'ഈ വര്‍ഷം മാത്രം 40 കുട്ടികളടക്കം 248 ഫലസ്തീന്‍കാരെ കൊലപ്പെടുത്തി, കയ്യേറ്റം ഇസ്രഈല്‍ അവസാനിപ്പിക്കണം'
national news
'ഈ വര്‍ഷം മാത്രം 40 കുട്ടികളടക്കം 248 ഫലസ്തീന്‍കാരെ കൊലപ്പെടുത്തി, കയ്യേറ്റം ഇസ്രഈല്‍ അവസാനിപ്പിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th October 2023, 10:28 pm

ന്യൂദല്‍ഹി: 2023ല്‍ മാത്രം 40 കുട്ടികള്‍ അടക്കം 248 ഫലസ്തീന്‍കാരെ ഇസ്രഈല്‍
കൊലപ്പെടുത്തിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫലസ്തീന്‍ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും എക്‌സിലൂടെ യെച്ചൂരി പറഞ്ഞു.

ഇസ്രഈല്‍- ഹമാസ് ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.

‘ഫലസ്തീനികള്‍ക്കെതിരെ തീവ്ര വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ഇസ്രാഈലി ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരുടെ ജീവന്‍ അപഹരിച്ചു. ഫലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കണം. ഇരു രാജ്യങ്ങളും അംഗീകരിക്കുന്ന യു.എന്‍. പരിഹാരനയം നടപ്പാക്കണം,’ യെച്ചൂരി എക്‌സില്‍ പറഞ്ഞു.

അതേസമയം, ഇരുഭാഗത്തുനിന്നും അക്രമണം തുടരുന്നതിനിടെ ഇസ്രഈലിനെ പിന്തുണച്ച് ഇന്ത്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങളും രംഗത്തെത്തി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് ഇന്ത്യയുള്ളതെന്നും ഇസ്രഈലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.

‘ഇസ്രഈലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രഈലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു,’  മോദി പറഞ്ഞു.