| Thursday, 1st August 2024, 9:39 pm

ഉരുൾപൊട്ടൽ ഭീഷണി; തൃശൂരിലെ അകമലയില്‍ നിന്ന് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: അകമലയില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയുണ്ടെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയതിനെ തുടർന്ന് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വടക്കാഞ്ചേരി നഗരസഭയിലെ പതിനാറാം ഡിവിഷന്‍ ഉള്‍പ്പെടുന്ന മാരാത്തുകുന്ന് അകമലയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിദഗ്ധ സംഘത്തെ അയച്ച് പരിശോധിച്ചത്.

മൈനിങ്ങ് ആന്‍റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഉള്‍പ്പടെയുള്ള ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ഉദ്യോഗസ്ഥരാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്.

മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും നഗരസഭാ ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ ക്യാമ്പില്‍ അകമലയില്‍ നിന്നുള്ളവർക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 297ആയി. 200ലധികം ആളുകളെയാണ് കാണാതായത്. മൂന്നാം ദിന രക്ഷാ പ്രവര്‍ത്തനം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.

സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് ഇന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്ഷാപ്രവർത്തനത്തിന് പല തരത്തിലുള്ള മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമാണം പൂര്‍ത്തിയായി. ദുരന്തത്തിൽ തകർന്നു പോയ മുണ്ടക്കൈ പാലത്തിന് ബദലായാണ് പുതിയ പാലത്തിന്റെ നിർമാണം. പാലം വഴിയുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്.

Content Highlight: 25 families were relocated from akamala in thrissure; landslide

We use cookies to give you the best possible experience. Learn more