25 വര്‍ഷങ്ങള്‍; കേരളത്തിലെ ആറ് സ്‌ക്രീനുകളില്‍ സില്‍വര്‍ ജൂബിലിയാഘോഷിച്ച ആ ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം
Film News
25 വര്‍ഷങ്ങള്‍; കേരളത്തിലെ ആറ് സ്‌ക്രീനുകളില്‍ സില്‍വര്‍ ജൂബിലിയാഘോഷിച്ച ആ ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം
വി. ജസ്‌ന
Monday, 29th January 2024, 4:58 pm

ഒരു ഫിലിം ഫെസ്റ്റിവലില്‍ ഏഴില്‍ മാരന്‍ എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ചാര്‍ളി ചാപ്ലിന്റെ ‘സിറ്റി ലൈറ്റ്സ്’ എന്ന സിനിമ കാണാനിടയാകുന്നു. ആ ചിത്രത്തില്‍ നിന്നും  പ്രചോദനം ഉള്‍ക്കൊണ്ട് അതുപോലെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹവും തോന്നുന്നു. അതിന് ശേഷം ഏഴെട്ട് വര്‍ഷമെടുത്താണ് ആ സിനിമക്കുള്ള സ്‌ക്രിപ്റ്റ് അയാള്‍ തയ്യാറാക്കുന്നത്.

ചാര്‍ളി ചാപ്ലിന്റെ സിനിമയില്‍ നിന്ന് പ്രചോദനം തോന്നി എഴുതിയ കഥയായത് കൊണ്ടാകണം, അയാള്‍ നായകനാകാന്‍ ആദ്യം സമീപിക്കുന്നത് വടിവേലുവിനെയാണ്. കഥ കേട്ട് ഇഷ്ടപെട്ട വടിവേലു അയാളോട്, ‘നിങ്ങളുടെ കഥ എനിക്ക് ഇഷ്ടമായി. മികച്ച കഥ തന്നെയാണ് ഇത്. എന്നാല്‍ ഇതില്‍ നായകനാകാന്‍ എനിക്ക് പറ്റുമോ എന്നറിയില്ല, എങ്കിലും ഒരു ആറ് മാസം കാത്തിരിക്കൂ’ എന്ന് പറഞ്ഞു.

എന്നാല്‍ വടിവേലുവിനെ നായകനാക്കി സിനിമയെടുക്കാന്‍ നിര്‍മാതാക്കളെ ലഭിച്ചില്ല. അതോടെ മറ്റൊരു നായകനെ കണ്ടെത്താന്‍ അയാള്‍ക്ക് തീരുമാനിക്കേണ്ടി വന്നു. വടിവേലുവിന് പകരം മറ്റൊരാളെ കൊണ്ടുവരുന്നത് കാരണം കഥയില്‍ അയാള്‍ക്ക് കുറച്ചധികം മാറ്റങ്ങളും വരുത്തേണ്ടിവന്നു.

എങ്കിലും ചിത്രത്തില്‍ കണ്ണ് കാണാത്ത നായികയായത് കൊണ്ട് ആ ചിത്രം വിജയിക്കാന്‍ സാധ്യതയില്ലെന്ന് പലരും അയാളോട് പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും തന്റെ സിനിമയുമായി മുന്നോട്ട് പോകാന്‍ അയാള്‍ തീരുമാനിച്ചു.

അക്കാലത്ത് പ്രശാന്ത്, വിജയ്, പ്രഭുദേവ, മുരളി എന്നിവരായിരുന്നു തമിഴില്‍ ഏറ്റവും ടോപ്പില്‍ നില്‍ക്കുന്ന നായകന്മാര്‍. അയാള്‍ ആദ്യം ചെന്ന് കഥ പറയുന്നത് മുരളിയുടെ അടുത്താണ്. എന്നാല്‍ പിന്നീട് ആ കഥ വിജയിലേക്ക് എത്തുന്നു.

കഥ കേട്ടയുടനെ വിജയ്ക്ക് ഇഷ്ടപെട്ടു. അതില്‍ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം ആവശ്യപെട്ടില്ല. ആകെ പറഞ്ഞത് രണ്ട് ആക്ഷന്‍ സീനുകള്‍ ഉള്‍പെടുത്താന്‍ മാത്രമാണ്. അതോടെ വിജയ്‌യെ നായകനാക്കാന്‍ അയാള്‍ തീരുമാനിച്ചു.

നായികയായി ആദ്യം മനസില്‍ കണ്ടത് രംഭയെ ആയിരുന്നു. എന്നാല്‍ അവരുടെ ഡേറ്റ് പ്രശ്നം കാരണം സിമ്രാനെ കണ്ട് കഥ പറയുന്നു. അന്ന് ഗ്ലാമര്‍ റോളുകള്‍ മാത്രം ചെയ്തു കൊണ്ടിരുന്ന താരം ആ സിനിമയില്‍ അഭിനയിക്കുമോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ സിമ്രാന്‍ ആ വേഷം ചെയ്യാന്‍ സമ്മതിക്കുന്നു.

