മാസ് സിനിമകള്‍ക്കിടയില്‍ നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മിപ്പിക്കുന്നത്
D Movies
മാസ് സിനിമകള്‍ക്കിടയില്‍ നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മിപ്പിക്കുന്നത്
സഫീര്‍ അഹമ്മദ്‌
Thursday, 4th February 2021, 6:03 pm

പി.ബാലചന്ദ്രന്‍-രാജീവ് കുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘പവിത്രം’ എന്ന മികച്ച സിനിമ റിലീസായിട്ട് ഇന്നേക്ക് (ഫെബ്രുവരി 4) 27 വര്‍ഷങ്ങള്‍… അതെ, ചേട്ടച്ഛന്റെ സ്‌നേഹവും വാല്‍സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട്, ചേട്ടച്ഛന്‍ പ്രേക്ഷകരുടെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 27 വര്‍ഷങ്ങള്‍…

പവിത്രം, പേര് പോലെ തന്നെ സുന്ദരമാണ്, നിഷ്‌കളങ്കമാണ് ആ സിനിമയിലെ മുഖ്യ കഥാപാത്രമായ ഉണ്ണികൃഷ്ണനും മറ്റു പ്രധാന കഥാപാത്രങ്ങളും. പരസ്പരം സ്‌നേഹം കൊണ്ട് വരിഞ്ഞ് മുറുകപ്പെട്ടവര്‍. സ്വന്തം അമ്മ ഗര്‍ഭണിയാണെന്ന് അറിയുമ്പോള്‍ വളരെയധികം സന്തോഷിക്കുന്ന, അമ്മയെ ശുശ്രുഷിക്കുന്ന, അമ്മയുടെ മരണത്തോട് കൂടി, അച്ഛന്‍ നാട് വിട്ട് പോയതോട് കൂടി കുഞ്ഞനിയത്തിയുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന, കുഞ്ഞനിയത്തിയെ പൊന്ന് പോലെ വളര്‍ത്താന്‍ വേണ്ടി പ്രണയിച്ച പെണ്ണിനെ ഉപേക്ഷിക്കുന്ന, അനിയത്തിക്കുട്ടി വളര്‍ന്നപ്പൊള്‍ തന്നില്‍ നിന്ന് അകലുന്നത് നിസ്സഹായതയോടെ നോക്കി നില്‌ക്കേണ്ടി വന്ന, പണ്ട് പ്രണയിച്ച് ഉപേക്ഷിച്ച പെണ്ണിനെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന, അവസാനം കുഞ്ഞനിയത്തിയെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ മനസിന്റെ സമനില തെറ്റിയ ഉണ്ണികൃഷ്ണന്റെ കഥ അതിമനോഹരമായിട്ടാണ്, ഹൃദയസ്പര്‍ശിയായിട്ടാണ് പി.ബാലചന്ദ്രനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവ് തന്നെയാണ് പവിത്രം എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്‌നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്, എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹന്‍ലാല്‍ പകര്‍ന്നാടിയിരിക്കുന്നത്.

മോഹന്‍ലാലിന് ഒപ്പം തന്നെ പവിത്രത്തിലെ മറ്റു നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു. അതില്‍ എടുത്ത് പറയേണ്ടത് പുഞ്ചിരി ചേച്ചിയെ അവതരിപ്പിച്ച കെ.പി.എ.സി ലളിതയുടെ പ്രകടനമാണ്. അങ്ങേയറ്റം ഭാവശുദ്ധിയോടെയാണ് പുഞ്ചിരി ചേച്ചി എന്ന നിഷ്‌കളങ്കയായ സ്ത്രീയെ കെ.പി.എ.സി ലളിത അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഉള്ള കെ.പി.എ.സി ലളിതയുടെ ഏറ്റവും മികച്ച പ്രകടനവും മുഴുനീള കഥാപാത്രവും പവിത്രത്തിലേതായിരിക്കാം.

മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയ പ്രകടനം കണ്ട് മനസ് നിറയണമെങ്കില്‍, തെല്ല് നൊമ്പരത്തോടെ കണ്ണ് നിറയണമെങ്കില്‍, സ്‌നേഹിക്കാന്‍, സ്‌നേഹിക്കപ്പെടാന്‍ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് ഒരിക്കല്‍ കൂടി മനസിലാകണമെങ്കില്‍ പവിത്രം ഇടയ്ക്കിടെ ഒന്ന് കണ്ടാല്‍ മതി.

താളവട്ടം, പാദമുദ്ര, കിരീടം, ദശരഥം, വരവേല്‍പ്പ്, ഭരതം, സദയം, ചെങ്കോല്‍, ഇരുവര്‍, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ അതിസുന്ദരമായ മോഹന്‍ലാല്‍ പെര്‍ഫോമന്‍സുകളുടെ ഒപ്പം തന്നെ ചേര്‍ത്ത് വെയ്ക്കാവുന്ന പെര്‍ഫോമന്‍സ് തന്നെയാണ് പവിത്രത്തിലേതും.

പവിത്രത്തില്‍ ഒരു രംഗമുണ്ട്, മീനാക്ഷി എക്‌സ്‌കര്‍ഷന് പോകാന്‍ ചേട്ടച്ഛനോട് സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടാതെ പിണങ്ങി പോകുന്നതും, അതിന് ശേഷം മീനാക്ഷിയുടെ തലയില്‍ എണ്ണ പുരട്ടാനായി ചേട്ടച്ഛന്‍ വന്ന് മീനാക്ഷിയുടെ പിറകില്‍ ഇരിക്കുന്നതുമായ രംഗം.

‘അച്ഛനൊരു പഴഞ്ചന്‍ മട്ടുക്കാരനല്ലയൊ, ഈ എകസ്‌കര്‍ഷന്റെയും കുന്തത്തിന്റെയും കാര്യം പറഞ്ഞാല്‍ അവിടെ പിടിക്കത്തില്ല, അപ്പൊ വായില്‍ തോന്നിയതൊക്കെ പറയും’ എന്നും പറഞ്ഞ് പാത്രത്തില്‍ നിന്നും കൈകളിലേയ്ക്ക് എണ്ണ പകര്‍ത്തി മീനാക്ഷിയുടെ മുടിയിഴകളില്‍ എണ്ണ മെല്ലെ തേയ്ക്കുമ്പോള്‍ അവള്‍ നീരസം പ്രകടിപ്പിക്കുന്നതും അപ്പൊള്‍ ‘ഈ എണ്ണ പുരട്ടി തരുന്നത് അച്ഛനല്ല, ചേട്ടനാ’ എന്ന് ചേട്ടച്ഛന്‍ പറഞ്ഞിട്ടും പിണക്കം മാറാതെ, എണ്ണ പുരട്ടാന്‍ സമ്മതിക്കാതെ ഇരിക്കുന്ന മീനാക്ഷിയോട് വീണ്ടും ‘അച്ഛന്‍ അറിയാതെ നിന്നെ ഞാന്‍ എല്ലായിടവും കൊണ്ട് പോയി കാണിച്ച് തരാം’ എന്ന് പറഞ്ഞ് മീനാക്ഷിയുടെ തലയില്‍ കൈ വെച്ച് സത്യം ചെയ്ത് പതിയെ മുടിയില്‍ എണ്ണ പുരട്ടുന്നതും ചേട്ടത്തിയുടെ കാര്യം പറയുമ്പോള്‍ വീണ്ടും മീനാക്ഷിയോട് ദേഷ്യപ്പെട്ടിട്ട് ഉടനെ ‘അച്ഛന്‍’ എന്ന് ചേട്ടച്ഛന്‍ പറയുന്ന രംഗം.

