മായാജാലത്തിന്റെ പ്രത്യേകത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഇരിക്കുന്നത്. കാഴ്ചക്കാരനോട് രഹസ്യം വെളിപ്പെടുത്തിയാല്‍ പിന്നെ മായാജാലമില്ല. അത് കൊണ്ട് തന്നെ അവതാരകന്‍ കാഴ്ചക്കാരനോട് സത്യസന്ധത പുലര്‍ത്തേണ്ട കാര്യവുമില്ല. പക്ഷേ കാഴ്ചക്കാരന് വേണമെങ്കില്‍ ശ്രദ്ധിച്ച് നോക്കി രഹസ്യം കണ്ടെത്താന്‍ സാധിക്കും. മായാജാലത്തെ സംബന്ധിച്ചിടത്തോളം ഒരു കാണിയും അങ്ങനെ മായാലോകത്തില്‍ നിന്നും പുറത്ത് വരാന്‍ ശ്രമിക്കാറില്ല. പക്ഷേ, നമുക്ക് ചുറ്റുമായി അനവധി മായാലോകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഇക്കാലത്ത് കാഴ്ചയിലെ ശരിയില്ലായ്മ തിരിച്ചറിഞ്ഞ് പുറത്ത് വരാനുതകുന്ന വിവേകബുദ്ധിക്ക് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്.
“Are you watching closely?”, ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ദി പ്രെസ്റ്റീജ് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ ആല്‍ഫ്രെഡ് ബോര്‍ഡന്റെ സംഭാഷണമാണിത്. സിനിമയില്‍ പലയിടങ്ങളിലും കഥാപാത്രം ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഒരു പക്ഷേ ഇന്നത്തെ സാഹചര്യങ്ങളില്‍ ഓരോ കാഴ്ചക്കാരനും സ്വയം പല വട്ടം ചോദിക്കേണ്ട ഒരു ചോദ്യമാണ് ഇത്.
ചോദ്യം മനസ്സിലായ സ്ഥിതിക്ക് നമുക്ക് ചോദിക്കാനുണ്ടായ സാഹചര്യത്തിലേക്ക് വരാം. സാങ്കേതികവിദ്യയ്ക്ക് വളരെയധികം ജനപ്രീതി സിദ്ധിച്ച രണ്ട് പതിറ്റാണ്ടുകളാണ് കഴിഞ്ഞു പോയത്. അത് കൊണ്ട് തന്നെ ഏതൊരുവനും സ്വന്തം സ്മാര്‍ട്ട്‌ഫോണിലൂടെ വിവരങ്ങളുടെ അതിപ്രവാഹം തന്നെ നേരിടേണ്ടി വരുന്നുണ്ട്. ദിവസേനയെന്നോണം പറയുന്ന കാര്യങ്ങളില്‍ പലതും സത്യമാണോ അല്ലയോ എന്ന് സ്വയം ധാരണ ഇല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നു പോകുന്നത്.
സമൂഹമാധ്യമങ്ങളും ഒടിടിയും ഇതിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളിലും വന്ന ഒരു വാര്‍ത്ത BTS എന്ന ഗായകസംഘത്തിലെ ജിമിനെ പോലെയാകാന്‍ വേണ്ടി പന്ത്രണ്ടിലധികം പ്ലാസ്റ്റിക് സര്‍ജറി നടത്തിയ കനേഡിയന്‍ നടനായ സെയിന്റ് വോണ്‍ കൊളൂചി മരണപ്പെട്ടു എന്നാണ്.
ദക്ഷിണകൊറിയയില്‍ നടക്കുന്ന വംശവെറി കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടതാണ് കൊളൂചിയെ സര്‍ജറി നടത്താന്‍ പ്രേരിപ്പിച്ചത് എന്നൊരു വാക്യവും ആ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അല്‍-ജസീറ, വെറൈറ്റി പോലെയുള്ള മാധ്യമങ്ങളുടെ അന്വേഷണത്തില്‍ ഈ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞു. അത്തരത്തിലൊരു നടനോ, മരണമോ ഉണ്ടായിട്ടില്ല.
നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും തട്ടിക്കൂട്ടിയ വിവരങ്ങളും ഉപയോഗിച്ച് പ്രമുഖമാധ്യമങ്ങളില്‍ ദക്ഷിണകൊറിയയില്‍ വംശീയവിവേചനമുണ്ടെന്ന് എഴുതിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു.
ദക്ഷിണകൊറിയയില്‍ ഇത്രയും തീവ്രമായ വംശീയവിവേചനങ്ങള്‍ ഉണ്ടോ എന്നത് സംശയമുളവാക്കുന്ന ഒന്നാണ്. എന്ത് തന്നെയായാലും ഒരു രാജ്യത്തെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ സിനിമാമേഖല തിരഞ്ഞെടുത്തത് മനപ്പൂര്‍വ്വമാണ്. സാധാരണ ജനങ്ങളില്‍ സിനിമയ്ക്ക് അത്രയധികം സ്വാധീനമുണ്ടെന്ന് കാരണഭൂതര്‍ക്ക് അറിയാം. സാധാരണക്കാരന് ഇത് ഒരു അപകടാവസ്ഥയാണെങ്കിലും ഇതേ സാഹചര്യത്തെ മുതലെടുത്ത് ലാഭം കൊയ്യുന്ന കൂട്ടരും ഇതേ സമൂഹത്തിലുണ്ട്.
പറഞ്ഞു വന്നത് നവസാങ്കേതിക വിദ്യകളുടെ ഇടപെടല്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ചാണ്. കോവിഡാനാന്തര ഭാരതത്തില്‍ പുതിയതായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ വലിയ തോതിലാണ് വര്‍ദ്ധിച്ചത്. അത് കൊണ്ട് തന്നെ “data is the new oil ” എന്ന ആപ്തവാക്യത്തിന്റെ മുഴക്കവും വര്‍ദ്ധിച്ചതായി കാണാം.
നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആരോഗ്യവും അനാരോഗ്യവും ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങളെക്കാള്‍ നന്നായിട്ട് അറിയാവുന്നത് കുത്തകമുതലാളിമാര്‍ക്കാണ് എന്ന് പറയാതെ വയ്യ. ഇത്തരം വിവരങ്ങള്‍ക്ക് രാഷ്ട്രീയം, ആരോഗ്യം, വിപണനം, മുതലായ എല്ലാ മേഖലകളിലും ആവശ്യക്കാരുമുണ്ട്. അത് കൊണ്ടാണല്ലോ ഡൊണാള്‍ഡ് ട്രംപും മറ്റും നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം കേംബ്രിഡ്ജ് അനലിറ്റിക വിഷയത്തില്‍ ഫേസ്ബുക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ഇത്തരക്കാരെല്ലാം ചേര്‍ന്ന് നിങ്ങള്‍ അറിയാതെ നിങ്ങളിലേക്ക് കുത്തിവെക്കുന്ന വിഷത്തിന്റെ കാഠിന്യം വളരെ വലുതാണ്.
എത്രയധികം വീഡിയോ കണ്ടെന്റ് ആണ് കോവിഡാനന്തരം ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. യുട്യൂബിലെ അനവധി ചാനലുകളിലൂടെ ചരിത്രമെന്നും സംസ്‌കാരമെന്നും അവകാശപ്പെട്ട് സംപ്രേക്ഷണം ചെയ്യപ്പെടുന്ന പലതിലും നുണയല്ലാതെ മറ്റൊന്നും ഉള്‍ക്കൊള്ളുന്നില്ല. ഇവയില്‍ ഭൂരിപക്ഷവും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റേതായത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. 2003ല്‍ ഇറങ്ങിയ എല്‍ഫ് എന്ന സിനിമയിലെ സംഭാഷണം ഈ അവസരത്തില്‍ സ്മരിച്ച് പോവുകയാണ്. “You sit on a throne of lies.”
