| Sunday, 3rd May 2020, 7:07 pm

ലോക്ഡൗണ്‍ കാരണം അഴുക്കുചാലിലാവുന്നത് 8 ലക്ഷം ലിറ്റര്‍ ബിയര്‍; രാജ്യത്ത് കെട്ടിക്കിടക്കുന്നത് 700 കോടിയുടെ മദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് ലോക്ഡൗണ്‍ മൂന്നാംഘട്ടവും നീട്ടിയതോടെ ഉപേക്ഷിക്കേണ്ടിവരുന്നത് എട്ട് ലക്ഷം ലിറ്റര്‍ ബിയറെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായുള്ള 250 ബ്രൂവറികളില്‍നിര്‍മ്മിച്ച ബിയറാണ് ഒഴുക്കിക്കളയേണ്ടി വരിക.

ഇതിന് പുറമെ 700 കോടി വിലവരുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ പാക്കറ്റുകളും ഉപേക്ഷിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ദല്‍ഹി ഒഴികെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുകയാണ് ഈ പാക്കറ്റുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍നിന്നും മദ്യം ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്.

ബ്രൂവറികളില്‍ നിര്‍മ്മിച്ച കുപ്പികളില്‍ നിറയ്ക്കാത്ത മദ്യം അധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് ബ്രൂവറി കണ്‍സള്‍ട്ടന്റ് ഇഷാന്‍ ഗ്രോവര്‍ വ്യക്തമാക്കുന്നത്. ഗുര്‍ഗോണിലെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളയുന്നതിലേക്ക് കടന്നുകഴിഞ്ഞു. ബിയര്‍ കേടാവാതെ സൂക്ഷിക്കാന്‍ അധികം വൈദ്യതിചെലവ് ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യവ്യാപക ലോക്ഡൗണിനെത്തുടര്‍ന്ന് പുതിയ എട്ട് ലക്ഷം ബിയര്‍ സംഭരിക്കുന്ന എല്ലാ പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണെന്നാണ് ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ഒഴുക്കിക്കളയേണ്ടി വരുമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

പല ഇളവുകളും മൂന്നാം ഘട്ട ലോക്ഡൗണില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മദ്യത്തിന് ഇളവുകളൊന്നും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ലോക്ഡൗണ്‍ ഉള്ള 35 രാജ്യങ്ങളില്‍ ഇത്തരത്തില്‍ മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അസോസിയേഷന്റെ മഹാരാഷ്ട്ര പ്രസിഡന്റ് ബോണ്‍സ്ലെ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more