ഈ രംഗത്തില്‍ സംഭാഷണങ്ങളോടൊപ്പം തന്നെ വളരെ സ്വഭാവികമായ ഒഴുക്കോടെയാണ് മോഹന്‍ലാലിന്റെ കൈകള്‍ ചലിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനോളം ഇത്രമേല്‍ അനായാസമായി അഭിനയിക്കാന്‍ അറിയാവുന്ന വേറെ ഒരു നടനുമില്ല എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയാവുന്ന രംഗം. ഒരു രംഗം പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ മുഖഭാവങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും ഒപ്പം തന്നെ നടീനടന്മാരുടെ ശരീരഭാഷയ്ക്കും ഒരു മുഖ്യ പങ്ക് ഉണ്ട്, അതില്‍ മോഹന്‍ലാല്‍ എന്ന നടന് ഒരു പ്രത്യേക വൈഭവം ഉണ്ട്, ആ ശൈലിക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുമാണ്.

പവിത്രം എന്ന സിനിമ ഒരുപാട് രസകരമായ, വൈകാരികമായ, ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കഥയുടെ മുക്കാല്‍ ഭാഗവും നടക്കുന്ന ആ പഴയ വലിയ വീടും പശ്ചാത്തലവും തന്നെ കണ്ണിന് കുളിര്‍മ നല്കുന്നതാണ്, മനസിന് സന്തോഷം തരുന്നതാണ്.

മുടിയേറ്റ് നടക്കുമ്പോള്‍ മീരയെയും ഉണ്ണിയെയും പുഞ്ചിരി ചേച്ചി കൈ കാട്ടി വിളിക്കുന്ന രംഗം,’നിന്ന് ചിരിക്കാതെ ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്ക്’ എന്ന് ഉണ്ണി മീരയോട് പറയുന്നതോട് കൂടി ആരംഭിക്കുന്ന ‘ശ്രീരാഗമൊ’ എന്ന ഗാനരംഗം, അമ്മയ്ക്ക് ഗര്‍ഭം ആണെന്ന് പുഞ്ചിരി ചേച്ചി ഉണ്ണിയോട് പറയുന്ന രംഗം, കൂടെയുള്ള ഇന്നസെന്റിന്റെ എരുശ്ശേരിയുടെ പ്രകടനം, അമ്മയ്ക്ക് പച്ച മാങ്ങയും കൊണ്ട് ഉണ്ണി ഓടി വരുന്ന രംഗം, വിശേഷം അറിഞ്ഞ് ശ്രീനിവാസന്റെ രാമകൃഷ്ണന്‍ വരുന്ന രംഗം, അതിന് ശേഷം അമ്മയ്ക്ക് പെട്ടിയില്‍ നിന്ന് മരുന്ന് എടുത്ത് കൊടുക്കുന്ന രംഗം,

അമ്മയുടെ വയറ് കാണാന്‍ മീര വരുന്ന രംഗം, തുടര്‍ന്നുള്ള വാലിന്മല്‍ പൂവും ഗാനരംഗം, അമ്മയുടെ പ്രസവത്തിനായി ഉണ്ണി ആശുപത്രിയില്‍ കാത്തിരിക്കുന്നതിനിടയില്‍ അടുത്തിരിക്കുന്ന വൃദ്ധനില്‍ നിന്ന് ബീഡി ചോദിക്കുക്കുമ്പോള്‍ ‘ആ പോയത് ആരാ’ എന്ന് വൃദ്ധന്‍ തിരിച്ച് ചോദിക്കുന്നതും ‘നമ്മുക്ക് വേണ്ടപ്പെട്ട ആളാ’ എന്ന് കള്ളച്ചിരിയോടെ ഉണ്ണി പറയുന്ന രംഗം, കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടയില്‍ ‘ഇങ്ങേരുടെ സ്ഥാനത്താണ് ഞാനെങ്കില്‍ ഈ കുഞ്ഞിനെ റാഞ്ചി കൊണ്ട് പോയാനെ’ എന്ന് ഉണ്ണി രാമുവിനോട് പറയുന്ന രംഗം, കുഞ്ഞിനെ കരച്ചില്‍ നിര്‍ത്താനായി പുഞ്ചിരി ചേച്ചി മുലപ്പാല്‍ കൊടുക്കുന്ന രംഗം, ‘അമ്മ മരിച്ചതില്‍ അച്ഛന് നാണം കെട്ട ഒരു പങ്ക് ഉണ്ട്’ എന്ന് ഉണ്ണി പറയുന്ന രംഗം,

