|

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം വൈകീട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഉദ്ഘാടനം വൈകീട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

എട്ടു ദിവസം നീളുന്ന ചടങ്ങില്‍ 73 രാജ്യങ്ങളില്‍ നിന്നുമുള്ള 186 ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്. സെര്‍ഹത് കരാസ്‌ളാന്‍ സംവിധാനം ചെയ്ത ‘പാഡ്‌സ് ബൈ സെന്‍സര്‍’ ആണ് ഉദ്ഘാടന ചിത്രം.

രാവിലെ പത്തുമണിയോടുകൂടി പ്രദര്‍ശനം തുടങ്ങും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നടി ശാരദ മുഖ്യാതിഥിയാവും.

14 തീയറ്ററുകളിലായി 15 വിഭാഗങ്ങളായാണ് പ്രദര്‍ശനം നടക്കുക. 10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. 8998 പേര്‍ക്ക് ഒരേ സമയം വിവിധ തീയറ്ററുകളിലായി സിനിമ കാണാം. 3500 പേര്‍ക്ക് ഒരേ സമയം സിനിമ കാണാനാവുന്ന നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശനവേദി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സിനിമ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സിനിമാ പ്രദര്‍ശനത്തിന്റെ തലേദിവസം 12 മണിമുതല്‍ അര്‍ധരാത്രി 12 വരെ റിസര്‍വേഷന്‍ സൗകര്യമുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും എഴുപത് വയസ് കഴിഞ്ഞവര്‍ക്കും വരി നില്‍ക്കാതെ തന്നെ സിനിമ കാണാനുള്ള സൗകര്യമുണ്ടാവും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും ആര്‍. കെ കൃഷ്ണാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാളി ചിത്രങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറിചെയര്‍മാന്‍. മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാതായി മന്ത്രി എ.കെ ബാലന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.