ആലപ്പുഴ: മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് ആലപ്പുഴയില്‍ മാത്രം പത്ത് ഭക്ഷണ ശാലകള്‍ തുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ മണ്ണഞ്ചേരിക്കടുത്ത് ആരംഭിച്ച ഭക്ഷണ ശാലയെ പരിചയപ്പെടുത്തികൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു മന്ത്രി.
ഓണത്തിന് മുമ്പ് 25 രൂപയ്ക്ക് ഊണ്‍ ലഭിക്കുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കുമെന്ന് ധനമന്ത്രി നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഭക്ഷണം കഴിക്കാന്‍ കാശില്ലെങ്കില്‍ കടയില്‍ തൂക്കിയിട്ടിരിക്കുന്ന സ്‌പോണ്‍സേര്‍ഡ് കൂപ്പണ്‍ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ധാരാളം പേര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കൂപ്പണുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി കിട്ടുന്നതാണ്. ഞാന്‍ അവിടെ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ തന്നെ 5000 രൂപയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ചു. ഇടത്തരക്കാര്‍ മാത്രമല്ല വളരെ സാധാരണക്കാരും ‘ഷെയര്‍ എ മീല്‍’ സ്‌പോണ്‍സര്‍ ആയി വരുന്നുണ്ട്. ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. ‘നല്ലൊരു കാര്യത്തിനല്ലേ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അല്ലേ’ . ഇങ്ങനെയൊക്കെയാണ് ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്,’ മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ ഉള്ളിലുള്ള കടയില്‍ 36 പേര്‍ക്ക് ഒരേ സമയം സുഖമായിരുന്ന് ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടിയൊന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയര്‍കണ്ടീഷന്‍ ചെയ്യാനും പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓണത്തിന് മുമ്പ് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കും എന്നാണല്ലോ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്ന വര്‍ക്ക് ആലപ്പുഴയിലേക്ക് വരാം. മാര്‍ച്ച് അവസാനിക്കുന്നതിനുമുമ്പ് ഇത്തരത്തിലുള്ള 10 ഭക്ഷണശാലകള്‍ ആണ് ആലപ്പുഴയില്‍ തുറക്കുക. അതില്‍ ആദ്യത്തേത് മണ്ണഞ്ചേരിയിലേതാണ്.
മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ഉള്ളിലാണ് ആദ്യത്തെ സംരഭം. ഏറ്റവും കണ്ണായ സ്ഥലം. മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു മുറി ഭക്ഷണശാലയില്‍ 36 പേര്‍ക്ക് ഒരേസമയം സുഖമായിരുന്നു ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടി ഒന്നും ഒന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയര്‍ കണ്ടീഷന്‍ ചെയ്യാനും പരിപാടിയുണ്ട്.
ഇത്രയൊക്കെ ചെയ്തു 25 രൂപയ്ക്ക് അ ഉച്ചഭക്ഷണം നല്‍കാന്‍ കഴിയുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മണ്ണഞ്ചേരിയില്‍ നിന്നുള്ള റിയാസും കൂട്ടരും ചിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഒരു പൈസയും വാങ്ങാതെ നാനൂറിലധികം കുടുംബങ്ങള്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം ഇവിടുത്തെ ജനകീയ അടുക്കളയില്‍ നിന്ന് കൊടുത്തു കൊണ്ടിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ അടുക്കളയില്‍ തന്നെ ആയിരിക്കും ഈ ഭക്ഷണശാലക്കുള്ള ഭക്ഷണം പാചകം ചെയ്യുക. അവിടെ നിന്നുള്ള ഭക്ഷണം ആയിരിക്കും ഇവിടെ സെര്‍വ് ചെയ്യുക.
ഇവിടുത്തെ കാര്യങ്ങള്‍ക്കായി ആയി രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് മീന്‍കറിയും ഉണ്ടാവും. ഇവിടെ 25 രൂപയ്ക്ക് ഊണ് നല്‍കുന്നതിനൊപ്പം ഒരു ‘ഷെയര്‍ എ മീല്‍’ കൌണ്ടറും ഉണ്ടാവും. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കാശില്ലെങ്കില്‍ അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരു കൂപ്പണ്‍ എടുക്കാം. ആ കൂപ്പണുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി കിട്ടുന്നതാണ്. ഞാന്‍ അവിടെ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ തന്നെ 5000 രൂപയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ചു.
ഇടത്തരക്കാര്‍ മാത്രമല്ല വളരെ സാധാരണക്കാരും ‘ഷെയര്‍ എ മീല്‍’ സ്‌പോണ്‍സര്‍ ആയി വരുന്നുണ്ട്. ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. ‘നല്ലൊരു കാര്യത്തിനല്ലേ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അല്ലേ’. ഇങ്ങനെയൊക്കെയാണ് ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്. ഈ ഭക്ഷണശാലയില്‍ സ്‌പെഷ്യല്‍ ഉണ്ടാവും പക്ഷേ അതിന് 30 രൂപ അധികം കൊടുക്കണം. കക്ക റോസ്റ്റും മീന്‍ വറുത്തതും ബീഫ് ഫ്രൈയും ഒക്കെ സ്‌പെഷ്യലായി ഊണിനൊപ്പം നല്കും.
വലിയൊരു സംഘം ആളുകള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്നോടൊപ്പം കൗണ്ടറില്‍ ഇരിക്കുന്ന ആളുകളെ ഒന്നു പരിചയപ്പെട്ടോളു. തനുജയും വിജയലക്ഷ്മിയുമാണ് ഇവിടെ ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീന സനല്‍കുമാറും , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജു രതികുമാറും, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ സാജനും സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ധനലക്ഷ്മിയും, ഡോ. ബിന്ദു അനില്‍ ആണ് കൂടെയുള്ള മറ്റൊരാള്‍. അടുത്ത ഒരാഴ്ച വേണമെങ്കില്‍ ഇവിടെ കൗണ്ടറില്‍ ഇരിക്കാനും ഡോക്ടര്‍ തയ്യാറാണ്.
ഇങ്ങനെയുള്ള ഒരു കൂട്ടായ്മയാണ് ആണ് ഈ സംരംഭത്തിന്റെ പിന്നില്‍. ഇതൊക്കെ എവിടെ വേണമെങ്കിലും നടക്കും ഇനി വരുന്ന ഓരോ ആഴ്ചയിലും ഓരോ പുതിയ കടകള്‍ തുറക്കാനാണ് ഞങ്ങളുടെ പരിപാടി.