|

ഫെല്ലോഷിപ്പ് മുടങ്ങിയിട്ട് 25 മാസം; എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഗവേഷകരുടെ സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മാസങ്ങളായിട്ടും ഫെല്ലോഷിപ്പ് ലഭിക്കാതെ വന്നതോടെ അനിശ്ചിതകാല സമരത്തിനിറങ്ങി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍. ഫെല്ലോഷിപ്പ് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നീക്കമുണ്ടാക്കതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്.

ഗവേഷക വിദ്യാര്‍ത്ഥികളുടെ എസ.എഫ്.ഐ സംഘടനായ എ.കെ.ആര്‍.എസ്.എയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പാണ് കഴിഞ്ഞ 25 മാസമായി മുടങ്ങിയിരിക്കുന്നത്.

കുടിശ്ശികയടക്കം ഫെല്ലോഷിപ്പ് നല്‍കണമെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവസാനവര്‍ഷം അഞ്ച് കോടി രൂപയാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പിന് മാത്രമായി സര്‍വകലാശാല വകയിരുത്തിയത്.

ഫെല്ലോഷിപ്പ് ലഭിക്കുന്നതിനായി വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റിനും വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം തവണ കത്ത് നല്‍കിയിട്ടുണ്ട്. സൂചന സമരങ്ങളും നടത്തിയിരുന്നു. എന്നാല്‍ അനുകൂല നിലപാട് ലഭിക്കാതെ വന്നതോടെയാണ് ഗവേഷകര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.

ഫെല്ലോഷിപ്പ് നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ലിസ്റ്റ് ചെയ്യാത്തതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പി.ജി എന്‍ട്രന്‍സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ലൈബ്രറി 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്.

നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടുത്ത ബുധനാഴ്ച (മാര്‍ച്ച് 26) ചേരുന്ന സിന്‍ഡിക്കേറ്റ് പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നുമാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം.

Content Highlight: 25 months after fellowship was suspended; SFI-led strike by researchers at MG University

Latest Stories

Video Stories