കുഞ്ഞ് അച്ഛന്‍ എന്ന് വിളിക്കുമ്പോള്‍ ‘അച്ഛന്‍ അല്ല, ചേട്ടന്‍’ എന്ന് ഉണ്ണി പറഞ്ഞ് കൊടുക്കുമ്പോള്‍ ‘ചേട്ടച്ഛാ’ എന്ന് വിളിക്കുന്ന രംഗം, ‘നമ്മുടെ കുഞ്ഞിന് ഇടാന്‍ വെച്ചിരുന്ന പേരാണ്’ എന്ന് പറഞ്ഞ് കുഞ്ഞിന് മീനാക്ഷി എന്ന് മീര പേരിടുന്ന രംഗം, മീരയോട് കല്യാണം കഴിക്കാന്‍ സാധ്യമല്ല എന്ന് ഉണ്ണി പറയുന്ന രംഗം, അതിന് ശേഷമുള്ള ‘താളമയഞ്ഞു’ എന്ന ഗാനരംഗം, എക്‌സ്‌കര്‍ഷന് പോകാന്‍ മീനാക്ഷി സമ്മതം ചോദിക്കുമ്പോള്‍ ഉണ്ണി ആദ്യം ദേഷ്യപ്പെടുന്നതും പിന്നീട് ദേഷ്യപ്പെട്ടത് ചേട്ടനല്ല അച്ഛനാണെന്ന് പറയുന്ന രംഗം,

മീനാക്ഷിയുടെ മോഹിനിയാട്ടം അരങ്ങേറ്റം നടക്കുമ്പോള്‍ സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് അത് ചേട്ടച്ഛന്‍ കാണുന്ന രംഗം, ചന്ദനത്തിരി മണപ്പിച്ചിട്ട് സുധീഷിന്റെ ശിവന്‍കുട്ടിയെ എരുശ്ശേരി ആദ്യമായി കള്ള് കുടിപ്പിക്കുന്നതും അത് കഴിഞ്ഞ് ‘എനിക്ക് അമ്മയെ കാണണം’ എന്നും പറഞ്ഞ് ശിവന്‍കുട്ടി കരയുന്ന രംഗം, മീനാക്ഷിയെ ഹോസ്റ്റലില്‍ കൊണ്ടാക്കിയിട്ട് നാളെ വരാമെന്ന് പറയുന്ന രംഗം, തന്നെ വളര്‍ത്തിയത് വല്ല്യട്ടനേയും ചേട്ടത്തിയെയും മോശക്കാരക്കാനും നാട്ടുക്കാരുടെ സിംമ്പതി ചേട്ടച്ഛന് നേടാനുമായിരുന്നു എന്ന് മീനാക്ഷി പറയുമ്പോള്‍ ‘ഇവള്‍ നമ്മുടെ മീനാക്ഷിയല്ല, അവള്‍ എന്നോടിങ്ങനെ പറയത്തില്ല’ എന്ന് ചേട്ടച്ഛന്‍ വേദനയോടെ പറയുന്ന രംഗം,

വല്ല്യട്ടന്റെ വീട്ടില്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷം നടക്കുമ്പോള്‍ ഒരു അപരിചിതനെ പോലെ ചേട്ടച്ഛന്‍ വീടിന്റെ ഗേറ്റിന്റെ മുന്നില്‍ നില്ക്കുന്നതും ‘ഇന്ന് മീനാക്ഷിയുടെ പിറന്നാള്‍ മാത്രമല്ല നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയാണ്’ എന്ന് രാമുവിനോട് പറയുന്ന രംഗം, മീരയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് ഉണ്ണി ക്ഷണിക്കുന്ന രംഗം, ഇത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ പറയാന്‍ നിന്നാല്‍ ക്ലൈമാക്‌സ് വരെയുള്ള രംഗങ്ങള്‍ ഒന്നൊന്നായി പറയേണ്ടി വരും.

ഈ രംഗങ്ങളൊക്കെ പ്രേക്ഷകന്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന രീതിയില്‍ ഹൃദയസ്പര്‍ശിയായിട്ടാണ് പി.ബാലചന്ദ്രനും സന്തോഷ് ശിവനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്. പവിത്രത്തില്‍ അല്പം കല്ലുകടിയായി തോന്നിയത് മീനാക്ഷിയുടെ കോളേജ് കാമ്പസ് രംഗങ്ങളാണ്. മറ്റ് രംഗങ്ങള്‍ക്ക് ഉണ്ടായിരുന്ന വശ്യതയും സ്വാഭാവികതയും കോളേജ് രംഗങ്ങളില്‍ കൊണ്ടുവരാന്‍ സംവിധായകന് കഴിഞ്ഞില്ല, മറിച്ച് അങ്ങേയറ്റം കൃത്രിമത്വവും അതിഭാവുകത്വവും ആ രംഗങ്ങളില്‍ നിറഞ്ഞ് നില്ക്കുകയും ചെയ്തു.

പവിത്രത്തിലെ ഏറ്റവും മികച്ച രംഗം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരും പറയുക മനസിനെ നൊമ്പരപ്പെടുത്തുന്ന ആ മികച്ച ക്ലൈമാക്‌സ് രംഗം തന്നെയായിരിക്കും. എന്നാല്‍ ക്ലൈമാക്‌സിനോളം തന്നെ മികച്ച മറ്റൊരു രംഗത്തെ പറ്റി പരാമര്‍ശിച്ചില്ലെങ്കില്‍ ഈ ലേഖനം ഒരിക്കലും പൂര്‍ണമാകില്ല.

മീനാക്ഷിയെ നഷ്ടപ്പെടുമെന്ന് ആയപ്പോള്‍, തനിച്ച് ആയെന്ന് തോന്നിയപ്പോള്‍, വീണ്ടും മീരയെ തന്റെ ജീവതത്തിലേയ്ക്ക് ക്ഷണിക്കാന്‍ ഉണ്ണി മീരയുടെ വീട്ടില്‍ ചെല്ലുന്ന രംഗം. ‘മീരേ, എന്റെ കൂടെ വരാവൊ, എങ്ങോട്ടെങ്കില്ലും’ എന്ന് ഉണ്ണി ചോദിക്കുമ്പോള്‍ ‘ഉണ്ണിയോടെനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്, സങ്കടം തോന്നിയിട്ടുണ്ട്, എത്രയൊ തവണ ഉണ്ണി എന്നെ വിളിക്കാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടുണ്ടെന്നറിയുമൊ’ എന്ന് മറുപടി പറഞ്ഞ മീര ഉണ്ണിയെ കൊണ്ട് പോകുന്നുത് തളര്‍ന്ന് കിടക്കുന്ന അച്ഛന്റെ അരികിലേയ്ക്കാണ്.

