| Wednesday, 20th March 2019, 1:00 pm

അരുണാചലില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മന്ത്രിമാരും എം.എല്‍.എമാരുമുള്‍പ്പടെ 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അരുണാചല്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെ 25 നേതാക്കള്‍ ബി.ജെ.പി വിട്ടു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് സിറ്റിങ് എം.എല്‍.എമാര്‍ എന്നിവരുള്‍പ്പെടെയാണ് രാജിവെച്ചത്. ഇവര്‍ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പില്‍സ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചേര്‍ന്നു.

ബി.ജെ.പി ഞായറാഴ്ച 60 അംഗ നിയമസഭയിലേക്ക് 54 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നേതാക്കളുടെ അപ്രതീക്ഷിത നീക്കം നടന്നത്.

Read Also : വെള്ളിയാഴ്ചത്തെ ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീണ്ട; കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും പ്രഖ്യാപനം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിന് മുമ്പായി രണ്ട് പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എന്‍.പി.പി, എസ്.കെ.എം എന്നിവര്‍ സഖ്യം ഉപേക്ഷിച്ച് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്‍.ഡി.എയെ പിന്തുണക്കുന്ന നോര്‍ത്ത് ഈസ്റ്റ് അലയന്‍സിലെ അംഗമായിരുന്ന എന്‍.പി.പി പിന്നീട് സഖ്യം വിടുകയായിരുന്നു. 60 അംഗ നിയമസഭയില്‍ 30-40 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.പി.പിയുടെ തീരുമാനം.

കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബി.ജെ.പി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് രാജിക്ക് ശേഷം ആഭ്യന്തരമന്ത്രി കുമാര്‍ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാര്‍ട്ടി, വ്യക്തികള്‍ പിന്നീടേ വരൂ എന്നു പറഞ്ഞ ബി.ജെ.പി യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിന് വിപരീതമായാണെന്നും മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനെത്തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു ടൂറിസം മന്ത്രി ഗാംലിന്റെ പ്രതികരണം. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കെ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു ബി.ജെ.പി നേതാവ് കിരണ്‍ റിജിജുവിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more