നാഗവല്ലി പ്രതികാരദാഹിയേ അല്ല
25yearsofManichithrathazhu
നാഗവല്ലി പ്രതികാരദാഹിയേ അല്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th December 2018, 1:14 pm

മണിചിത്രതാഴ് ഗംഗയുടെയൊ, സണ്ണിയുടെയൊ, നകുലന്റെയൊ സിനിമയെ അല്ലാ… അത് പ്രതികാര ദാഹിയായ നാഗവല്ലിയുടെ കഥയും അല്ല. പിന്നേ,അത് ഏകാകിയായ ഗംഗയുടെയും പ്രണയിച്ച് കൊതിതീരാത്ത നാഗവല്ലിയുടെ കഥയാണ്. ആ വലിയ കൊട്ടാരത്തില്‍ ഒറ്റപ്പെട്ടുപോയ ഗംഗ എന്ന പെണ്‍കുട്ടിക്ക് കൂട്ടിന് നൃത്തവും പാട്ടും കാമുകനെയും സമ്മാനിച്ച നാഗവല്ലി എന്ന ഉദാരമതിയുടെ കഥയാണത്.

നാഗവല്ലി എന്ന തമിഴ്ത്തിയും, രാമനാഥന്‍ എന്ന നര്‍ത്തകനും തമ്മില്‍ വേര്‍പ്പെട്ടുപോയ അവരുടെ അപൂര്‍ണ്ണ പ്രണയത്തെ ചൊല്ലി ദുഃഖിതരായ എല്ലാ പ്രേക്ഷകരുടെയും പ്രതീകമായാണ് ഗംഗ നിലനില്‍ക്കുന്നത്. ഒപ്പം തന്റെ തീരാ ഒറ്റപ്പെടലിന്റെ വ്യഥയുമാണ് ഗംഗക്ക് കൂട്ട്.

ബാല്യത്തിലെ അരക്ഷിതത്വത്തില്‍, ഗംഗ സ്വയം രൂപീകരിച്ച കൂട്ടില്‍ നിന്നും വേര്‍പ്പെടുന്ന സൈക്കിക്കിന്റെ ഭാഗമല്ല ഗംഗയുടെ നാഗവല്ലി എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ഒരു ഫാക്ടറില്‍ നിന്ന് അല്ല നാഗവല്ലി ജനിക്കുന്നതും.

ഏകാന്തയുടെ കൂട്ടുകാരിയായ ഗംഗ ആര്‍ക്കിയോളജി പഠിച്ച ഒരു നല്ല വായനക്കാരിയാണ്. പുസ്തക പ്രേമിയായ ഗംഗക്ക് പക്ഷെ അതിനെക്കാള്‍ മനസ്സ് നിറയുന്ന പ്രണയമാണ് ആവശ്യം. അതാവട്ടെ ഭര്‍ത്താവില്‍ നിന്ന് പോലും കിട്ടുന്നെയില്ല. വിവാഹനന്തരം നകുലനോടൊത്ത് കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുമ്പോഴും ഗംഗ ഒറ്റയ്ക്കാണ്. നകുലന്‍ തന്റെ തീസിസ് തിരക്കുകളിലാണ്, രാത്രിപോലും ഗംഗയെ ഗൗനിക്കാന്‍ നകുലന്‍ ഒരുക്കമല്ല. ഒരര്‍ത്ഥത്തില്‍ നകുലന് സണ്ണിയോട് കാണിക്കുന്ന പ്രേമം പോലും ഗംഗയോടൊത്ത് ഇല്ല.

അപ്രതീക്ഷമായി ഗംഗ വായിച്ച പുസ്തകമാണ് കാവൂട്ട്. പി മഹാദേവന്റെ കവിത, ഒരേകാകിയുടെ പ്രതീക്ഷയും പ്രത്യാശയുമാണ്. വരുവാനില്ലാരുമീ വിജനാമാവഴിയില്‍ വഴികണ്ണോടെ നില്‍ക്കുന്ന ഗംഗക്ക് വരവായാല്‍ ഒരു നാളും പിരിയാത്ത വസന്തകാല പ്രതീക്ഷയാവട്ടെ നകുലനല്ല, മറിച്ച് പി മഹാദേവനാണ്. പി മഹാദേവന്റെ വിവാഹ നിശ്ചയം തന്റെ കസിനുമായാണെന്നറിഞ്ഞ ഗംഗ അസൂയാലുവാണ്. മഹാദേവനൊത്ത് ഒരുമിക്കാന്‍ ഗംഗക്ക് പരകായപ്രവേശം നടത്തേണ്ട സുന്ദരിയായ നര്‍ത്തകിയാണ് നാഗവല്ലി. അതിന് നാഗവല്ലിയോളം മനസ്സറിവും സഹായമനസ്‌കതയും മറ്റാര്‍ക്കാണുണ്ടാവുക. അവരാകട്ടെ പണ്ട് രാമനാഥന്‍ എന്ന തന്റെ കാമുകനാല്‍ വേര്‍പ്പെട്ട ഏകാന്ത തടവുകാരിയും.