അന്ന് ആ ചിത്രത്തിന്റെ പേര് ‘രുക്മിണിക്കാഗ’ എന്നായിരുന്നു. എന്നാല്‍ നിര്‍മാതാവ് ആര്‍.ബി. ചൗധരിയുടെ ആവശ്യപ്രകാരം അയാള്‍ സിനിമയുടെ പേര് ‘തുള്ളാത മനമും തുള്ളും’ എന്നാക്കി മാറ്റി. അതില്‍ കുട്ടി എന്ന കഥാപാത്രമായി വിജയിയും രുക്മിണി എന്ന രുക്കുവായി സിമ്രാനുമെത്തുന്നു.

1999 ജനുവരി 29നാണ്  നവാഗത സംവിധായകനായ ഏഴിലിന്റെ ‘തുള്ളാത മനമും തുള്ളും’ എന്ന സിനിമ തിയേറ്ററിലെത്തുന്നത്. ചിത്രം റിലീസായിട്ട് ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നു.

വിജയ് – സിമ്രാന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം തമിഴ്‌നാട്ടിലെ ഡസന്‍ കണക്കിന് തിയേറ്ററുകളില്‍ 200 ദിവസത്തിലധികമോടി ബ്ലോക്ക്ബസ്റ്ററായി മാറി. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മൂന്നെണ്ണം ഈ സിനിമ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച നടിയായി സിമ്രാന്‍, വിജയ്ക്ക് എം.ജി.ആര്‍ ഓണറി അവാര്‍ഡ്. ചിത്രം തെലുങ്കിലും കന്നഡയിലും ബംഗാളിയിലും ഹിന്ദിയിലും ഒഡിയയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു.

അതേസമയം ഇവിടെ കേരളത്തിലാകട്ടെ അതിലും വലിയ ചരിത്രം സൃഷ്ടിക്കാന്‍ ആ സിനിമക്ക് സാധിച്ചു. കേരളത്തിലും പല തിയേറ്ററുകളില്‍ ഈ ചിത്രം 100 ദിവസങ്ങള്‍ക്ക് മുകളിലോടി. കേരളത്തിലെ ആറ് സ്‌ക്രീനുകളില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ സിനിമക്ക് കഴിഞ്ഞു.

ഈ ഒരൊറ്റ സിനിമ കൊണ്ട് വിജയ്ക്ക് ഇങ്ങ് കേരളത്തിലും ആരാധകരായി. ഒരുപക്ഷെ ആ കാലഘട്ടത്തിലെ പല ആളുകളും വിജയ് എന്ന നടന്റെ ഡൈ-ഹാര്‍ഡ് ഫാനായി മാറിയത് ‘തുള്ളാത മനമും തുള്ളും’ എന്ന ഈ ഒരൊറ്റ സിനിമ കൊണ്ടാകണം. വിജയ്യുടെ ഇന്നത്തെ അഭിനയത്തെ വിമര്‍ശിക്കുന്നവര്‍ പോലും ഏറെ ഇഷ്ടപെട്ട ഒരു വിജയ് ചിത്രം തന്നെയാണ് ഇത്.

ഇന്ന് വിജയിയുടെ സിനിമകള്‍ കോടികളുടെ ക്ലബ്ബില്‍ കയറുന്നതും നൂറ് ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതും വലിയ കാര്യമാകില്ല. എന്നാല്‍ അന്ന് അങ്ങനെയായിരുന്നില്ല.

എന്തുകൊണ്ടാകും ആ കഥാപാത്രത്തെ ആളുകള്‍ അത്രയും ഇഷ്ടപെട്ടത്? ഒട്ടും മാസല്ലാത്ത ഒരു സാധാരണക്കാരനായ ഹീറോ, ഒരു കേബിള്‍ ടി.വിക്കാരന്‍. പഞ്ച് ഡയലോഗുകളോ വലിയ ഫൈറ്റ് സീനുകളോ ഉണ്ടായിരുന്നില്ല. പകരം ഓരോ സീനിലും വിജയ് ജീവിച്ചു കാണിക്കുകയായിരുന്നു. സിമ്രാന്റെ അഭിനയവും എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. അവരുടെ കരിയറില്‍ മികച്ച ഒരു കഥാപാത്രം തന്നെയായിരുന്നു ഈ ചിത്രത്തിലേത്.

ഇതിലെ പാട്ടുകള്‍ ഓരോന്നും ഇന്നും എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഉള്‍പ്പെടുന്നു. സിനിമയുടെ പേര് പറയുമ്പോള്‍ തന്നെ പലപ്പോഴും മനസിലേക്ക് ഓടിയെത്തുന്നത് ചിത്രത്തിലെ പാട്ടുകളാകാം. ഈ ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുന്ന രംഗം, അമ്മയുടെ മരണം അറിഞ്ഞ ശേഷം കുട്ടി (വിജയ്) ബാത്ത്‌റൂമില്‍ പോയി കരയുന്ന ആ സീന്‍ തന്നെയാകും. വിജയ് എന്ന നടന്‍ ശരിക്കും ജീവിച്ചു കാണിച്ച സീന്‍.

Content Highlight: 25 Years Of Vijay’s Thulladha Manamum Thullum

 

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