| Tuesday, 24th March 2020, 7:57 am

ലോക്ഡൗണ്‍ ലംഘിച്ചു; ബിഹാറില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത് 250 വാഹനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 250 വാഹനങ്ങള്‍ പിടിച്ചെടുത്ത് ബീഹാര്‍ സര്‍ക്കാര്‍. കാര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളാണ് സര്‍ക്കാര്‍ തിങ്കളാഴ്ച പിടിച്ചെടുത്തത്.

” ലോക്ഡൗണ്‍ നിയമം ലംഘിച്ചവരുടെ വാഹനങ്ങളാണ് തിങ്കളാഴ്ച്ച പിടിച്ചെടുത്തത്. കാര്‍. ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെ 250 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്,” ബിഹാര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി സജ്ഞയ് അഗര്‍വാള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിനോട് സഹകരിക്കാനും അഗര്‍വാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
നിയമം ലംഘിച്ചാല്‍ പിഴചുമത്തുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചതിന് പൊലീസ് 10 എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. 93 പേരാണ് സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്.

അതേസമയം, രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more