നുണകളാല്‍ നിര്‍മിക്കപ്പെട്ട സിംഹാസനങ്ങളിലാണ് അധികാരം ഇന്ന് കുടികൊള്ളുന്നത്. അത് ഇന്ത്യയില്‍ മാത്രമല്ല, പല പ്രമുഖ രാജ്യങ്ങളിലേയും അവസ്ഥ ഇത് തന്നെയാണ്. ഇന്ത്യയിലെ ജനസംഖ്യയിലെ ചെറിയൊരു വിഭാഗം മാത്രം കാണുന്ന യുട്യൂബ് വീഡിയോകളേക്കാള്‍, എല്ലാവരിലേക്കും എത്തുന്ന, എല്ലാവരിലും സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു കലാമേഖലയാണ് ഇത്തരക്കാര്‍ക്ക് ആവശ്യം. അത് കൊണ്ട് തന്നെയാണ് ഈ സമൂഹത്തില്‍ സിനിമ എന്നത് ശക്തമായ ഒരു ആയുധമായി തീരുന്നതും.
എല്ലാ കാലത്തും എല്ലാ രാഷ്ട്രീയവിഭാഗത്തിനും അനുകൂലമായും പ്രതികൂലമായും സംസാരിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ-വലതുപക്ഷരാഷ്ട്രീയ സിനിമകളും, തീവ്രചിന്താഗതി പേറുന്ന സിനിമകളും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും ഇന്ന് ക്ലാസ്സിക്കുകളും ആണ്. പക്ഷേ 2014 ന് ശേഷം ഇന്ത്യന്‍ സിനിമാമേഖലയില്‍ നിര്‍മിക്കപ്പെട്ടത് പോലെയുള്ള മൂല്യശോഷണം സംഭവിച്ച പ്രൊപ്പഗണ്ട സിനിമകളുടെ ധാരാളിത്തം അതിന് മുന്‍പുള്ള കാലങ്ങളില്‍ സംഭവിച്ചതായി കാണുന്നില്ല.
ആക്‌സിഡെന്റല്‍ പ്രൈംമിനിസ്റ്റര്‍, ദി താഷ്‌കന്റ് ഫയല്‍സ്, ദി കശ്മീര്‍ ഫയല്‍സ്, മുതലായ സിനിമകള്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് പല തലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതേ സമയത്ത് രാംസേതു പോലെയുള്ള മൃദുപ്രൊപ്പഗണ്ട സിനിമകളെയും കാണാതെ പോകരുത്. ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും ശാസ്ത്രത്തെ തന്നെയും വളച്ചൊടിക്കുന്ന അനവധി സിനിമകളില്‍ ചിലത് മാത്രമാണ് ഇവ.
ഇത്തരം സിനിമകള്‍ ഒന്നും തന്നെ മലയാളത്തില്‍ സംഭവിച്ചിട്ടില്ല എന്നത് മൂഢധാരണയാണ്.
ഭരിക്കുന്നവരുടെ ചരിത്രം തേച്ച് മായ്ക്കാന്‍ വേണ്ടി തയ്പ്പിച്ചെടുത്ത മൃദുപ്രൊപ്പഗണ്ടസിനിമകള്‍ ഇവിടെയുമുണ്ട്. ഇടതുപക്ഷസര്‍ക്കാര്‍ ഭരിച്ച കാലത്ത് നടന്ന ബീമാപ്പള്ളി വെടിവെപ്പ്, മാലിക്ക് എന്ന പേരില്‍ തിരശീലയില്‍ എത്തിയപ്പോള്‍ അങ്ങനെയല്ലാതായി തീര്‍ന്നത് ഒരു അബദ്ധമാണെന്ന് കരുതാന്‍ സാധിക്കില്ല. ചരിത്രം തൊട്ട് തീണ്ടാത്ത ചരിത്രസിനിമയും മലയാളത്തില്‍ സംഭവിച്ചു. ഈ കൂട്ടത്തിലേക്ക് വരുന്ന അവസാനത്തെ സിനിമ മാത്രമാണ് ദി കേരളസ്റ്റോറി. എന്നാല്‍ ഇത് അവസാനത്തെ സിനിമ ആവുന്നുമില്ല. ഇനിയും ഇത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെടും.
കേരളത്തില്‍ നിന്നും 32000 ഹിന്ദുസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തി ഇസ്‌ലാം മതം സ്വീകരിക്കുകയും ഇവരെല്ലാം തന്നെ ഐഎസ്‌ഐഎസ് പോലെയുള്ള തീവ്രവാദസംഘടനകളുടെ പോരാളികളും ലൈംഗിക അടിമകളും മറ്റുമായി തീര്‍ന്നു എന്നാണ് ഈ സിനിമയുടെ കാതല്‍.
