അട്ടപ്പാടിയില്‍ നിന്നും ഉന്നതവിദ്യാഭാസം നേടാന്‍ 25 വിദ്യാര്‍ത്ഥികള്‍; നെഹ്റു ഗ്രൂപ്പിന് നന്ദിയറിയിച്ച് നഞ്ചിയമ്മയും ദയാബായിയും
DOOL PLUS
അട്ടപ്പാടിയില്‍ നിന്നും ഉന്നതവിദ്യാഭാസം നേടാന്‍ 25 വിദ്യാര്‍ത്ഥികള്‍; നെഹ്റു ഗ്രൂപ്പിന് നന്ദിയറിയിച്ച് നഞ്ചിയമ്മയും ദയാബായിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th August 2023, 9:08 pm

‘നന്മ നശിച്ചിട്ടില്ല. ആരൊക്കെയോ എവിടെയോക്കൊയോ ചില നന്മകള്‍ ചെയ്യുന്നു എന്നതുകൊണ്ടാണ് ലോകം ഇങ്ങനെ നില്‍ക്കുന്നത്’

അട്ടപ്പാടിയിലെ 25 ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നെഹ്‌റു ഗ്രൂപ്പ് സൗജന്യ പഠനസഹായം പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയുടെ വാക്കുകളാണ് ഇത്.

അട്ടപ്പാടിയില്‍ നിന്ന് 25 ഓളം വിദ്യാര്‍ത്ഥികളുടെ പഠനം നെഹ്റു കോളേജ് ഏറ്റെടുത്തതും അവരുടെ വിദ്യാഭ്യാസത്തിനായി സകല സൗകര്യവും നല്‍കുമെന്ന വിവരം സന്തോഷം നല്‍കുന്നതാണെന്നായിരുന്നു ദയാബായിയുടെ വാക്കുകള്‍.

‘നെഹ്റു കോളേജിനോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. ഇപ്പോഴും നന്മ നശിച്ചിട്ടില്ല. ആരൊക്കെയോ എവിടെയോക്കൊയോ ചില നന്മകള്‍ ചെയ്യുന്നു എന്നതുകൊണ്ടാണ് ലോകം ഇങ്ങനെ നില്‍ക്കുന്നത്. അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കാനുള്ള നെഹ്റു കോളേജിന്റെ പരിശ്രമത്തിന് എല്ലാ ആശംസയും നേരുന്നു,’ ദയാബായ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു അവസരം നല്‍കിയ നെഹ്റു ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണ് ഗായികയും ദേശീയ പുരസ്‌കാര ജേതാവു കൂടിയായ നഞ്ചിയമ്മ. അട്ടപ്പാടിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി നെഹ്റു കോളേജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെല്ലാം മിടുക്കരായി പഠിച്ച് വളര്‍ന്നുവരണമെന്നായിരുന്നു അട്ടപ്പാടി പ്രദേശവാസികൂടിയായ നഞ്ചിയമ്മയുടെ വാക്കുകള്‍.

‘നെഹ്റു കോളേജിലേക്ക് അട്ടപ്പാടിയിലെ കുട്ടികള്‍ പഠിക്കാന്‍ പോകുകയാണ്. അവര്‍ നല്ല പോല പഠിച്ച് മിടുക്കരായി വരണം. അധ്യാപകര്‍ പറയുന്നത് അനുസരിച്ച് ആ 25 പേരും നല്ല വിദ്യാഭ്യാസം നേടി അട്ടപ്പാടിയിലേക്ക് തിരിച്ചുവരണം. നെഹ്റു കോളേജിനും അവിടുത്തെ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ നന്നായി പഠിച്ച് മുന്നോട്ടുവരണമെന്നതാണ് എന്റെ ആഗ്രഹം,’ നഞ്ചിയമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നെഹ്‌റു ഗ്രൂപ്പ് സൗജന്യ പഠനസഹായം പ്രഖ്യാപിച്ചത്. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍നിന്ന് തിരഞ്ഞെടുത്ത 25 വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങിയത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ വിവിധ കലാലയങ്ങളിലെ വിവിധ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരമാണ് ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

 

 

നെഹ്‌റു ഗ്രൂപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും അതിന്റെ ആദ്യഘട്ടമാണ് സൗജന്യ പഠനമെന്നും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനും, മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ. പി. കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

സാമൂഹികവും, സാമ്പത്തികവുമായി പിന്നാക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തരനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ഇതിലൂടെ നെഹ്‌റു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്.

നെഹ്‌റു ഗ്രൂപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് വിദ്യാഭ്യാസം നല്‍കുന്നത്. നെഹ്‌റു ഗ്രൂപ്പിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം മുതല്‍ ഹോസ്റ്റല്‍ ഫീസുവരെ സൗജന്യമാണ്.

ഒറ്റപ്പാലം സബ് കളക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മലശ്രീയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ സാദിഖ് അലി, പ്രൊഫസര്‍മാരായ പ്രജീഷ് രാജ്, ജിതിന്‍ മോഹന്‍ദാസ്, റജിമോന്‍, ആശിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.

വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച്, നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളേജുകളില്‍ പഠനത്തിന് സൗകര്യമൊരുക്കും.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെഹ്‌റു കോളേജ് ഓഫ് എഞ്ചിനിയറിങ് പാമ്പാടി തൃശൂര്‍, പാലക്കാട് ലക്കിടിയിലുള്ള ജവഹര്‍ലാല്‍ എഞ്ചിനിയറിങ് കോളേജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഇഷ്ട കോഴ്‌സിന് അവസരം നേടാം.

തങ്ങള്‍ക്ക് സൗജന്യ പഠനത്തിന് അവസരം നല്‍കിയ നെഹ്‌റു ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനായി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ലക്കിടിയിലും പാമ്പാടിയിലുമുള്ള നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കളക്ടറുമായ ഡി. ധര്‍മലശ്രീ, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ അഡ്വ. ഡോ. പി. കൃഷ്ണദാസ്, സി.ഇ.ഒ.യും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സ്വീകരിച്ചത്.

നേരത്തെ നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാമ്പാടി സെന്ററിലെ ഓട്ടോ ഡ്രൈവര്മാര്‍ക്കായി വെയ്റ്റിങ് ഷെഡും നിര്‍മിച്ചു നല്‍കിയിരുന്നു.

ഇതിന് പുറമെ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവില്വാമല ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

നെഹ്റു കോളേജ് ഓഫ് എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി, ജവഹര്‍ലാല്‍ എന്‍ജിനീയറിങ് കോളേജില്‍ വെച്ച് 2021- 22 വര്‍ഷത്തെ ‘പി.കെ. ദാസ് കര്‍ഷകരത്ന’ പുരസ്‌കാര വിതരണവുംം നടന്നിരുന്നു.

ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍ ആയ ശ്രീ പി.കെ. ദാസ് അവര്‍കളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പത്മശ്രീ ചെറുവയല്‍ രാമനാണ് വിതരണം ചെയ്തത്. പാലക്കാട് മലപ്പുറം തൃശൂര്‍ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്ത മികച്ച കര്‍ഷകരെയാണ് ആദരിച്ചത്.

‘ഭക്ഷ്യസുരക്ഷ: ഭാവി ഇന്ത്യയില്‍ കൃഷിയുടെ പങ്ക്’എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു.

1968 ല്‍ സ്ഥാപിതമായ നെഹ്റു ഗ്രൂപ്പിന് കേരളത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലുമായി ഇരുപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

 

 

Content highlight: 25 students to pursue higher education from Attapadi; Nanjiamma and Dayabai thanked the Nehru Group