ശ്രദ്ധിക്കേണ്ട വസ്തുത നകുലന്‍ അയാളുടെ മുറപ്പെണ്ണ് ശ്രീദേവിയോടൊത്തുള്ള ബന്ധത്തില്‍ പോലും ഗംഗക്ക് സ്ത്രീ സഹജമായ കുശുമ്പ് പോലും ഇല്ല. ഗംഗയില്‍ മഹാദേവനേയുള്ളൂ.

അതുകൊണ്ട് തന്നെ മഹാദേവന്റെ വേളിപെണ്ണ് അല്ലിയോടാണ് ഗംഗയുടെ പകയും കുശുമ്പും മൊത്തം. അതുകൊണ്ട് അല്ലിയെ ഭയപ്പെടുത്താനാണ് നാഗവല്ലി നോക്കുന്നത്. എന്നിട്ട് പോലും , ആ നര്‍ത്തകിയോട് അരുമയോടെ ഒരു കരുണ പ്രേക്ഷക നെഞ്ചിലേക്ക് എത്തിക്കാന്‍ ഗംഗക്ക് ആവുന്നു. പശ്ചാത്തലത്തില്‍, “”ഒരുമുറൈ വന്ത് പാറായൊ, വാസലൈ നാടി വാറായൊ”” എന്ന് കേഴുന്ന നാഗവല്ലിയോട് കരുണ തോന്നത്തവരാരുണ്ടാകും.? അകത്തളത്തില്‍ സ്‌നേഹത്തിനായ് യാചിക്കുന്ന നാഗവല്ലിയെ തിരിച്ചറിയുന്ന ഗംഗ , നാഗവല്ലിയോട് കാണിക്കുന്ന സിമ്പതയും എമ്പതിയും പ്രേക്ഷകനും അതേ അളവില്‍ ചേര്‍ത്ത് കൊടുക്കുന്നു.

നാഗവല്ലിയെ ശിരസ്സാ വഹിച്ച ഗംഗക്ക് , നാഗവല്ലിയുടെ പ്രണയ സാക്ഷാത്ക്കാരം തന്നെയാണ് വലുത്. തന്റെ നിതാന്ത സ്‌നേഹരാഹിത്യം കൊണ്ട് ഗംഗക്ക് അത് കൃത്യമായും അറിയുമല്ലൊ… അതിനായി മഹാദേവനെന്ന രാമനാഥനെയും ഗംഗ കണ്ടെത്തി, എന്നാല്‍ രാമനാഥനെ സ്വന്തമാക്കാന്‍ പ്രതികാര ദാഹിയാകുന്ന നാഗവല്ലിയായി പരിണമിക്കേണ്ടി വരുന്നത് നാഗവല്ലിയുടെ ഗതികേട് ആണ്. മഹാദേവനോടൊത്തുള്ള അല്ലിയുടെ കല്യാണം മുടക്കാനെ നാഗവല്ലി ശ്രമിക്കുന്നൊള്ളു. അത് നടക്കാതെ വരുന്നതിലും തന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിലുമാണ് നാഗവല്ലിയുടെ വയലന്‍സ്. ഗംഗ തന്നെ മഹാദേവനോട് നടപ്പാക്കുന്ന റേപ്പ് അറ്റംപ്റ്റ് പോലും താന്‍ മോശക്കാരിയായെങ്കിലും , മഹാദേവനും അല്ലിയും വേര്‍പ്പെട്ട് പോകണം. അത്രയൊള്ളു നാഗവല്ലിക്ക്. അത്ര നിഷ്‌കളങ്കവും പാവവുമാണ് നമ്മുടെ നാഗവല്ലി.

