| Saturday, 16th December 2023, 8:48 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യു.പിയില്‍ ബി.ജെ.പി എം.എല്‍.എക്ക് 25 വര്‍ഷം കഠിന തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്ക് 25 വര്‍ഷം കഠിന തടവ്. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍ നിന്നുമുള്ള രാംദുലാര്‍ ഗോണ്ടിനെയാണ് സോന്‍ഭദ്ര കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അതിജീവിതക്ക് നിതി ലഭിച്ചത്. ഇതിനിടക്ക് എം.എല്‍.എ പല തവണ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

2014 നവംബറിലാണ് ഗോണ്ടിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വയലില്‍ പോയ പെണ്‍കുട്ടിയെ ഗോണ്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവസമയത്ത് ഇയാള്‍ എം.എല്‍.എ അല്ലായിരുന്നെങ്കിലും പങ്കാളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ ആരംഭിച്ചെങ്കിലും പിന്നീട് ഇയാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എം.പി-എം.എല്‍.എ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

തടവിന് വിധിച്ചതോടെ ഗോണ്ടിന് എം.ല്‍.എ പദവി നഷ്ടമായി. ജനപ്രാതിനിധ്യ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യനാവുകയും ശിക്ഷ കഴിഞ്ഞുള്ള അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി അയോഗ്യനായി തുടരുകയും ചെയ്യും.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ബലാത്സംഗം), 506 (തെളിവുകള്‍ നശിപ്പിക്കലും തെറ്റായ വിവരങ്ങള്‍ നല്‍കലും), പോക്സോ നിയമത്തിലെ ചില വകുപ്പുകളും ചേര്‍ത്താണ് അഡീഷണല്‍ ജില്ലാ ജഡ്ജി അഹ്സനുല്ല ഖാന്‍ ഗോണ്ടിനെ കുറ്റക്കാരനെന്ന് വിധിച്ചത്. ഇതിന് പുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ തുക അതിജീവിതക്ക് നഷ്ടപരിഹാരമായും പുനരധിവാസത്തിനുമായും നല്‍കുമെന്നും വിധിയില്‍ പറയുന്നു.

വിധി പ്രസ്താവത്തിന് മുമ്പായി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയെ ഗോണ്ട് സംരക്ഷിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: 25 years rigorous imprisonment for BJP MLA in Uttar Pradesh

We use cookies to give you the best possible experience. Learn more