‘ദ പ്രിന്റി’നു വേണ്ടി തസ്‌ലിമ നസ്‌റീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ
25 വര്‍ഷം മുന്‍പ് ഈ ദിവസമാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ എന്നെ ബലം പ്രയോഗിച്ച് എന്റെ സ്വന്തം രാജ്യത്തു നിന്ന്, സ്വന്തം വീട്ടില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയത്.
അതിനുശേഷം ഞാന്‍ വിദേശത്താണ് താമസിച്ചത്. തുടര്‍ന്ന്, എന്റെ ബാക്കിയുള്ള ജീവിതം മുഴുവന്‍ വിദേശമണ്ണില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി ഞാന്‍ മാറി. പുസ്തക വിലക്കുകള്‍, ഇസ്‌ലാമിക മതഭ്രാന്ത്, ഫത്വകള്‍, നിശബ്ദ ഫെമിനിസ്റ്റുകള്‍- ഈ ആഘാതങ്ങളൊക്കെയും എനിക്കു ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അതൊന്നും എന്നെ തളര്‍ത്തിയില്ല. പക്ഷേ ഒരിക്കലും ഞാനെന്റെ വീട്ടില്‍ തിരിച്ചെത്തില്ലെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.
വീട് മുറിച്ചുമാറ്റപ്പെട്ട ശേഷം എനിക്കെല്ലാം ഭാഷയായിരുന്നു. ആ ഭാഷയിലാണ് ഞാന്‍ അഭയവും വീടും കണ്ടെത്തുന്നത്.
രാജ്യത്തു നിന്നും പശ്ചിമ ബംഗാളില്‍ നിന്നും കൊല്‍ക്കത്ത നഗരത്തില്‍ നിന്നും അയല്‍പക്കത്തുനിന്നും വീട്ടില്‍ നിന്നും എന്നെ പുറത്താക്കിയ വിധം നോക്കൂ. ഇപ്പോള്‍ 25 വര്‍ഷം കഴിയുന്നു. 1994 ഓഗസ്റ്റ് എട്ടുമുതല്‍ ഞാന്‍ ജീവിക്കുന്നത് വിദേശത്താണ്. എന്റെ കാലിനടിയില്‍ ഉറച്ചൊരു ഇടം ഇതുവരെ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല.
അതേസമയം തന്നെ, ബംഗ്ലാദേശിലുള്ള എന്റെ കുടുംബാംഗങ്ങള്‍ക്കു പ്രായമായെന്നും ചിലര്‍ മരിച്ചെന്നും ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എനിക്കവരെ ഒരിക്കല്‍പ്പോലും കാണാന്‍ കഴിഞ്ഞില്ല, അവരോട് യാത്ര പറയാന്‍ കഴിഞ്ഞില്ല.
പക്ഷേ ഞാന്‍ വിഷാദത്തിന് അടിപ്പെട്ടിട്ടില്ല. ഓരോ തവണ എന്നെ തൊഴിച്ച് താഴെയിട്ടപ്പോഴും ഞാന്‍ വീണ്ടും വീണ്ടും എഴുന്നേറ്റു നിന്നിട്ടേയുള്ളൂ. അത് ചിന്തിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഏറ്റവും മോശം സമയങ്ങളില്‍പ്പോലും എന്റെ തത്വങ്ങളില്‍ നിന്നു ഞാന്‍ വ്യതിചലിച്ചിട്ടില്ല. ഒന്നും വിട്ടുകൊടുത്തിട്ടില്ല.
മൗലികവാദികളോട് ഞാന്‍ എന്തിനാണ് രോഷാകുലയായത്?
ദാദ, എന്റെ മൂത്ത ജ്യേഷ്ഠന്‍ കവിയും സാഹിത്യമാസികയുടെ എഡിറ്ററുമായിരുന്നു. 13-ാം വയസ്സില്‍ കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്.
ഒരു ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നിട്ടുകൂടി ഞാന്‍ കലയുടെയും സാഹിത്യത്തിന്റെയും ലോകത്തേക്കു മുങ്ങിപ്പോയി. അതുകൊണ്ടാണ് എനിക്ക് പുസ്തകപ്പുഴു എന്ന നല്ല (ചിലപ്പോള്‍ മോശമാകാം) പേര് ലഭിച്ചത്. പിന്നീട് ഞാന്‍ ജ്യേഷ്ഠനെപ്പോലെ സാഹിത്യ മാസിക ആരംഭിച്ചു.
ബംഗ്ലാദേശിലെ മൈമന്‍സിങ് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍, കോഴ്‌സിന്റെ സമ്മര്‍ദം മൂലം മാസികയുടെ ജോലി തത്കാലത്തേക്ക് നിര്‍ത്തി വെയ്‌ക്കേണ്ടിവന്നു. പക്ഷേ മെഡിക്കല്‍ പ്രൊഫഷനിലേക്കു കടന്നപ്പോള്‍ കവിതകളും പ്രബന്ധങ്ങളും ചെറുകഥകളും നോവലുകളും എഴുതാനും അവ പ്രസിദ്ധീകരിക്കാനും തുടങ്ങി. ദേശീയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കോളം വരാന്‍ തുടങ്ങി.
