വ്യാജ സന്ദേശം പ്രചരിപ്പിച്ച 250 വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്
World
വ്യാജ സന്ദേശം പ്രചരിപ്പിച്ച 250 വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2012, 12:13 am

ന്യൂദല്‍ഹി: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന 250ലേറെ വെബ്‌സൈറ്റുകള്‍ വിലക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ണാടകത്തില്‍നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തതില്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ച വ്യാജ ചിത്രങ്ങള്‍ കാരണമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.[]

കഴിഞ്ഞ ദിവസം എതാണ്ട് 80 ഓളം സൈറ്റുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.  സോഷ്യല്‍ നെറ്റ് വര്‍ക്കിങ്‌ സൈറ്റുകളായ ഫേസ്ബുക്ക്,  ട്വിറ്റര്‍, യൂട്യൂബ്‌ തുടങ്ങിയവയിലൂടെയാണ് ഇത്തരം ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്.

ജൂലൈ 13 മുതലാണ് ഇത്തരം ചിത്രങ്ങളും മറ്റും ഓണ്‍ലൈനിലൂടെ പ്രചരിച്ചു തുടങ്ങിയത്. ബാംഗ്ലൂര്‍, പൂനെ, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അടങ്ങുന്ന എസ്.എം.എസ് സന്ദേശങ്ങള്‍ക്ക് പുറമെയായിരുന്നു സൈബര്‍ പ്രചാരണം.

ഇന്ത്യക്കെതിരെ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ സൈബര്‍ യുദ്ധമായാണ് ഇതിനെ കേന്ദ്രം കാണുന്നത്. കമ്പ്യൂട്ടറുകളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രതികരണ ടീമിന്റെ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.

ആസാം കലാപം വ്യാപിപ്പിക്കാന്‍ വേണ്ടി പാക് സംഘടനകള്‍ നടത്തിയ നീക്കമാണിതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.  ഹൈദരാബാദിലും മറ്റും പാകിസ്ഥാനികള്‍ പാക് പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ച് സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ അത്തരമൊരു പതാക ഉയര്‍ത്തല്‍ ഉണ്ടായിട്ടില്ല. അതേസമയം, ഇത്തരം വ്യാജസന്ദേശങ്ങള്‍ നിറഞ്ഞ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്‌ സൈറ്റുകള്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.