ഈ കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞത് രണ്ട് ആളെങ്കിലും കേരളത്തിലെ ഓരോ വാര്‍ഡില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യപ്പെട്ട് തീവ്രവാദ സംഘടനകളിലേക്ക് എത്തിയിട്ടുണ്ടാകണം. അതായത് ഓരോ പഞ്ചായത്തിലും 34 പേര്‍.
അത്തരത്തില്‍ ഒന്ന് നടന്നതായി പറയപ്പെടുന്ന, സര്‍ക്കാറിന്റെയോ മറ്റ് സംഘടനകളുടേയോ രേഖകള്‍ ഒന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ പറഞ്ഞിരിക്കുന്നത് പോലെ 32000 മതപരിവര്‍ത്തനങ്ങളും തീവ്രവാദവത്കരണവും നടന്ന നാട്ടില്‍ അതിനെപറ്റി മാത്രം ഭൂരിഭാഗത്തിനും കേട്ടുകേള്‍വിയില്ല. സിനിമ പറയുന്ന ഫാക്റ്റ്‌സ് എവിടെ നിന്ന് ശേഖരിച്ചു എന്ന് പറയാന്‍ നിര്‍മാതാക്കള്‍ ഇത് വരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധിക്കണം.
ഇത് പോലെ തന്നെയാണ് ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ചെയ്തതും. ഒരു പക്ഷേ ഇതിലും ക്രൂരമായാണ് അവര്‍ ചരിത്രത്തെ വളച്ചൊടിച്ചത്. സര്‍ക്കാര്‍ പറയുന്ന 219 എന്ന മരണക്കണക്കോ, കശ്മീര്‍ പണ്ഡിറ്റ് സംഘര്‍ഷ് സമിതി പറയുന്ന 399 മുതല്‍ 650 വരെ എന്ന കണക്കോ, പനൂന്‍ കശ്മീര്‍ എന്ന സംഘടന നല്കുന്ന 1341 എന്ന കണക്കോ സിനിമയ്ക്ക് സ്വീകാര്യമല്ല.
കൂട്ടപ്പലായനത്തെ കൂട്ടക്കുരുതിയാക്കാനുള്ള തീവ്രശ്രമത്തോടൊപ്പം തന്നെ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് അറുപത് ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ഹോളോകോസ്റ്റിന് സമാനമാണ് എന്ന് കൂടെ ചേര്‍ത്ത് മരണത്തിന്റെ വ്യാപ്തി കാഴ്ചക്കാരുടെയുള്ളില്‍ വലുതാക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. സിനിമയുടെ രാഷ്ട്രീയം വ്യക്തമാകുന്ന ഒരു സന്ദര്‍ഭം 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടന്ന നദിമാര്‍ഗ് കൂട്ടക്കൊല, രാജീവ് ഗാന്ധിയെ പോലെ തോന്നിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് കീഴില്‍ 1990കളുടെ തുടക്കത്തില്‍ നടന്നുവെന്ന് കാണിക്കുമ്പോഴാണ്.
ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കാനും വികലമാക്കാനും ഇവര്‍ക്കുള്ള ധൈര്യമെന്താണെന്ന് ആലോചിച്ച് നോക്കൂ. കശ്മീര്‍ പണ്ഡിറ്റുകളുടെ മരണവും പലായനവും അപലപിക്കേണ്ടുന്ന ഒരു വസ്തുത തന്നെയാണ്. പക്ഷേ, അതിനെ ഇങ്ങനെ വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കുന്നതിനെ എതിര്‍ക്കുക തന്നെ വേണം. എതിരാളിയുടെ പ്രതിച്ഛായ തകര്‍ത്ത് തങ്ങളുടെ ഇടം കണ്ടെത്തുക എന്ന നയം രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.
