ന്യൂദല്‍ഹി: രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി 25 ജില്ലകളില്‍ ഇന്ന് ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ള ജില്ലകളാണിത്. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ നേട്ടമുണ്ടായതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറ് ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
’15 സംസ്ഥാനങ്ങളിലായി 25 ജില്ലകളില്‍ നേരത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍മപദ്ധതി നടപ്പാക്കിയത് ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കിത്തുടങ്ങി. കഴിഞ്ഞ 14 ദിവസത്തിനുശേഷം ഈ ജില്ലകളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാവിയില്‍ പുതിയ കേസുകളൊന്നും ഉണ്ടാകാതിരിക്കാന്‍ നിരന്തരമായ ജാഗ്രത പാലിക്കണം’, ലാവ് അഗര്‍വാള്‍ പറഞ്ഞു.
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഗോവ, കേരളം, മണിപ്പൂര്‍, ജമ്മുകശ്മീര്‍, മിസോറം, മാഹി, പോണ്ടിച്ചേരി, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലെ ജില്ലകളിലാണ് കൊവിഡ് ഭേദമായത്.