ചണ്ഡീഗഢ്: ഹരിയാനയിലെ കുരുക്ഷേത്രയിലെ മതാന ഗ്രാമത്തില്‍ മഴയും കാലിത്തീറ്റയുടെ അഭാവവും കാരണം 25 പശുക്കള്‍ ചത്തു. സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രത്തിലാണ് ഇത്രയേറെ പശുക്കള്‍ മരിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്‍ഷകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വേളയിലാണ് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയ പശുക്കള്‍ ഭക്ഷണംപോലും കിട്ടാതെ ചാവുന്നത്.
തുടര്‍ച്ചയായ മഴ പല തൊഴുത്തുകളിലും വെള്ളംകയറാന്‍ ഇടയാക്കിയിരുന്നു. പശുക്കള്‍ ചളിയില്‍ കുടുങ്ങിപ്പോകുകയും മരിയ്ക്കുകയുമായിരുന്നു. കുറച്ചെണ്ണം പട്ടിണികാരണമാണ് ചത്തത്. ഒട്ടേറെ പശുക്കള്‍ രോഗാവസ്ഥയിലാണെന്നും ഗ്രാമത്തലവനായ കിരണ്‍ ബാല പറയുന്നു.
സ്ഥിതി വിലയിരുത്താന്‍ ഹരിയാന ഗോ സേവാ കമ്മീഷന്‍ ചെയര്‍മാന്‍ ഭാനി ദാസ് മംഗ്ലയും ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും കഴിഞ്ഞയാഴ്ച പശുസംരക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
മതാന ഗോശാലയില്‍ പശുക്കള്‍ ചത്തതിന്റെ ഉത്തരവാദിത്തം വില്ലേജ് പഞ്ചായത്തിനും സംസ്ഥാന മൃഗസംരക്ഷണ ഡിപ്പാര്‍ട്ടുമെന്റിനുമാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാരിന്ദര്‍ പാല്‍ മാലിക് കുറ്റപ്പെടുത്തി.
പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഗോശാലകളില്ലെന്നാണ് ശ്രീകൃഷ്ണ ഗോശാലയുടെ മുന്‍ പ്രസിഡന്റ് അശോക് പപ്‌നേജ പറയുന്നത്.
“നിലവില്‍ അവിടെ 600 പശുക്കളാണുള്ളത്. എന്നാല്‍ അതിനുതക്ക സൗകര്യങ്ങളൊന്നുമില്ല. ഇത്രയേറെ പശുക്കള്‍ക്കുള്ള കാലിത്തീറ്റയോ വെള്ളമോ അവിടെയില്ല.” അദ്ദേഹം വ്യക്തമാക്കി.
2015ല്‍ അധികാരമേറ്റ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ “പുതിയ പശുസംരക്ഷണ നിയമം കൊണ്ടുവന്നിരുന്നു. ബീഫ് കഴിക്കുന്നവര്‍ക്കും പശുക്കളെ അറുക്കുന്നവര്‍ക്കും കഠിനശിക്ഷ നല്‍കുന്നതായിരുന്നു നിയമം.
പശുസംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ മര്‍ദ്ദിച്ചു കൊന്ന് നാലുമാസം കഴിയുന്നതിനു മുമ്പാണ് സര്‍ക്കാറിന്റെ വീഴ്ചകാരണം ഇത്രയേറെ പശുക്കള്‍ മരിച്ചിരിക്കുന്നത്.