എതിരാളി സ്ത്രീ ആണെങ്കില്‍ വെടിയാക്കുന്നതും പുരുഷനാണെങ്കില്‍ കളളിനും കഞ്ചാവിനും അടിമയാക്കുന്നതും കേരളത്തിലടക്കം നടന്നു പോരുന്ന ഒരു കീഴ്വഴക്കം തന്നെയാണ്. ഇടത്-വലത് ചേരിതിരിവില്ലാതെ എല്ലാ പ്രമുഖപാര്‍ട്ടികളും ഈ അടവെടുക്കാറുണ്ട്. ഇവിടെ എതിരാളി കേരളം എന്ന സംസ്ഥാനം തന്നെ ആകുമ്പോള്‍ തീവ്രവാദം അല്ലാതെ മറ്റെന്ത് അടവെടുക്കാനാണ്?
കേരളത്തിനെ പാക്കിസ്താനിലേക്ക് കയറ്റി അയക്കാനുള്ള ശ്രമം തുടങ്ങിയിട്ട് നാളു കുറേയായി. അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ വരുന്ന ദി കേരള സ്റ്റോറി എന്ന സിനിമ.
ഇത്തരം സിനിമകള്‍ കാശ് കൊടുത്ത് കാണണോ വേണ്ടയോ, കാണുന്നതിനെ പൂര്‍ണമായും വിശ്വസിക്കണോ വേണ്ടയോ എന്നതും കാഴ്ചക്കാരന്റെ സ്വതന്ത്ര്യമാണ്. സമീപകാലത്ത് തമിഴ്‌നാട്ടില്‍ അതിഥിതൊഴിലാളികള്‍ക്ക് നേരെ ആക്രമണം എന്ന പേരില്‍ യുട്യൂബ് വീഡിയോ വന്നതിന്റെ പുറത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ബീഹാര്‍ നിയമസഭ വരെ ബി.ജെ.പി സ്തംഭിപ്പിച്ചു. അവസാനം ആ വീഡിയോ കളവാണെന്ന് പോലീസ് തെളിയിച്ചതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ അടങ്ങിയത്.
എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇതേ നയത്തിന്റെ ഭാഗമായാണ് യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനുമെതിരേ നിര്‍മാതാക്കളുടെയും മറ്റും സംഘടനകള്‍ പ്രതിഷേധിക്കുന്നത്. യുട്യൂബ് ലോകത്ത് ഇന്റര്‍വ്യു കൊടുക്കാന്‍ മത്സരിക്കുന്ന ആളുകള്‍ എല്ലാം തന്നെ പ്രശ്‌നത്തിന്റെ കേന്ദ്രബിന്ദു സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവരുടെ ലഹരി ഉപയോഗമാണ്.
ലഹരി ഉപയോഗം ഒരിക്കലും അനുകൂലിക്കാവുന്ന ഒന്നല്ല. പക്ഷേ, ജോലിയില്‍ പാലിക്കേണ്ടതായ മര്യാദകള്‍ കാണിക്കുന്നില്ല എന്ന പരാതിക്ക് പിന്നാലെ പോകാതെ, അത്തരമൊരു സംസ്‌കാരവും പ്രൊഫഷണലിസവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നടത്താതെ വ്യക്തിഹത്യ ചെയ്യുന്നതിന് പിന്നിലെ ചേതോവികാരമെന്നത് നിര്‍മ്മാതാക്കളുടെയുള്ളിലെ പഴയ മാടമ്പിത്തരം തന്നെയാണ്. മേല്‍പറഞ്ഞ നടന്മാരുടെ സ്വഭാവഹത്യ നടത്തിയാല്‍ അവരുടെ മാര്‍ക്കറ്റ് ഇടിയുമെന്നും, ജോലി ഇല്ലാതെയാവുമ്പോള്‍ തങ്ങള്‍ കൊടുക്കുന്ന പണത്തില്‍ വന്ന് അഭിനയിച്ചിട്ട് പോകുമെന്നുമുള്ള ധാരണ.
അഭിനേതാക്കളും സംവിധായകരും മറ്റ് സാങ്കേതികപ്രവര്‍ത്തകരും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ധാരണ നിര്‍മ്മാതാക്കള്‍ മാറ്റേണ്ട കാലമായിരിക്കുന്നു.
