| Friday, 4th May 2012, 9:59 am

ഇന്ത്യയില്‍ ഭൂഗര്‍ഭ ജലത്തിലും വിഷം; പഠന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം നമുക്ക് അത്യാവശ്യമാണ്. കിണറുകളില്‍ നിന്നും പൈപ്പുകളില്‍ നിന്നും പണം കൊടുത്തുവാങ്ങിയും നമ്മള്‍ ഉപയോഗിക്കുന്ന വെള്ളം പരിശുദ്ധമാണെന്നാണ് മിക്കയാളുകളുടെയും വിശ്വാസം. ഈ ജലത്തില്‍ വിഷവസ്തുക്കള്‍ ഉണ്ടോയെന്ന് നമ്മള്‍ ആലോചിക്കുകപോലും ചെയ്യാറില്ല. എന്നാല്‍ ദിവസം പലതവണയായി നമ്മള്‍ അകത്താക്കുന്നതില്‍ മിക്കതും വിഷവസ്തുക്കള്‍ കലര്‍ന്ന വെള്ളമാണെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലം വിഷമയമാണ്. ഇവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവ് വിഷമയമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വന്‍തോതില്‍ ഫ്‌ളൂറോയ്ഡ്, നൈട്രേറ്റുകള്‍, ലെഡ് പോലുള്ള ലോഹങ്ങള്‍  ഇവിടങ്ങളിലെ ജലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ജലവിഭവവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.

” വന്‍തോതിലുള്ള കീടനാശിനി പ്രയോഗവും, മാലിന്യങ്ങള്‍ നശിപ്പിക്കാതെ കുമിഞ്ഞ് കൂടുന്നതുമാണ് ജലം ഇത്തരത്തില്‍ മലിനമാകാന്‍ കാരണം. ലോഹങ്ങളുടെ അളവ് ജലത്തില്‍ വര്‍ധിച്ചാല്‍ വൃക്കകള്‍, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. ” ടോക്‌സിക് ലിങ്കിന്റെ ഡയറക്ടര്‍ രവി അഗര്‍വാള്‍ പറയുന്നു.

ദല്‍ഹി ജല്‍ ബോര്‍ഡ് പോലുള്ള അതോറിറ്റികള്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നുപോലും ഇത്തരം മാലിന്യങ്ങള്‍ നീക്കംചെയ്യപ്പെടുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. മഹാരാഷ്ട്രയിലെ മിക്കജില്ലകളിലെയും ഭൂഗര്‍ഭജലം വറ്റിപ്പോയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് കാര്‍ഷിക സ്വയം പര്യാപ്തത നേടിക്കൊടുക്കുന്നതിന് കാരണമായ ഹരിത വിപ്ലവം പഞ്ചാബില്‍ വന്‍തോതില്‍ മലിനീകരണത്തിന് കാരണമായി. ഉല്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച കീടനാശിനികളും രാസവളങ്ങളും ഇവിടുത്തെ മണ്ണും ജലവും വിഷമയമാക്കി. കീടനാശിനികളും, കളനാശിനികളും പാടങ്ങളില്‍ തളിക്കുന്ന കര്‍ഷകരില്‍ ജനിതക മാറ്റത്തിന് വരെ ഇവ കാരണമായിട്ടുണ്ടെന്ന് പഞ്ചാബി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഇവിടുത്തെ ജലത്തില്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

വ്യാവസായിക മാലിന്യങ്ങളാണ് കര്‍ണാടകയിലും ആന്ധ്രയിലും ജലമലിനീകരണത്തിനിടയാക്കിയത്. ” വ്യവാസായിക മാലിന്യങ്ങള്‍ മണ്ണിലും ജലത്തിലും തള്ളുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ആരും ഒന്നും ചെയ്യാത്തതിനാല്‍ ഇത് വീണ്ടും തുടരുന്നു. ” കര്‍ണാടകയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് പാര്‍ലമെന്റിന് യാതൊരു ധാരണയുമില്ല.

Malayalam News

Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more