കോളങ്ങളും പുസ്തകങ്ങളും ജനപ്രിയമാകാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ക്കു ലഭിക്കേണ്ട തുല്യാവകാശത്തെക്കുറിച്ച് പറയുന്ന എന്റെ എഴുത്തുകള്‍ക്കെതിരെ സ്ത്രീവിരുദ്ധര്‍ രംഗത്തുവന്നു. എല്ലാ മതങ്ങളും സ്ത്രീകളുടെ അവകാശത്തിന് എതിരാണെന്ന എന്റെ പ്രസ്താവന എല്ലാത്തരം വിശ്വാസങ്ങളിലും ഉറച്ചുനില്‍ക്കുന്നവര്‍ക്കു പ്രക്ഷോഭത്തിനിറങ്ങാന്‍ കാരണമായി.
ഇസ്‌ലാമിനെതിരായ എന്റെ വിമര്‍ശനം മുസ്‌ലിം മതഭ്രാന്തര്‍ക്കു പ്രതിഷേധങ്ങളും പ്രകടനങ്ങളും വരെ നടത്താന്‍ കാരണമായി. അവര്‍ എന്നെ കൊല്ലണമെന്നാവശ്യപ്പെട്ടു. മുല്ലമാരും മുഫ്തിമാരും എന്റെ തലയ്ക്കു വിലയിട്ടു.
എന്നെ പിന്തുണയ്ക്കുന്നതിനു പകരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ മൗലികവാദികള്‍ക്കൊപ്പം നിന്നു. മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും നിശബ്ദരായിരുന്നു.
അപ്പോഴാണ് എനിക്കെതിരെ ദൈവനിന്ദയ്ക്ക് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിനെ അതിജീവിക്കാനായി ഞാന്‍ ഒളിവില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി. രണ്ടുമാസത്തിനുശേഷം ജാമ്യം ലഭിച്ചു. പക്ഷേ ആ സമയം ഞാന്‍ ഭയം കൊണ്ട് വിറക്കുകയായിരുന്നു.
പകരം വീടായി ബംഗാള്‍ തെരഞ്ഞെടുക്കുന്നു
വിദേശവാസത്തിലായിരിക്കെ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു.
ബംഗ്ലാദേശില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളിലാരെങ്കിലും തിരികെ എന്നെ വീട്ടിലേക്കു കൊണ്ടുപോകുമെന്നു ഞാന്‍ വിചാരിച്ചിട്ടില്ല. അങ്ങനെ എനിക്കെന്റെ പ്രിയപ്പെട്ടവര്‍ ഓരോരുത്തരെയായി നഷ്ടപ്പെട്ടു. മാതാപിതാക്കള്‍, എന്റെ നാനി, അമ്മായിമാര്‍, അമ്മാവന്മാര്‍, സഹോദരര്‍, അധ്യാപകര്‍, അവരെ എനിക്ക് ഒരുവട്ടം കൂടി കാണാന്‍ കഴിഞ്ഞില്ല.
10 വര്‍ഷമാകാറായി. അപ്പോള്‍ ഞാന്‍ പടിഞ്ഞാറന്‍ യൂറോപ്പിലായിരുന്നു. അവിടെ എനിക്കു സുരക്ഷ ലഭിച്ചു, പൗരത്വം ലഭിച്ചു, ബഹുമാനം ലഭിച്ചു. പ്രസാധകര്‍ എന്റെ പുസ്തകങ്ങള്‍ നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. പേരും പ്രശസ്തിയുമല്ല, തിരികെ എനിക്കെന്റെ രാജ്യത്തേക്കു തിപോകണമെന്നായിരുന്നു എപ്പോഴും ആഗ്രഹം.
അവിടെനിന്നാണ് പകരം വീടായി ഞാന്‍ ബംഗാളിനെയും ഇന്ത്യയെയും സ്വീകരിച്ചത്.
ഞാന്‍ മതത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. എന്റെ സ്വന്തം രാജ്യമായി ഇന്ത്യയെ സങ്കല്‍പ്പിക്കുന്നതിന് എനിക്കൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കാരണം, ധാരാളമാളുകള്‍ സംസാരിക്കുന്ന ഒരു ഭാഷയിലാണ് ഞാന്‍ സംസാരിക്കുന്നതും എഴുതുന്നതും.
പക്ഷേ രാഷ്ട്രീയം എന്നെ ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് വീണ്ടും ഇന്ത്യയില്‍ പ്രവേശിച്ചത്.