ജോലി ചെയ്യാനുള്ള ഒരാളുടെ അവകാശമോ അതിനുള്ള സാഹചര്യമോ ഇല്ലാതാക്കുക എന്നത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണ്. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന നടീനടന്മാര്‍ ആദ്യമായല്ല മലയാളസിനിമയില്‍ വരുന്നത്. എന്‍.എല്‍ ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ മദ്യപിച്ച് വന്ന് ഷൂട്ടിങ് മുടക്കിയ പ്രമുഖനടനെ പറ്റിയുള്ള അനുഭവങ്ങള്‍ പറയുന്നുണ്ടായിരുന്നു.
ലഹരി ഉപയോഗം ഇപ്പോള്‍ പ്രശ്‌നമാകാനുള്ള കാരണം പക്ഷേ ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ 75ല്‍ 74 സിനിമകളും തകര്‍ന്നതാണ്. മലയാള സിനിമ ഇന്നും അതിന്റെ സര്‍ഗാത്മകതയും, അഭിനയപരതയും കഥാമൂല്യവും പോലെയുള്ള മൂഢസ്വര്‍ഗ്ഗത്തില്‍ അഭിരമിച്ചിരിക്കുകയാണ്. IMax പോലെയുള്ള സാങ്കേതികവിദ്യകള്‍ കേരളത്തില്‍ വന്നു കഴിഞ്ഞിരിക്കുന്ന കാലത്ത് കാഴ്ചക്കാരനെ തീയറ്ററിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ സിനിമാക്കാര്‍ ഒരുപാട് വിയര്‍ക്കേണ്ടി വരും.
താരങ്ങളുടെ സ്വകാര്യജീവിതമല്ല തീയറ്ററില്‍ കയറാന്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നത്. അനന്യമായ ഭാവനയും കൃത്യമായ executionഉം ഇല്ലാത്ത ഒരു സിനിമയും കാണാന്‍ ആരും തീയറ്ററിലേക്ക് സമീപകാലത്ത് വരാന്‍ സാധ്യതയില്ല. കാരണം, വിലക്കയറ്റം അവന്റെ ജീവിതത്തെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ സിനിമാപ്രവര്‍ത്തകരോട് പറയാന്‍ Wet Hot American Summer എന്ന സിനിമയിലെ ‘“So be prepared, be enthusiastic, and leave your bullshit attitude and baggage at the door. Because, we don’t need it!” ഈ സംഭാഷണശകലമാണ് എനിക്ക് ഓര്‍മ്മ വരുന്നത്.
ചരിത്രത്തെയും സമീപകാലസംഭവവികാസങ്ങളേയും മാറ്റിമറിക്കത്തക്കവണ്ണം സാങ്കേതികവിദ്യ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വളര്‍ന്നു കഴിഞ്ഞ ഈ കാലത്ത് ജീവിക്കുക എന്നത് തന്നെ കഷ്ടപ്പാട് നിറഞ്ഞ ഒന്നായി തീര്‍ന്നിരിക്കുന്നു. ഓരോ കാര്യങ്ങളേയും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ മനുഷ്യനും ഉണ്ട്.
കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറികളും ഇനിയും ഉണ്ടാകും. സെയിന്റ് വോണ്‍ കൊളൂചിയെ പോലെയുളവര്‍ ജനിക്കാതെ മരിക്കും. എതിരാളികളുടെ വ്യക്തിത്വഹത്യകള്‍ ഇനിയും സമൂഹത്തില്‍ നടക്കും.
കൃത്യമായ അവബോധമില്ലാതെ കാര്യങ്ങളെ സമീപിക്കുക എന്നത് സ്വയം ചെയ്യുന്ന ക്രൂരതയായിരിക്കും. അത് കൊണ്ട് തന്നെ നമുക്ക് ചുറ്റും നടക്കുന്ന ഓരോ കാര്യത്തിലും അവബോധം നേടാന്‍ ശ്രമിക്കുക എന്നത് മാറുന്ന കാലത്തില്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിവിധ മാധ്യമങ്ങളിലൂടെ നടക്കുന്ന, ഇനിയും വരാനിരിക്കുന്ന അനേകം പ്രൊപ്പഗണ്ടകളോട് Brokeback Mountain എന്ന സിനിമയില്‍ ഹീത്ത് ലെഡ്ജര്‍ പറഞ്ഞതേ എനിക്കും പറയാന്‍ സാധിക്കൂ.
“I wish I knew how to quit you.”
Content Highlights: There will be more Kashmir files and Kerala stories, Be Careful