വിജയ് ചിത്രം വാരിസ് റിലീസിന് ഒരുങ്ങുകയാണ്. വിജയ് ആരാധകരൊന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു വിജയ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചത്. തെലുങ്ക് സ്റ്റൈലിനൊപ്പം സ്ഥിരം വിജയ് ചിത്രങ്ങളുടെ ഫോര്‍മുലയില്‍ വന്ന ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും പതിവ് പോലെ വിജയ് ആരാധകര്‍ ഫുള്‍ സപ്പോര്‍ട്ടുമായി രംഗത്തുണ്ടായിരുന്നു.
തമിഴ്‌നാടിനൊപ്പം തന്നെ വിജയ്ക്ക് കേരളത്തിലും വലിയ ആരാധക വൃന്ദം തന്നെയുണ്ട്. കേരളത്തിലെ ആരാധികമാര്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ ആരാധികമാര്‍ക്ക് വേണ്ടി 25 ഫാന്‍സ് ഷോകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസ്ട്രിബ്യൂട്ടറായ എ.ബി. ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിജയ്ക്ക് ആര്‍പ്പ് വിളിക്കുന്ന ആരാധികമാരുടെ വീഡിയോയും ഇതിനൊപ്പം എ.ബി. ജോര്‍ജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ദളപതിയണ്ണന്‍ കീ ജയ്, ദളപതി വിജയ് കീ ജയ്’ എന്നാണ് ആരാധികമാര്‍ ആര്‍പ്പ് വിളിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിന്റെ ട്രെയ്‌ലര്‍ തെലുങ്ക് മോഡല്‍ ഫാമിലി ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കുടുംബ സ്നേഹവും ഹീറോയിസവും മാസും റൊമാന്‍സും ഡാന്‍സുമെല്ലാം ഒത്തുചേരുന്ന ടിപ്പിക്കല്‍ വിജയ് സ്‌റ്റൈലും ട്രെയ്ലറിലുണ്ട്.
വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. എസ്. തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വാരിസ് ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെയാണ് അഭിനയിക്കുന്നത്.
Content Highlight: 25 varisu fan shows only for girls fans in Kerala