നരേന്ദ്രപ്രസാദിന്റെ കഥാപാത്രത്തെ കാണുമ്പോള്‍, ‘ഈ അച്ഛനെ വിട്ട് ഞാന്‍ എങ്ങനെ കൂടെ വരും’ എന്ന് മീര പറയുമ്പോള്‍ ഉണ്ണി എന്ന കഥാപാത്രത്തിന് മോഹന്‍ലാല്‍ കൊടുത്ത ഭാവങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ‘ഞാന്‍ വന്നില്ലെന്ന് വിചാരിച്ചോളൂ’ എന്ന് ഉണ്ണി പറയുന്ന രംഗം ഇന്നും ഒരു വിങ്ങലോടെയല്ലാതെ കണ്ടിരിക്കാന്‍ ആകില്ല. ഓവര്‍ ആക്റ്റിങ്ങിലേയ്ക്ക് വഴുതി പോകാന്‍ സാധ്യതയുള്ള രംഗം ആയിട്ട് കൂടി ഉണ്ണി എന്ന കഥാപാത്രത്തിന്റെ കുറ്റബോധവും നിരാശയും വേദനയും സങ്കടവും ഒക്കെ ഞൊടിയിടയില്‍ വളരെ നിയന്ത്രണത്തോടെ ഉജ്വലമായിട്ടാണ് മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

കണ്ണുകളിലൂടെ പ്രേക്ഷകരുമായി സംവേദനം നടത്തുന്ന മോഹന്‍ലാല്‍ എന്ന നടന്റെ പ്രതിഭ എത്രത്തോളം ഉയരെയാണ് എന്ന് കാണിച്ച് തരുന്ന മറ്റൊരു രംഗമാണത്. മുഖ്യ നടീനടന്മാരുടെ മികച്ച പ്രകടനത്തിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് പവിത്രത്തിലെ അതി മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും.

1990ന് ശേഷമുള്ള സിനിമ ഗാനങ്ങളില്‍ ഏറ്റവും മികച്ച ഗാനം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരും നിസംശയം പറയുക ‘ശ്രീരാഗമൊ’ എന്ന ഗാനം ആയിരിക്കും. ഒ.എന്‍.വിയുടെ അര്‍ത്ഥസമ്പുഷ്ടമായ വരികളും ശരത്തിന്റെ മാന്ത്രിക സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ മലയാള സിനിമ ഗാനശാഖയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്.

പവിത്രം എന്ന സിനിമയിലെ ഒട്ടനവധി രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കപ്പെട്ട് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കില്‍ അതിന് ശരത്തിന്റെ പശ്ചാത്തല സംഗീതം നല്കിയ പങ്ക് വളരെ വലുതാണ്. ഗാനങ്ങളുടെ ചിത്രീകരണവും അതി മനോഹരമായിട്ടാണ് രാജീവ് കുമാറും സന്തോഷ് ശിവനും കൂടി നിര്‍വ്വഹിച്ചിരിക്കുന്നത്.

1994 ഫെബ്രുവരി 4 ന് അങ്ങാടിപ്പുറം ചിത്രാലയ തിയേറ്ററില്‍ നിന്നും ആദ്യ ദിവസം കണ്ടതാണ് ഞാന്‍ പവിത്രം, പെരിന്തല്‍മണ്ണ പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍. ഒരിറ്റ് കണ്ണീരോടെ, അതിലേറെ നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെയാണ് അന്ന് പവിത്രം കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് മൂന്ന് പ്രാവശ്യം കൂടി പവിത്രം തിയേറ്ററില്‍ നിന്ന് കണ്ടു, കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും.

പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ആ ക്ലൈമാക്‌സ് രംഗം, ആ രംഗത്തിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ വിസ്മയം എന്ന പദത്തിന് മേലെ ഒന്നുണ്ടെങ്കില്‍ അങ്ങനെ വേണം വിശേഷിപ്പിക്കാന്‍, ഒപ്പം കെ.പി.എ.സി ലളിതയുടെയും. ഇവര്‍ രണ്ട് പേരെക്കാള്‍ മികച്ച നടനും നടിയും മലയാള സിനിമയില്‍ വേറെ ഇല്ല എന്ന് പോലും തോന്നി പോകും ആ രംഗത്തില്‍.

ശ്രീവിദ്യ, ശോഭന, തിലകന്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, വിന്ദുജ മേനോന്‍, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സുധീഷ് എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. പവിത്രം ഇത്ര ഹൃദ്യമായതില്‍ സന്തോഷ് ശിവന്റെ ഛായാഗ്രഹണം മുഖ്യ പങ്ക് വഹിച്ചു. സിനിമയുടെ ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങള്‍ ആയിരുന്നിട്ട് കൂടി ഛായാഗ്രഹണ മികവ് കൊണ്ട് കഥ നടക്കുന്ന വീടും പരിസരവുമായിട്ട് പ്രേക്ഷകര്‍ക്ക് ഇഴുകി ചേരാന്‍ സാധിച്ചു, ഗൃഹാതുരുത്വം നല്കുന്നതുമായി.

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ-വിതരണ കമ്പിനിയായിരുന്ന ജൂബിലി പിക്‌ച്ചേര്‍സിന്റെ അവസാന സംരംഭങ്ങളിലൊന്നായിരുന്നു പവിത്രം. 1994 ലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മോഹന്‍ലാലിന് പവിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു. പ്രേക്ഷകരില്‍ നിന്നും വളരെ നല്ല അഭിപ്രായം നേടിയ പവിത്രത്തിന് ബോക്‌സ് ഓഫീസില്‍ ശരാശരിക്ക് മേലെയുള്ള വിജയം മാത്രമേ നേടാനായുള്ളു.

മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പവിത്രത്തിന്റെ വിജയത്തിന് ഒരു തടസമായി എന്ന് വേണമെങ്കില്‍ പറയാം. 27 വര്‍ഷങ്ങള്‍ക്കിപ്പുറം പുതു തലമുറയും പവിത്രത്തെ കുറിച്ച്, മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കില്‍ അത് പി.ബാലന്ദ്രന്റെ തിരക്കഥയുടെ മികവ് കൊണ്ടാണ്, രാജീവ് കുമാറിന്റെ സംവിധാന പാടവം കൊണ്ടാണ്, അതിലുപരി മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ചാരുത കൊണ്ടാണ്.

പവിത്രം പോലെയുള്ള പെര്‍ഫോമന്‍സ് ഓറിയന്റ്റഡ് സിനിമകളില്‍ മോഹന്‍ലാലിനെ കണ്ടിട്ട് വര്‍ഷങ്ങളായി. മോഹന്‍ലാലിലെ താരത്തിനെക്കാള്‍ അദ്ദേഹത്തിലെ മികച്ച നടനെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ള പ്രേക്ഷകര്‍ക്ക് വളരെയധികം നിരാശയും വിഷമവും ഉണ്ട് ഈ കാര്യത്തില്‍. ഒപ്പം എന്ന സിനിമയിലാണ് മോഹന്‍ലാല്‍ എന്ന ആ മികച്ച നടനെ ചെറിയ തോതിലെങ്കിലും അവസാനം കണ്ടത്. ഇതിനര്‍ത്ഥം ഇത്തിരക്കരപ്പക്കിയായും സ്റ്റീഫന്‍ നെടുമ്പള്ളിയായും ഒക്കെ അദ്ദേഹം നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടില്ല എന്നല്ല.

മോഹന്‍ലാല്‍ എന്ന നടനുള്ള പൊട്ടന്‍ഷ്യലിന്റെ 50% പോലും ഇപ്പോഴും ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് സംവിധായകര്‍ തന്നെ അഭിപ്രായപ്പെടുന്നിടത്ത് മാസ് സിനിമകള്‍ക്കിടയില്‍ വല്ലപ്പോഴും അഭിനയ പ്രാധാന്യമുള്ള സിനിമകളും അദ്ദേഹം ചെയ്തിരുവെങ്കില്‍ എന്ന് ആശിച്ച് പോകുകയാണ്. മോഹിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന ആ ലാല്‍ ഭാവങ്ങളുടെ ആറാട്ടിനായി കാത്തിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 25 Years of Pavithram Movie – Safeer Ahamed Writes