എന്റെ പോരാട്ടം മനുഷ്യത്വത്തിനു വേണ്ടി
എല്ലായിടത്തുമുള്ള രാഷ്ട്രീയക്കാരും മുസ്‌ലിം മതഭ്രാന്തരും എന്നെ ഇസ്‌ലാം വിരുദ്ധയായി മുദ്രകുത്തി. അവരെന്നെ രാഷ്ട്രീയക്കളികള്‍ക്കായി ഉപയോഗിച്ചു. ഞാന്‍ ജീവിതത്തിലുടനീളം മനുഷ്യത്വത്തിനുവേണ്ടിയാണു പോരാടിയതെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല.
മനുഷ്യാവകാശത്തെക്കുറിച്ചെഴുതിയ എന്റെ അഞ്ചു പുസ്തകങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അങ്ങനെ ബംഗ്ലാദേശ് ഒരു ഇസ്‌ലാമിക മൗലിക രാഷ്ട്രമായി ക്രമേണ മാറി. ബംഗാള്‍ സര്‍ക്കാരും എന്റെ പുസ്തകം നിരോധിച്ചെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം ആ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
പക്ഷേ എന്റെ ചോദ്യം ഇതാണ്- എന്തിനാണ് എന്റെ പുസ്തകങ്ങള്‍ നിരോധിച്ചത്? ഇസ്‌ലാമിലെ വിമര്‍ശകര്‍കാര്‍ക്കും സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ ഇനിയും സാധിക്കില്ലേ?
എവിടെയാണോ ഞാന്‍ അവസാനിപ്പിക്കുന്നത്, എന്റെ അവസാന ശ്വാസവും അവിടെത്തന്നെയായിരിക്കും. സ്ത്രീകള്‍ക്കു തുല്യാവകാശം ലഭിക്കാന്‍ വേണ്ടിയും ജനാധിപത്യത്തിനുവേണ്ടിയും മതേതരത്വത്തിനു വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും വിവേചനരഹിതമായ ഒരു മനോഹരമായ സമൂഹത്തിനു വേണ്ടിയും ഞാനിനിയും എഴുതും.
മനുഷ്യത്വത്തിനുവേണ്ടി ഞാനെഴുതും. എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കും വേട്ടയാടലിനുമെതിരെ എഴുതും.
എന്റെ ഭാഷ എന്റെ രാജ്യമാണ്
നൂറ്റാണ്ടിന്റെ നാലിലൊരു ഭാഗവും ഞാന്‍ വിദേശവാസത്തിലായിരുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? മനുഷ്യത്വത്തെക്കുറിച്ച് എഴുതിയതോ? അതുതന്നെ.
ഇന്നുവരെ എനിക്കു ഫത്വകളും ഭീഷണികളും ലഭിച്ചു. പക്ഷേ ഞാനെന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എത്രത്തോളം അനിശ്ചിതത്വങ്ങളും യാതനകളും ഇനിയും ഞാന്‍ അനുഭവിക്കണം? എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും ഈ ലോകത്തിലെ ഒരു രാജ്യവും എന്റേതല്ല എന്ന്. ഭാഷയാണ് എന്റെ രാജ്യം. എവിടെനിന്നു പറിച്ചുമാറ്റിയാലും എന്റെ ഭാഷ അവര്‍ക്കു കൊണ്ടുപോകാന്‍ പറ്റില്ലെന്ന് എനിക്കു വിശ്വാസമുണ്ട്.
ഒരു വലിയ വിഭാഗം മാധ്യമങ്ങളും എന്റെ എഴുത്തുകള്‍ അധികകാലം പ്രസിദ്ധീകരിക്കില്ല. ഏറ്റവും മോശം സെന്‍സര്‍ഷിപ്പിനാണ് ഞാന്‍ വിധേയയായിക്കൊണ്ടിരിക്കുന്നത്. എന്നെ വരെ സെന്‍സര്‍ ചെയ്യാനുള്ള ആ ശ്രമത്തില്‍ നിന്നു വളരെ കഷ്ടപ്പെട്ടാണു ഞാന്‍ രക്ഷപ്പെട്ടത്. സത്യം പറഞ്ഞാല്‍ ഞാന്‍ നടക്കുന്നത് ഒരു ചരടില്‍ക്കൂടിയാണ്.
ഇപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുമെന്നു ഞാന്‍ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതാണ്. ഈ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന രാജ്യമെന്ന് ഇന്ത്യക്ക് അവകാശപ്പെടാന്‍ കഴിയും. വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിന്റെ പേരില്‍ ഇന്ത്യയില്‍ ആരെയും തൂക്കിക്കൊല്ലുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ല. അതിനുപകരം അവര്‍ക്കു സുരക്ഷ നല്‍കുകയാണു ചെയ്തത്. അപ്പോള്‍ ജനാധിപത്യം യഥാര്‍ഥത്തില്‍ നിലനില്‍ക്കേണ്ടതു തന്നെയല്ലേ?
പരിഭാഷ: ഹരിമോഹന്‍