| Saturday, 1st July 2023, 7:52 am

മഹാരാഷ്ട്രയില്‍ മറിഞ്ഞ ബസിന് തീപിടിച്ച് 25 യാത്രക്കാര്‍ വെന്തുമരിച്ചു; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് വന്‍ അപകടം. പുലര്‍ച്ചെ രണ്ട് മണിയോടെ മറിഞ്ഞ ബസില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് 25 യാത്രക്കാര്‍ വെന്തുമരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് ഇന്ന് പുലര്‍ച്ചെ അപകടം ഉണ്ടായത്.

നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്. അപകടം നടക്കുന്ന സമയത്ത് 33 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

അതില്‍ 25 പേരും തീപ്പൊള്ളലേറ്റാണ് മരിച്ചത്. ഡോറിന്റെ വശത്തേക്ക് ബസ് മറിഞ്ഞതിനാല്‍ യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നും പിന്നീടാണ് തീപിടിച്ചതെന്നും ബുല്‍ദാന പൊലീസ് സുപ്രണ്ട് സുനില്‍ കദസാനെ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘അപകടത്തില്‍ 25 യാത്രക്കാര്‍ ബസിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തിരിച്ചറിയുന്നതിനും ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുമാണ് പ്രഥമ പരിഗണന,’ എസ്.പി പറഞ്ഞു.

ദാരുണ സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: 25 people died in a bus  accident at buldhana and 8 people sustained injuries

We use cookies to give you the best possible experience. Learn more