ശ്രദ്ധിച്ചു നോക്കു, പൂട്ടിയിട്ട തെക്കിനിയുടെ ചാവി ഉണ്ടാക്കി തന്നെ സ്വതന്ത്രമാക്കാനാണെന്ന് തിരിച്ചറിയുന്നതോടെ നാഗവല്ലി , ചാവി ഉണ്ടാക്കിയ കൊല്ലന് കൊടുത്ത വ്യാധി മറ്റാര്‍ക്കും നല്‍കുന്നില്ല. തന്റെ സംഗീതത്തിനും ഏകാന്തതക്കും മനപൂര്‍വ്വം തടസ്സം സൃഷ്ടിക്കുന്നത് ആരാണെന്ന് നാഗവല്ലിയുടെ അബോധ ചിന്തയില്‍ പോലും ഉറങ്ങി കിടക്കുന്നില്ല. അതുകൊണ്ട് ആണ് കതക് മുട്ടി തന്റെ ശോകാര്‍ദ്ര ഗാനത്തിനെ തടസ്സപെടുത്തുമ്പൊ നാഗവല്ലി ചോദിക്കണത്, “യാരത് ?” അവര്‍ക്ക് അറിയില്ല ശങ്കരന്‍ തമ്പി എന്ന തന്റെ ആജന്മ ശത്രുവിനെ, അവിടെ നാഗവല്ലിയെ കുടുക്കാന്‍ ശങ്കരന്‍ തമ്പിയായി സ്വയം സണ്ണി അവരോധിക്കുകയാണ്. അല്ലെങ്കില്‍ തന്നെ നാഗവല്ലിക്ക് ശങ്കരന്‍ തമ്പിയോട് പ്രതികാര ദാഹമില്ല. തന്നെ തടവിലാക്കപ്പെട്ട തടസ്സം പ്രണയിനിയായ നാഗവല്ലി നകുലനില്‍ തിരിച്ചറിയുന്നത്, നാഗവല്ലിയെ മറ്റെവിടേക്കും വിടാന്‍ ഒരുക്കമല്ലെന്ന ഒരു ആജ്ഞാന പുരുഷാധിപത്യം നകുലനില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. അതേ അല്ലിക്ക് ആഭരണം എടുക്കാന്‍ സമ്മതം നല്‍കാത്ത ആ നിമിഷമം മാത്രമാണ് നാഗവല്ലി തിരിച്ചറിയുന്നത്.

മുന്‍കാല കഥയില്‍ ആദ്യം നാഗവല്ലിയെ തട്ടികൊണ്ടുവന്നു കാമുകനില്‍ നിന്ന് വേര്‍പ്പെടുത്തി, സ്വന്തം അന്തപുരത്തില്‍ പാര്‍പ്പിച്ച ശങ്കരന്‍ തമ്പി , അവരെയും രാമനാഥനെയും വധിക്കുകയാണല്ലൊ ചെയ്തത്. എന്നിട്ടും നാഗവല്ലി എന്ന ആ പാവം അതൊക്കെ മറന്നു. വീര്‍പ്പുമുട്ടലോടെ തടവിലാക്കപ്പെട്ട നാഗവല്ലി പ്രതികാര ദാഹിയെ അല്ലാ… തന്റെ ഇംഗിതം നടന്നില്ലേല്‍ ആത്മഹത്യ ചെയ്യാനെ ആ പാവത്തിന് സാധ്യമാകൂ, അതിനുവേണ്ടി അവളുടെ കൂട്ടുകാരിയും ഒറ്റ ദേഹവുമായ ഗംഗയെ കൂട്ടാതിരിക്കുന്നതെങ്ങനെ..?

ഇനിപ്പൊ പ്രതികാര ദാഹിയാണെന്ന് സണ്ണി വരുത്തി തീര്‍ത്തതാണേല്‍ നാഗവല്ലി

ആണേല്‍ ആദ്യം വധിക്കേണ്ടത് ശങ്കരന്‍ തമ്പിയെയ ആവുമല്ലോ. എന്നാല്‍ ശങ്കരന്‍ തമ്പിയെന്ന വ്യാജനെ നകുലനില്‍ കാണുമ്പൊ നാഗവല്ലി തകരുകയാണ്, തളരുകയാണ്. പണ്ട് തനിക്ക് നഷ്ടപ്പെട്ട രാമനാഥനെ വീണ്ടും നഷ്ടപ്പെട്ട് , തന്റെ ഏകാന്തയിലേക്ക് നാഗവല്ലി മടങ്ങുകയാണ്. അതുകൊണ്ട് തന്നെ സിനിമ കഴിഞ്ഞു സണ്ണിയും നകുലനും ഗംഗയും പരിവാരങ്ങളൊക്കെ സന്തോഷത്തോടെ പോകുമ്പോഴും തെക്കിനിയില്‍ നിന്ന് ഒരു നേര്‍ത്ത നൊമ്പരം പോലെ , ഒരു മുറൈ വന്ന് പാറായൊ എന്ന അലയൊലി തേങ്ങലിന്റെ വീണനാദം പ്രേക്ഷന്റെ നെഞ്ചിലേക്ക് വീഴുത്തി തന്റെ ഇരുട്ടറയില്‍ നമ്മുടെ പാവം നാഗവല്ലി ഒറ്റക്ക് ഇരിക്കുകയാണ്. ദാഹിച്ച് വിവശയായ ഒരു രാമനാഥനെയും സമാന ദുഃഖിതയായ ഒരു ഗംഗയും കാത്ത്. ….നാഗവല്ലി മനോന്മണി, രാമനാഥന്‍ തേടും ബാലെ മാണിക്യ വാസകര്‍ മൊഴികള്‍ നല്‍കി ദേവി, ഇളങ്കോവടികള്‍ ചിലമ്പു നല്‍കി….

മത്സരത്തിലെ മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം