്ടാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷകന്മാര്‍ ഇംഗ്ലീഷ് ബോധനം വിഭാവനം ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷ് ഭാഷയോട് വേണ്ടത്ര ആഭിമുഖ്യമോ അതില്‍ വേണ്ടത്ര പ്രാവിണ്യമോ ഇല്ലാതിരുന്ന നല്ലൊരു ശതമാനം അധ്യാപകരും ചേര്‍ന്ന് പകര്‍ന്നു നല്‍കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം തലമുറകളെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തം തന്നെയായിരുന്നെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇന്ന് മിക്ക സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപനത്തിനായി ഇംഗ്ലീഷില്‍ ഐച്ഛിക ബിരുദം നേടിയവരെയാണ് നിയമിക്കുന്നതെങ്കിലും, ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.